ന്യൂഡൽഹി: പെട്രോൾ വില നൂറു കടന്നതിനും പാചകവാതക വിലയും കുത്തനെ ഉയർന്നതിന് പിന്നാലെ രാജ്യത്തെ ടെലിക്കോം നിരക്കിലും വൻ വർധനവിന് സാധ്യത. രാജ്യത്ത് മൊബൈൽ താരിഫ് നിരക്ക് ടെലികോം കമ്പനികൾ വർധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ താരിഫ് ഉയർത്താതെ രക്ഷയില്ലെന്ന് പ്രമുഖ ടെലികോം കമ്പനിയായ എയർടെൽ ചെയർമാൻ സുനിൽ മിത്തൽ പറഞ്ഞു. താരിഫ് ഉയർത്തുന്ന കാര്യത്തിൽ യാതൊരുവിധ മടിയുമില്ല. എന്നാൽ നിരക്ക് ഉയർത്തുന്നത് സംബന്ധിച്ച് ഏകപക്ഷീയമായ തീരുമാനം എടുക്കില്ലെന്നും എയർടെൽ അറിയിച്ചു.

സമീപഭാവിയിൽ തന്നെ വോയ്സ് നിരക്കും ഡേറ്റ സേവനങ്ങൾക്കുള്ള നിരക്കും ഉയർത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. താരിഫ് വർധിപ്പിക്കുന്നത് ഫോൺവിളിയും ഡേറ്റ ഉപയോഗവും ചെലവേറിയതാക്കും. ടെലികോം മേഖലയിൽ കടുത്ത പ്രതിസന്ധി നേരിടുന്നതായി സുനിൽ മിത്തൽ പറഞ്ഞു. താരിഫ് ഉയർത്തുന്നതിൽ യാതൊരുവിധ ശങ്കയുമില്ല. എന്നാൽ ഏകപക്ഷീയമായി താരിഫ് ഉയർത്തില്ലെന്നും സുനിൽ മിത്തൽ അറിയിച്ചു.

പഴയ താരിഫിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നാണ് എയർടെൽ ആവശ്യപ്പെടുന്നത്. മുതൽമുടക്കിൽ നിന്ന് തിരിച്ചുലഭിക്കുന്നത് തുച്ഛമാണ്. ഭൂരിഭാഗം കമ്പനികളും കഷ്ടപ്പെടുകയാണ്. താരിഫ് ഉയർത്തുന്നത് മോശം കാര്യമായി കാണേണ്ടതില്ല. മുൻപ് ഉണ്ടായ സ്ഥിതിയിലേക്ക് തിരികെ കൊണ്ടുവരണമെന്നാണ് ആവശ്യപ്പെടുന്നത്. അപ്പോഴും ഡേറ്റ ഉപയോഗം ഉപയോക്താവിന് ആസ്വദിക്കാൻ ബുദ്ധിമുട്ട് ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

വരുമാനം കുറഞ്ഞവർ പഴയ പോലെ നൂറ് രൂപ വരെ നൽകേണ്ടി വരുകയുള്ളൂ. മധ്യനിര, ഉയർന്ന പ്ലാനുകളിലാണ് താരിഫ് ഉയരുക. 250 രൂപ മുതൽ 300 രൂപ വരെ കൊടുത്തു കൊണ്ടിരിക്കുന്ന സ്ഥാനത്ത് അത് 350 രൂപ മുതൽ 450 വരെയാകും. എങ്കിലും 15 ജിബി വരെ ഉപയോക്താക്കൾക്ക് സുഗമമായി ഉപയോഗിക്കാൻ തടസം ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.