ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലെ അക്രമ സംഭവങ്ങൾ തന്നെ വേദനിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.73-ാമത് മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ചു. അക്രമ സംഭവങ്ങൾ വേദനിപ്പിച്ചെന്നും ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തെ പരാമർശിച്ച് മോദി പറഞ്ഞു.കാർഷിക മേഖലയെ ആധുനികവത്കരിക്കുന്ന കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇനിയും നിരവധി ചുവടുകൾ മുന്നോട്ടുപോകാനുണ്ട്. സർക്കാർ ഇനിയും അത്തരം ശ്രമങ്ങൾ തുടരുമെന്നും മോദി വ്യക്തമാക്കി.

വികസിത രാജ്യങ്ങളേക്കാൾ വേഗത്തിൽ വാക്സിൻ വിതരണം നടത്താൻ ഇന്ത്യയ്ക്ക് സാധിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.30 ലക്ഷം പേർക്ക് 15 ദിവസത്തിനുള്ളിൽ വാക്സിൻ വിതരണം ചെയ്യാൻ സാധിച്ചു. വികസിത രാജ്യങ്ങളായ യുഎസ്, യുകെ എന്നിവയ്ക്ക് ഇത് സാധിക്കുന്നതിന് 18, 36 ദിവസങ്ങൾ വേണ്ടിവന്നതായി മോദി ചൂണ്ടിക്കാട്ടി.മരുന്നുകളുടെയും വാക്സിനുകളുടെയും കാര്യത്തിൽ ഇന്ത്യ സ്വയംപര്യാപ്തമാണ്. മറ്റു രാജ്യങ്ങളെ സാഹായിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ വിതരണം മാത്രമല്ല, ഏറ്റവും വേഗത്തിലുള്ള വാക്സിനേഷൻ കൂടിയാണ് ഇന്ത്യ നടത്തുന്നതെന്നും മോദി അറിയിച്ചു.

ആസ്ത്രേലിയയ്ക്കെതിരെ ഇന്ത്യൻ ക്രിക്കറ്റ് ടീം നേടിയ വിജയവും മോദി മൻ കി ബാത്തിൽ എടുത്തുപറഞ്ഞു. കളിക്കാരുടെ കഠിനാധ്വാനവും ടീം സ്പിരിറ്റും പ്രചോദിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.


വേമ്പനാട് കായലിന്റെ സംരക്ഷകൻ രാജപ്പനെയും മൻകി ബാത്തിൽ പ്രധാനമന്ത്രി അഭിനന്ദിച്ചു.കായലിൽ വലിച്ചെറിയുന്ന കുപ്പി പെറുക്കി ജീവിക്കുന്ന ആളാണ് കോട്ടയം കുമരകം സ്വദേശിയായ രാജപ്പൻ. ജന്മനാ രണ്ട് കാലുകൾക്കും സ്വാധീനമില്ല. മഹാത്തായ ജോലിയാണ് അദ്ദേഹം ചെയ്യുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കുപ്പി വിറ്റാൽ കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് ജീവിതം. രാവിലെ ആറ് മണിയാകുമ്പോൾ രാജപ്പൻ വള്ളവുമായി കായലിൽ ഇറങ്ങും. മിക്കപ്പോഴും രാത്രിയാകും മടങ്ങിയെത്താൻ. കൂടുതലൊന്നും കിട്ടിയില്ലെങ്കിലും അന്നത്തെ ചെലവിനുള്ള ചില്ലറ മാത്രം കിട്ടണമെന്നാണ് ഇദ്ദേഹത്തിന് പറയാനുള്ളത്.ആറ് വർഷമായി രാജപ്പൻ ഈ തൊഴിൽ ചെയ്യാൻ തുടങ്ങിയിട്ട്. പൊളിഞ്ഞു വീഴാറായ വീട്ടിലാണ് രാജപ്പന്റെ താമസം. വീട്ടിൽ വൈദ്യുതിയുമില്ല. മെഴുകുതിരി കത്തിച്ചാണ് രാത്രി തള്ളി നീക്കുന്നത്. എങ്കിലും തന്റെ ജോലിയിൽ രാജപ്പൻ സന്തുഷ്ടനാണ്.