{{

കോട്ടയം: ബൈക്കുകള്‍ വാങ്ങി ആഡംബരമാക്കുന്നവര്‍ ശ്രദ്ധിക്കുക. ഇനിയും കൂടുതല്‍ ഷോ ഏര്‍പ്പെടുത്തിയാല്‍ പോക്കറ്റ് കാലിയാകും. നൂറും ഇരുനൂറുമൊന്നുമല്ല ഓരോ തവണയും പിടിക്കപ്പെടുമ്പോള്‍ നഷ്ടപ്പെടുന്നത്. 500 രൂപയാണ് ഏറ്റവും കുറഞ്ഞത്. പിന്നെ പിടികൂടുന്ന ഉദ്യോഗസ്ഥന്റെ കാരുണ്യം പോലെ ഇരിക്കും തുകയുടെ ഏറ്റക്കുറച്ചില്‍.

ബൈക്കുകളില്‍ ഹെഡ്ലൈറ്റിനു പുറമേ അധികമായി ഫാന്‍സി ലൈറ്റുകള്‍ ഉള്‍പ്പെടെയുള്ളവ ഘടിപ്പിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നാണ് അധിക്യതര്‍ നല്കുന്ന സൂചന. പോലീസും മോട്ടോര്‍വാഹനവകുപ്പും നടത്തുന്ന വാഹനപരിശോധനയില്‍ എക്സ്ട്രാ ലൈറ്റുകള്‍ ഘടിപ്പിക്കുന്നവരെ പിടികൂടുകയും പിഴഈടാക്കുകയും ചെയ്യുന്നത് പതിവ് കാഴ്ചയാണ്.

പോലീസിന്റെ വാഹനപരിശോധയില്‍ കൂടുതലായി വലയില്‍ വീഴുന്നത് ബുള്ളറ്റ് യാത്രക്കാരാണ്. അനധികൃതമായി ലൈറ്റുകള്‍ ഘടിപ്പിക്കുന്നവര്‍ക്കെതിരെ 500 രൂപയാണ് മോട്ടോര്‍വാഹനവകുപ്പ് പിഴ ഈടാക്കുന്നത്. ബുള്ളറ്റിന്റെ ക്രാഷ്ഗാര്‍ഡിലാണ് പ്രധാനമായും ഫോഗ് ലൈറ്റുകളും, എല്‍ഇഡി ലൈറ്റുകളും ഘടിപ്പിച്ചിരിക്കുന്നത്. ഇതിനു പ്രത്യേകമായി സ്വിച്ചും ഘടിപ്പിക്കാറുണ്ട്. ഇരുചക്രവാഹങ്ങളില്‍ ഇത്തരം ലൈറ്റുകള്‍ ഘടിപ്പിക്കുന്നവര്‍ക്കെതിരേ വാഹനങ്ങളില്‍ രൂപമാറ്റംവരുത്തിയെന്ന വകുപ്പ് പ്രകാരമാണ് പിഴ ചുമത്തുന്നതെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു.

അതിനിടെ രൂപംമാറ്റിയ ബൈക്കുകളുടെ എണ്ണവും ദിനം പ്രതി പെരുകുകയാണ്. ബുള്ളറ്റുകളിലാണ് യുവാക്കള്‍ കൂടുതലായും രൂപമാറ്റം വരുത്തുന്നത്. മോട്ടോര്‍ വാഹനവകുപ്പിന്റെ അനുമതിയോടെ ചില സാഹചര്യങ്ങളില്‍ നിറം മാത്രം മാറ്റാനാണ് നിയമമുള്ളത്. എന്നാല്‍ അടിമുടിമാറ്റം വരുത്തിയാണ് ബൈക്കുകള്‍ ജില്ലയുടെ പ്രധാന നിരത്തുകള്‍വഴി പായുന്നത്.

ഓട്ടോമോട്ടീവ് റിസേര്‍ച്ച് ഇന്ത്യയുടെ അംഗീകാരത്തോടെ നിര്‍മാതാക്കള്‍ പുറത്തിറക്കുന്ന വാഹനങ്ങളുടെ ഒരു പാര്‍ട്‌സിലും മാറ്റം വരുത്തരുതെന്നാണ് നിയമം. ബൈക്കിന്റെ സൈലന്‍സര്‍, ഹെഡ്‌ലൈറ്റ്, ഹാന്‍ഡില്‍ എന്നിവയുടെ രൂപം മാറ്റുകയാണ് പ്രധാനമായും ചെയ്യുന്നത്. ഇതിനെല്ലാം പിഴ ഇടാക്കും. ഹോണും എക്സ്ട്രയായി ഘടിപ്പിച്ചാല്‍ എട്ടിന്റെ പണി ഉറപ്പായിരിക്കുകയാണ്. പോലീസ് പരിശോധന കര്‍ശനമാക്കിയ സാഹചര്യത്തില്‍ എല്ലാ പേപ്പറുകളും മറ്റും ശരിയാക്കി യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ പെറ്റി അടിക്കാന്‍ മാര്‍ഗമില്ലാതെ വന്നു. അതോടെയാണ് പോലീസും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായി പെറ്റിക്കായി പുതിയ മേഖല കണ്ടെത്തിയിരിക്കുന്നത്.

}}