ന്യൂഡൽഗഹി: അതിഗംഭീരമെന്ന അടിക്കുറിപ്പോടെ ഗുജറാത്തിൽ നിന്നുള്ള ഒരു വീഡിയോ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവെച്ചിരിരുന്നു. നൂറുകണക്കിന് കൃഷ്ണമൃഗങ്ങൾ നിരനിരയായി റോഡ് മുറിച്ചുകടന്ന് കുതിക്കുന്ന വിഡിയോയാണ് മോദി പങ്കുവെച്ചത്. ഗുജറാത്തിലെ ഭാവ്‌നഗറിലെ വേലവധാർ ദേശീയോദ്യാനത്തിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. ഈ ദൃശ്യങ്ങൾ 7 കോടി പേർ കണ്ടുകാണണം. കാരണം ട്വിറ്ററിൽ മോദി പുതിയ റെക്കോഡ് ഇട്ടിരിക്കുകയാണ്. ട്വിറ്ററിൽ ഏഴുകോടിപ്പേർ പിന്തുടരുന്ന സജീവ രാഷ്ട്രീയ പ്രവർത്തകനെന്ന നേട്ടം മോദി ബുധനാഴ്ച സ്വന്തമാക്കി. ഏറ്റവും കൂടുതലാളുകൾ പിന്തുടരുന്ന സജീവ രാഷ്ട്രീയനേതാവെന്ന നേട്ടം മോദി നേരത്തെ സ്വന്തമാക്കിയിരുന്നു.

പ്രധാനമന്ത്രി ട്വിറ്ററിൽ വളരെ സജീവമാണ്. ദിവസവും കൃത്യമായ അപ്‌ഡേറ്റുകൾ ഉണ്ടാകും. 2009 ജനുവരിയിലാണ് മോദി ട്വിറ്ററിൽ ജോയിൻ ചെയ്തത്. പുതിയ നേട്ടത്തിൽ നിരവധി മന്ത്രിമാർ പ്രധാനമന്ത്രിയെ അനുമോദിച്ചു.ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ അദ്ദേഹം ട്വിറ്റർ ഉപയോഗിച്ചുവരുന്നു. തൊട്ടടുത്തവർഷം ഒരു ലക്ഷം പേർ അദ്ദേഹത്തെ ഫോളോ ചെയ്തു തുടങ്ങി. 2020 ജൂലായിൽ ആറുകോടി പേർ പിന്തുടരുന്ന ലോകനേതാവെന്ന നേട്ടം അദ്ദേഹം സ്വന്തമാക്കി.

ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് 2.6 കോടിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് 1.9 കോടിയും ട്വിറ്ററിൽ ഫോളോവേഴ്സുണ്ട്.5.3 കോടി ഫോളോവേഴ്സുമായി ഫ്രാൻസിസ് മാർപാപ്പയാണ് മോദിക്കു തൊട്ടുപിന്നിൽ. യു.എസ്. പ്രസിഡന്റ് ജോ ബൈഡന് 3.9 കോടി ഫോളോവേഴ്സാണ് ട്വിറ്ററിലുള്ളത്. മുൻ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് 12.9 കോടിയും ഫോളോവേഴ്സ് ഉണ്ട്. മുൻ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് 8.8 കോടി ഫോളോവേഴ്സ് ഉണ്ടായിരുന്നുവെങ്കിലും കാപിറ്റോൾ കലാപത്തിനുശേഷം അദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ടിനു പൂട്ടുവീണിരിക്കുകയാണ്.

പുതിയ നേട്ടത്തിൽ മോദിയെ അഭിനന്ദിച്ച് ഒട്ടേറെ നേതാക്കൾ രംഗത്തെത്തി. കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ എന്നിവർ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ട്വീറ്റുചെയ്തു.