പട്‌ന: കന്നുകാലി മോഷണം ആരോപിച്ച് ബിഹാറിലെ അരാരിയയിൽ മധ്യവയസ്‌കനെ ആൾക്കൂട്ടം അടിച്ചുകൊന്നു. സുപോൾ സ്വദേശി മുഹമ്മദ് സിദ്ദീഖി എന്ന അമ്പതു വയസുകാരനാണ് കൊല്ലപ്പെട്ടത്. നേപ്പാൾ അതിർത്തി ഗ്രാമമായ ഭവാനിപൂരിൽ കഴിഞ്ഞദിവസാണ് ആൾക്കൂട്ട ആക്രമണം നടന്നത്. ഒരു സംഘം കന്നുകാലികളെ മോഷ്ടിക്കാൻ ശ്രമിക്കുന്നതായി ഗ്രാമീണരിലൊരാൾ നാട്ടുകാരെ അറിയിക്കുകയായിരുന്നു.

പിന്നാലെ നാട്ടുകാരെത്തി സംഘത്തിനു നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. സംഘത്തിലെ ബാക്കിയുള്ളവരെല്ലാം കോടയുടെ മറവിൽ രക്ഷപ്പെട്ടു. ആൾക്കൂട്ടത്തിന്റെ കൈയിലകപ്പെട്ട മുഹമ്മദ് സിദ്ദീഖിയെ വടിയും ഇരുമ്പു ദണ്ഡുകളും ഉപയോഗിച്ച് അടിച്ചുകൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. നൂറോളം പേരുണ്ടായിരുന്നതായും അക്രമികളെ കണ്ടെത്തുന്നതിനായി ഗ്രാമീണരെ ചോദ്യം ചെയ്തു വരികയാണെന്നും ഫുൽഖാ പൊലീസ് സ്റ്റേഷൻ ചുമതല വഹിക്കുന്ന നഗീന കുമാർ അറിയിച്ചു.

2019 ഡിസംബറിൽ അരാരിയ ജില്ലയിലെ സിമർബാനി ഗ്രാമത്തിൽ കന്നുകാലി മോഷണം ആരോപിച്ച് ജനക്കൂട്ടം 53കാരനെ അടിച്ചുകൊന്നിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.