ഇടുക്കി: കോപ്പ അമേരിക്ക സ്വപ്‌ന ഫൈനലിൽ ബ്രസീലിനെതിരായ അർജന്റീനയുടെ വിജയം ആഘോഷമാക്കി മുൻ മന്ത്രിയും എംഎ‍ൽഎയുമായ എം.എം മണി. വീട്ടിലെ കറുത്ത തടിച്ച 21 ഇഞ്ച് സാംസങ് ടിവിയിലാണ് മണിയാശാൻ കോപ്പ ഫൈനൽ കണ്ടത്.

ചിരിച്ചും കമന്റടിച്ചും ആവേശത്തോടെ മത്സരം വീക്ഷിച്ച എം എം മണി ഡീ മരിയയുടെ ഗോൾ നേട്ടം ആഘോഷമാക്കി. പിന്നെ തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബ്രസീലിനെതിരെ കമന്റ്. 'നമ്മളെ അനാവശ്യമായി ചൊറിയാൻ വന്നാ നമ്മളങ്ങ് കേറി മാന്തും, അല്ല പിന്നെ'.

അർജന്റീന ജയിക്കുമെന്ന് മനസ്സ് പറഞ്ഞു. അതുകൊണ്ടാണ് അർജന്റീന ജയിക്കുമെന്ന് താൻ നേരത്തെ പറഞ്ഞതെന്നും ജയിച്ചതിൽ സന്തോഷമെന്നും എം.എം മണി പ്രതികരിച്ചു. ലോകത്ത് മുഴുവൻ ഇന്ന് സന്തോഷമായിരിക്കും. മലപ്പുറത്തായിരിക്കും ഏറ്റവും ആഹ്‌ളാദം. മലപ്പുറംകാർ വലിയ ആവേശഭരിതരാണ്. ബ്രസീൽ തോറ്റു എന്നതുകൊണ്ട് അവരോട് അവഗണന ഒന്നുമില്ല. അവരും നന്നായി കളിച്ചെന്ന് എം.എം മണി കൂട്ടിച്ചേർത്തു.

'ബ്രസീൽ നന്നായി കളിച്ചു. അവർ ഒരു ഗോളിനല്ലേ തോറ്റത്. അവർ കൂടുതൽ കരുത്തോടെ തിരിച്ചുവരാൻ നോക്കുക. അങ്ങനല്ലേ? ഇതൊരു മത്സരവാ. ഇതിനകത്ത് വിദ്വേഷത്തിന്റെ ഒന്നും പ്രശ്‌നമില്ലല്ലോ', ആശാൻ നയപരമായി സംസാരിച്ചു. മെസ്സി ഗോൾ നേടാത്തതിൽ വിഷമമുണ്ടോ എന്ന് ചോദിച്ചപ്പോൾ വ്യക്തിപരമായ പ്രശ്‌നമൊന്നും ഇല്ല ഇക്കാര്യത്തിൽ എന്നായിരുന്നു മറുപടി. ടീം എന്ന നിലയിലേ കാണുന്നുള്ളൂ. ഗോൾ അടിക്കുക എന്നത് കളിക്കളത്തിൽ അപ്പോഴത്തെ സാഹചര്യം പോലെയല്ലേ. ചിലപ്പോൾ ജൂനിയറായ കളിക്കാർ ഗോൾ അടിച്ചെന്ന് വരും. ടീമിനെ നയിച്ചത് മെസ്സിയല്ലേ? ആ ക്രെഡിറ്റ് ഉണ്ടല്ലോയെന്നും എം.എം മണി പറഞ്ഞു.