തിരുവനന്തപുരം: കെഎസ്ഇബി ഭൂമി കൈമാറ്റത്തിൽ ബോർഡ് ആണ് തീരുമാനമെടുത്തതെന്ന് മുന്മന്ത്രി എംഎം മണി. ക്വട്ടേഷൻ നൽകിയാണ് സൊസൈറ്റികൾക്ക് കൊടുത്തത്. എല്ലാം കൊടുത്തത് അനുമതിയോടെയാണെന്നും എംഎം മണി പറഞ്ഞു.

വൈദ്യുതി ബോർഡ് ചെയ്യുന്ന എല്ലാ കാര്യവും മന്ത്രി അറിയേണ്ടതില്ല. പക്ഷെ ഇവിടെ ആരോപിച്ച എല്ലാ കാര്യവും നിയമപരമായാണ് ചെയ്തത്. തന്റെ മരുമകൻ വരുന്നതിന് മുൻപാണ് സൊസൈറ്റിക്ക് കൊടുത്തതെന്നും എംഎം മണി പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെയും ഭരണകാലത്ത് ഭൂമി ബന്ധുക്കൾക്ക് കൊടുത്തിട്ടുണ്ട്. അതെല്ലാം ചെയ്തത് ആര്യാടനും മകനും കൂടിയാണ്. അക്കാര്യത്തിൽ വിജിലൻസ് അന്വേഷണം നടത്താൻ ശുപാർശ ചെയ്തിരുന്നു. അതൊക്കെ വിഡി സതീശൻ ഒന്ന് അന്വേഷിക്കണം. ആവശ്യമായ തെളിവുകൾ നൽകാമെന്നും മണി പറഞ്ഞു.

താൻ ചെയ്യുന്നത് പന്തികേടാണെന്ന് ചെയർമാനും മന്ത്രിക്കും തോന്നിയാൽ പിന്നെ പേടി തോന്നുന്നത് സാധാരണമാണ്. തനിക്ക് എകെജി സെന്ററിൽ എത്താൻ ഒരു സംരക്ഷണവും വേണ്ടെന്ന് തോന്നുന്നത് തന്റെ നീതിബോധത്തിന്റെ അടിസ്ഥാനത്തിലാണ്. തന്റെ കൈ ശുദ്ധമാണ്. ജനങ്ങൾക്ക് വേണ്ടി വൈദ്യുതി ബോർഡിൽ എന്തെല്ലാം ചെയ്യാൻ കഴിയുമോ അതെല്ലാം ചെയ്തിട്ടുണ്ട്. സമ്പൂർണവൈദ്യൂതികരണം നടത്തിയിട്ടുണ്ട്. എല്ലാ സംഘടനയെയും യോജിപ്പിച്ച് പ്രവർത്തിച്ചിരുന്നുവെന്നും മണി പറഞ്ഞു.

ചെയർമാൻ തുടരുമോ എന്ന കാര്യത്തിന് അതെല്ലാം ഭരിക്കുന്നവരോട് ചോദിക്കണമെന്നായിരുന്നു മണിയുടെ മറുപടി.