ന്യൂഡൽഹി: കേരളത്തിലെ സംഘടനാപ്രശ്‌നങ്ങൾ സ്ഥിരം തലവേദനയാകുന്നതിലെ ആശങ്കയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്ത്ര മന്ത്രി അമിത് ഷായും കഴിഞ്ഞദിവസം നടന്ന പാർലമെന്ററി ബോർഡ് യോഗത്തിൽ പങ്കുവച്ചതായാണു വിവരം. കേരളത്തിലെ ബിജെപിയിലെ പ്രശ്‌നങ്ങളെ കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ വിരമിച്ച ഐഎഎസുകാരനായ സിവി ആനന്ദ ബോസിനെ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ നിയോഗിച്ചിരുന്നു. സ്ഥിതി ഗുരുതരമാണെന്ന റിപ്പോർട്ടാണ് സിവി ആനന്ദബോസ് നൽകിയത്. ഈ സാഹചര്യത്തിൽ അതിശക്തമായ ഇടപെടലുകൾ കേരളത്തിൽ ബിജെപി കേന്ദ്ര നേതൃത്വം നൽകും.

ഇലക്ഷൻ കോഴയിൽ വിശദമായ അന്വേഷണം ബിജെപി കേന്ദ്ര നേതൃത്വവും നടത്തും. ഇതിന് വേണ്ടി മൂന്നംഗ സമിതിയേയും നിയോഗിച്ചു. ഇ ശ്രീധരൻ, സിവി ആനന്ദബോസ്, ജേക്കബ് തോമസ് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. ഇവർ വിശദ അന്വേഷണം നടത്തി റിപ്പോർട്ട് നൽകും. അതിന് ശേഷമാകും കേരളത്തിൽ സമഗ്ര ഇടപെടൽ കേന്ദ്ര നേതൃത്വം നടത്തുക. നേതൃത്വം മാറ്റണമെന്ന ആവശ്യത്തിലും കേന്ദ്ര നേതൃത്വത്തിൽ സമ്മർദ്ദമുണ്ട്. ഇതേ കുറിച്ച് റിപ്പോർട്ട് നൽകാൻ സുരേഷ് ഗോപിയോടും ആവശ്യപ്പെട്ടു. അതായത് ഇടപെടലുകൾക്ക് നിയോഗിക്കപ്പെട്ടവരെല്ലാം ഗ്രൂപ്പുകളുടെ ഭാഗമല്ലാത്ത പുതുമുഖങ്ങളാണ്. ഇവരെല്ലാം ബിജെപിയിൽ എത്തിയത് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിന്റെ ഭാഗമാണ്. ബിജെപിക്ക് തീർത്തും പുതിയ മുഖം വരും എന്നതിന്റെ സന്ദേശം കൂടിയാണ് ഇത്.

അമിത് ഷായിൽ നിന്ന് അംഗത്വം സ്വീകരിച്ച വ്യക്തിയാണ് ആനന്ദബോസ്. റെഡ്‌ക്രോസ് കേരളയുടെ ചെയർമാൻ. ആനന്ദബോസിനെയാണ് തോൽവിക്ക് ശേഷം കാര്യങ്ങൾ പഠിക്കാൻ നദ്ദ നിയോഗിച്ചത്. കേരളത്തിലെ പ്രധാന നേതാക്കളുമായി ആശയ വിനിമയം നടത്തി പരാജയത്തിന്റെ കാരണങ്ങളിൽ പ്രാഥമിക റിപ്പോർട്ട് നദ്ദയ്ക്ക് ആനന്ദബോസ് നൽകിയിരുന്നു. ബിജെപി സംസ്ഥാന നേതൃത്വത്തിനുണ്ടായ വീഴ്ചകൾ അതിൽ അക്കമിട്ടു നിരത്തുന്നുണ്ട്. പാലക്കാട്ടും തൃശൂരും നേമത്തും മഞ്ചേശ്വരത്തും തോൽവിക്ക് കാരണം നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് ആനന്ദബോസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഗ്രൂപ്പ് രാഷ്ട്രീയം ബിജെപിയെ കാർന്നു തിന്നുന്നു. പല മുതിർന്ന നേതാക്കൾക്കും അഭിപ്രായം പറയാൻ പോലും കഴിയാത്ത സ്ഥിതി. ആർഎസ്എസ് ഇടപെടലുകളും കേരളത്തിലെ ബിജെപിയെ തളർത്തുന്നുവെന്ന വിലയിരുത്തലാണ് പല പ്രമുഖ നേതാക്കളും ആനന്ദബോസിനോട് പങ്കുവച്ചത്. ഇലക്ഷൻ റിസൾട്ട് വന്നതിന് പിന്നാലെ തന്നെ ആനന്ദബോസ് അന്വേഷണങ്ങൾ തുടങ്ങിയിരുന്നു. ആനന്ദബോസിന്റെ നിരീക്ഷണങ്ങൾ കൂടി പരിഗണിച്ചാണ് ഇ ശ്രീധരനേയും ജേക്കബ് തോമസിനേയും കൂടി ഉൾപ്പെടുത്തിയുള്ള അന്വേഷണത്തിന് ബിജെപി തയ്യാറാകുന്നത്. കേന്ദ്രം നൽകിയ ഫണ്ട് എങ്ങനെ ചെലവഴിച്ചു എന്നതിലാകും അന്വേഷണം.

കേരളത്തിൽ ബിജെപിയെ പ്രതിരോധത്തിലാക്കിയ തിരഞ്ഞെടുപ്പു ഫണ്ട് ഇടപാടിനെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. 2 ദിവസത്തെ ജനറൽ സെക്രട്ടറിമാരുടെ യോഗത്തിനു ശേഷം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ അദ്ദേഹം കേരളത്തിലെ കാര്യങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ചതായാണു വിവരം. കേരളത്തിലെ വിഷയങ്ങൾ പാർട്ടി നിരീക്ഷിക്കുകയാണെന്നു നേതാക്കൾ പ്രധാനമന്ത്രിയെ അറിയിച്ചു. പാർട്ടി ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്തതു പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നാണു വിലയിരുത്തൽ.

ക്രൈസ്തവ സമുദായത്തെ കൂടുതൽ പാർട്ടിയോട് അടുപ്പിക്കാൻ മോദി നിർദ്ദേശിച്ചു. കടുത്ത നിലപാടുകളിൽ പാർട്ടി അയവു വരുത്തി അവരെ ചേർത്തു നിർത്തണമെന്നും മോദി പറഞ്ഞു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു തോൽവിയും യോഗം വിലയിരുത്തി. സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷിന്റെ പൂർണ നിയന്ത്രണത്തിൽ നിന്ന് ദക്ഷിണേന്ത്യയിലെ പ്രവർത്തനങ്ങൾ മാറ്റുമെന്നും സൂചനയുണ്ട്. ബിഎൽ സന്തോഷാണ് കേരളത്തിലെ പ്രശനങ്ങളിലെ പ്രധാന കാരണക്കാരൻ എന്ന വിലയിരുത്തലുമുണ്ട്.