തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധന വർധിപ്പിക്കാൻ ഏർപ്പെടുത്തിയ കോവിഡ് മൊബൈൽ ആർ ടി പി സി ആർ പരിശോധനാ ലാബുകൾ അടുത്ത മൂന്ന് മാസം കൂടി തുടരും. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനം തുടരുന്നതിനാലും മൂന്നാം തരംഗത്തെ പ്രതിരോധിക്കുക ലക്ഷ്യം വച്ചുമാണ് നടപടി. മാർച്ച് മാസം മുതലാണ് 10 മൊബൈൽ ആർ ടി പി സി ആർ ലാബുകൾ സംവിധാനിച്ചത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മൊബൈൽ ലാബ് പ്രവർത്തിക്കുന്നത്.

ഇതിന് പുറമെ തിരുവനന്തപുരത്ത് എത്തിയ നാല് മൊബൈൽ ആർ ടി പി സി ആർ ലാബുകളുടെ എൻ എ ബി എൽ ഓഡിറ്റ് നടന്ന് വരികയാണ്. ഈ മാസം 15ന് മുമ്പായി ഇവയുടെ പ്രവർത്തനം ആരംഭിക്കും. മന്ത്രി വ്യക്തമാക്കി.

ആർ ടി പി സി ആർ പരിശോധനകൾ നടത്തുന്നതിനായി 26 സർക്കാർ ലാബുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ കോവിഡ് കേസുകൾ വലിയ തോതിൽ വർധിച്ചപ്പോൾ പ്രതിദിന പരിശോധനകളുടെ എണ്ണം ഉയർത്തുക ലക്ഷ്യമിട്ട് മൊബൈൽ ലാബുകൾ സ്ഥാപിക്കുകയായിരുന്നു. കെ എം എസ് സി എൽ ആണ് പദ്ധതിയുടെ നടത്തിപ്പുകാർ.