ഇടുക്കി: ഇടതുപക്ഷത്തിന് തുടർഭരണമുണ്ടായൽ കേരളത്തിന് സർവ്വനാശമെന്ന എകെ ആന്റണിയുടെ പ്രതികരണത്തിന് മറുപടിയുമായി മന്ത്രി എംഎം മണി.ഇടത് സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ കോൺഗ്രസിന്റെ സർവ്വനാശമാണ് ഉണ്ടാവുകയെന്ന് മന്ത്രി എം എം മണി പറഞ്ഞു. കോവിഡ് കാലത്ത് എ കെ ആന്റണി എവിടെ ആയിരുന്നു എന്നും മണി ചോദിച്ചു. കോവിഡ് കാലത്ത് തിരിഞ്ഞുനോക്കാതിരുന്ന ആന്റണി, പാവങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച പിണറായി വിജയന്റെ പാദസേവ ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് വന്ന സമയത്ത് കോൺഗ്രസ് ആയിരുന്നു ഭരിച്ചിരുന്നതെങ്കിൽ ആളുകൾ ചത്ത് ഒടുങ്ങിയേനെ എന്നും അദ്ദേഹം വിമർശിച്ചു. കോൺഗ്രസ് സർക്കാരുകളെ ബിജെപി അട്ടിമറിച്ചപ്പോൾ അനങ്ങാതിരുന്ന ആളാണ് ആന്റണി. അങ്ങനെ ഉള്ള ആന്റണിക്ക് ഇടതു സർക്കാരിനെ വിമർശിക്കാൻ എന്ത് യോഗ്യതയാണ് ഉള്ളതെന്നും എം എം മണി ചോദിച്ചു.

എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരേയും മണി രൂക്ഷമായി വിമർശിച്ചു. കേരളത്തിലെ മൊത്തം നായന്മാരുടെ വിതരണാവകാശം സുകുമാരൻ നായർക്ക് അല്ല. നേതാവായതിനാൽ ചുരുക്കം പേരുമാത്രം അങ്ങേർ പറഞ്ഞാൽ വോട്ട് ചെയ്യുന്നവരുണ്ടാവും. എന്നാൽ എല്ലാവരും കേൾക്കില്ലെന്ന് എം എം മണി കൂട്ടിച്ചേർത്തു.

ഇടതുമുന്നണിക്ക് തുടർഭരണമല്ല, രാഷ്ട്രീയ വനവാസമാണ് നൽകേണ്ടതെന്നാണ് എ കെ ആന്റണി അഭിപ്രായപ്പെട്ടത്. തുടർഭരണമുണ്ടായാൽ കേരളത്തിൽ സർവനാശമായിരിക്കും. അഹങ്കാരവും പിടിവാശിയും ആഡംബരവും ധൂർത്തും അഴിമതിയുമാണ് പിണറായി സർക്കാരിന്റെ മുഖമുദ്രയെന്നും ആന്റണി കുറ്റപ്പെടുത്തിയിരുന്നു.