ന്യൂഡൽഹി: കഴിഞ്ഞ ദിവസം വരെ ചോദ്യം ഇതായിരുന്നു. റോമിൽ 16 ാമത് ജി-20 ഉച്ചകോടിക്ക് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മാർപ്പാപ്പയെ കാണുമോ? ചോദ്യത്തിന് ഔദ്യോഗിക മറുപടി വന്നുകഴിഞ്ഞു. ശനിയാഴ്ച രാവിലെ ഫ്രാൻസിസ് മാർപ്പാപ്പയുമായി മോദി കൂടിക്കാഴ്ച നടത്തും.

വളരെ സുപ്രധാന കൂടിക്കാഴ്ച ആണിതെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശ്രിങ്‌ള വ്യക്തമാക്കിയിട്ടുണ്ട്. ഈ കൂടിക്കാഴ്ചയോടെ മാർപ്പാപ്പയുടെ ഇന്ത്യൻ സന്ദർശനത്തിനും വഴിയൊരുങ്ങും എന്നാണ് സൂചന. 2013 മുതൽ റോമൻ കത്തോലിക്ക സഭയുടെ തലവനാണ് പോപ് ഫ്രാൻസിസ്. 1990 കളിൽ ജോൺപോൾ രണ്ടാമന്റെ കാലത്താണ് ഏറ്റവും ഒടുവിൽ പോപ് ഇന്ത്യയിൽ എത്തിയത്. രാഷ്രീയത്തിന്റെ കണ്ണിലൂടെ നോക്കിയാൽ ബിജെപിക്കും ഇത് ഗുണകരമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. അടുത്ത വർഷമാദ്യം നടക്കുന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ക്രൈസ്തവ സമുദായത്തിന്റെ വിശ്വാസം ആർജ്ജിക്കാൻ, മാർപ്പാപ്പയുമായി ഉള്ള മോദിയുടെ കൂടിക്കാഴ്ച പാർട്ടിയെ സഹായിച്ചേക്കും.

മാർപാപ്പയുമായി മാത്രമല്ല, വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിനുമായും താൻ കൂടിക്കാണുമെന്ന് റോമിലേക്കു യാത്ര പുറപ്പെടും മുൻപ് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കി. കൂടിക്കാഴ്ച ഇന്ത്യയും വത്തിക്കാനും ഒരുപോലെ താൽപര്യത്തോടെ നോക്കി കാണുന്നു.

ശനിയാഴ്ച രാവിലെ 8.30 യ്ക്കാണ് കൂടിക്കാഴ്ചയ്ക്കുള്ള സമയം നിശ്ചയിച്ചിരിക്കുന്നത്. അരമണിക്കൂറാണ് ചർച്ച. ചരിത്രപ്രധാനമായ കൂടിക്കാഴ്ച എന്നാണ് കെസിബിസി ഇതിനെ വിശേഷിപ്പിച്ചത്. വത്തിക്കാനും, കത്തോലിക്ക സഭയുമായി ഇന്ത്യയുടെ ബന്ധം കൂടുതൽ ഊഷ്മളവും, ഊർജ്ജദായകവും ആക്കാൻ ഇത് സഹായിക്കുമെന്ന് കർദ്ദിനാൾ ആലഞ്ചേരി വിലയിരുത്തി.

മാർപ്പാപ്പയെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കും

ക്രൈസ്തവ സമൂഹം ദീർഘനാളായി ആഗ്രഹിക്കുന്നതാണ് മാർപ്പാപ്പയുടെ ഇന്ത്യാ സന്ദർശനം. ജോൺ പോൾ രണ്ടാമന് ശേഷം അത് സംഭവിച്ചിട്ടില്ല. സംഘപരിവാറിലെ ചില വിഭാഗങ്ങളുടെ എതിർപ്പും ഇതിന് തടസ്സമായി. ജോൺ പോൾ രണ്ടാമന്റെ സന്ദർശനത്തെ ആർഎസ്എസ് ശക്തമായി എതിർത്തിരുന്നു. കത്തോലിക്ക സഭയുടെ സുപ്രധാന രേഖ ഇന്ത്യാ സന്ദർശനത്തിനിടെ പുറത്തിറക്കിയത് ആർഎസ്്എസിനെ ചൊടിപ്പിച്ചിരുന്നു. അത് ഇന്ത്യയിൽ കൂട്ട മതപരിവർത്തനത്തിന് വഴിവയ്ക്കുമെന്നായിരുന്നു ആർഎസ്എസിന്റെ ആക്ഷേപം,. എന്നാൽ, റോമിലെ കൂടിക്കാഴ്ചയിക്കിടെ, മാർപ്പാപ്പയെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്നാണ് കരുതുന്നത്. ക്ഷണം മാർപ്പാപ്പ സ്വീകരിച്ചാൽ അത് ഇന്ത്യാ സന്ദർശനത്തിനും വഴിതെളിക്കും.

ലൗ ജിഹാദും ക്രൈസ്തവ സഭയും

സഭാ തർക്കത്തിലടക്കം, ക്രൈസ്തവ സമുദായത്തെ തങ്ങളിലേക്ക് അടുപ്പിക്കാൻ ഉള്ള ബിജെപിയുടെ ശ്രമങ്ങൾ ഒരുപരിധി വരെ വിജയം കണ്ടിരുന്നു. കേരളത്തിലാണ് ക്രിസ്ത്യൻ വോട്ടർമാരെ ആകർഷിക്കാൻ ബിജെപി പരിശ്രമിച്ചുവരുന്നത്. പാലാ അതിരൂപതയുമായി ബന്ധപ്പെട്ട സമീപകാലത്തെ ലൗജിഹാദ്, നാർക്കോട്ടിക് ജിഹാദ് വിവാദങ്ങൾ ബിജെപിയുടെ വാദമുഖങ്ങളെ ശരിവയ്ക്കുന്നത് കൂടിയായിരുന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഒഴിച്ചുള്ള നേതാക്കൾ പാലാ ബിഷപ്പിനെ കാണുകയും ചെയ്തിരുന്നു. ക്രൈസ്തവ സമുദായം പരമ്പരാഗതമായി കോൺഗ്രസിന്റെ വോട്ടുബാങ്കാണ്. എന്നാൽ, സംസ്ഥാനത്ത് സാന്നിധ്യം ഉറപ്പിക്കാൻ ഉള്ള ബിജെപിയുടെ ശ്രമത്തിന് ആക്കം കൂട്ടുന്നതാണ് ക്രൈസ്തവ സമുദായത്തെ അടുപ്പിക്കാനുള്ള നീക്കങ്ങൾ.

കേരളത്തിൽ മാത്രമല്ല, ഗോവയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ക്രൈസ്്തവ സമുദായത്തെ കൈയിലെടുക്കാൻ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ബിജെപിക്ക് താൽപര്യമുണ്ട്. മാർപ്പാപ്പ-മോദി കൂടിക്കാഴ്ച അതിന് രാസത്വരകമാകുമെന്നാണ് പാർട്ടി കണക്കുകൂട്ടുന്നത്.

മാർപ്പാപ്പ വരും വരുമെന്ന് പറഞ്ഞിട്ടും...

സമീപ വർഷങ്ങളിൽ പോപ് ഫ്രാൻസിസിന്റെ ഇന്ത്യാ സന്ദർശനത്തെ കുറിച്ച് പലവട്ടം അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ, അത് നടന്നില്ല. 1964 ൽ പോൾ ആറാമനും, 1986 ലും 1999 ലും ജോൺ പോൾ രണ്ടാമനുമാണ് ഇന്ത്യ സന്ദർശിച്ചത്. 2016 സെപ്റ്റംബറിൽ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ ഭാരത സർക്കാരിനെ പ്രതിനിധീകരിച്ചത് അന്നത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വാരാജായിരുന്നു.

മോദി പോപ്പിനെ കാണുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രി

പോപ്പിനെ ഒടുവിൽ കണ്ട ഇന്ത്യൻ പ്രധാനമന്ത്രിയും ബിജെപിയിൽ നിന്നായിരുന്നു. അടർ ബിഹാരി വാജ്‌പേയി. ജവഹർലാൽ നെഹ്‌റു, ഇന്ദിരാ ഗാന്ധി, ഐ.കെ.ഗുജ്‌റാൾ എന്നിവരാണ് പോപ്പുമായി കൂടിക്കാഴ്ച നടത്തിയ മറ്റു പ്രധാനമന്ത്രിമാർ.

മോദി അഞ്ചാമത്തെ പ്രധാനമന്ത്രിയും.1955 ജൂണിൽ വത്തിക്കാനിൽ 12ാം പിയൂസ് മാർപ്പാപ്പയെ സന്ദർശിച്ചു. അന്നത്തെ സംഘത്തിൽ ഇന്ദിര ഗാന്ധിയും ഉണ്ടായിരുന്നു. മാർപാപ്പയും നെഹ്‌റുവുമായുള്ള കൂടിക്കാഴ്ച 20 മിനിറ്റായിരുന്നു. ഗോവയുടെ വിമോചനം ഉൾപ്പെടെയുള്ള വിഷയങ്ങൾ അന്നു ചർച്ചയായി.

1981 നവംബറിൽ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഇറ്റലി സന്ദർശിച്ചപ്പോൾ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. 1997 സെപ്റ്റംബറിൽ പ്രധാനമന്ത്രി ഐ.കെ.ഗുജ്‌റാൾ, ജോൺപോൾ മാർപാപ്പയെ സന്ദർശിച്ചു.

പി.ചിദംബരവും ഉൾപ്പെട്ടതായിരുന്നു സംഘം. എ.ബി.വാജ്‌പേയി 2000 ജൂണിൽ ഇറ്റലി സന്ദർശിക്കാൻ തീരുമാനിച്ചപ്പോൾ, ആദ്യം വത്തിക്കാനിലെ കൂടിക്കാഴ്ച ഉദ്ദേശിച്ചിരുന്നില്ല. സന്ദർശനം തുടങ്ങുന്നതിനു 3 ദിവസം മുൻപു മാത്രമാണ് മാർപാപ്പയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ചോദിക്കാൻ തീരുമാനമുണ്ടായത്.

ഇന്ത്യയിൽ ക്രൈസ്തവർക്കു നേരെയുള്ള ആക്രമണങ്ങളിൽ ആശങ്കയുണ്ടെങ്കിലും പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ കേന്ദ്ര സർക്കാർ നടപടികളെടുക്കുന്നുണ്ടെന്നു മനസിലാക്കുന്നതായും അന്നു പ്രധാനമന്ത്രിയോടു മാർപ്പാപ്പ പറഞ്ഞു. ഇന്ത്യ സഹിഷ്ണുതയുടെ മഹത്തായ പാരമ്പര്യമുള്ള രാജ്യമാണെന്നും. പ്രധാനമന്ത്രിമാരായിരിക്കെ എച്ച്.ഡി.ദേവെഗൗഡയും മന്മോഹൻ സിങ്ങും ഇറ്റലി സന്ദർശിച്ചെങ്കിലും മാർപാപ്പയുമായി കൂടിക്കാഴ്ചയുണ്ടായില്ല.

1964ൽ രാജ്യാന്തര ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കാൻ പോൾ നാലാമൻ മാർപാപ്പ മുംബൈയിൽ വന്നു. ജോൺപോൾ രണ്ടാമൻ മാർപാപ്പ 1986 ഫെബ്രുവരിയിൽ ഇന്ത്യയിലെത്തിയപ്പോൾ കേരളമുൾപ്പെടെ സന്ദർശിച്ചു. 1999 നവംബറിൽ ജോൺപോൾ രണ്ടാമൻ മാർപാപ്പ വീണ്ടും ഇന്ത്യയിൽ വന്നു. ഓസ്‌ട്രേലിയയിൽ ആഗോള യുവജന സമ്മേളനത്തിൽ സംബന്ധിക്കാനുള്ള യാത്രാമധ്യേ ബനഡിക്ട് 16ാമൻ മാർപ്പാപ്പ ഇന്ത്യയിൽ ഒരു ദിവസം സന്ദർശനം നടത്തുന്നതിന് വത്തിക്കാൻ താൽപര്യപ്പെട്ടെങ്കിലും അത് സംഭവിച്ചില്ല.