കൊച്ചി: സിപിഎമ്മുകാർക്ക് എല്ലാ അർത്ഥത്തിലും ആശ്വസിക്കാം. ആലുവ പൊലീസ് സ്‌റ്റേഷനിൽ എത്തിയത് കുട്ടി സഖാവ് അല്ല. നിയമ വിദ്യാർത്ഥിനി മോഫിയ ആത്മഹത്യ ചെയ്യുന്നതിനിടയാക്കിയ ആലുവ പൊലീസ് സ്റ്റേഷനിലെ കശപിശയിൽ സാന്നിധ്യമായത് കോൺഗ്രസ് നേതാവ്. ദേശാഭിമാനി നൽകിയ വാർത്തയിലെ സത്യം തേടി പോയ മറുനാടനും ഇക്കാര്യം ബോധ്യപ്പെട്ടു. പ്രാദേശിക കോൺഗ്രസ് നേതാവാണ് അവിടെ ഉണ്ടായിരുന്നത്. ഈ നേതാവിനെതിരേയും കേസെടുക്കണമെന്ന ആവശ്യമാണ് ഇതോടെ ഉയരുന്നത്.

സി ഐ സുധീറിനെ സസ്‌പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള കോൺഗ്രസ് സമരം വിജയം കണ്ടു. ഗ്രൂപ്പ് അതീതമായി നേതാക്കൾ ഒന്നിച്ചു. തുടക്കത്തിൽ കോൺഗ്രസ് ഉയർത്തിയ 'കുട്ടി സഖാവ്' എന്ന ആരോപണം അവരും ഉന്നയിക്കുന്നില്ല. ഇതിനിടെയാണ് സത്യം മറനീക്കി പുറത്തു വരുന്നത്. തന്റെ ഇടപെടലുകളില്ലന്നും പാർട്ടി പ്രവർത്തകനായ അഫ്സലിനെ ഭർത്താവ് സുഹൈലിനും ബന്ധുക്കൾക്കുമൊപ്പം കണ്ടെന്നും കോൺഗ്രസ് നേതാവും കടുങ്ങല്ലൂർ പഞ്ചായത്ത് മുൻ അംഗവുമായ ടി കെ ജയൻ. ഇന്ന് ദേശാഭിമാനി പുറത്തുവിട്ട വെളിപ്പെടുത്തലിന്റെ സത്യാവസ്ഥ അന്വേഷിക്കാൻ മൊബൈലിൽ ബന്ധപ്പെട്ടപ്പോഴാണ് ജയൻ ഇക്കാര്യം മറുനാടനോട് വ്യക്തമാക്കിയത്.

മോഫിയെ അപമാനിച്ചത് കുട്ടിസഖാവല്ലന്നും കോൺഗ്രസ് പ്രവർത്തകരാണെന്നും അഫ്സലും ജയനും പൊലീസിൽ ബന്ധപ്പെട്ടിരുന്നു എന്നും ഇന്ന് ദേശാഭിമാനി വെളിപ്പെടുത്തിയിരുന്നു. ഭാഗികമായി ഇതിനെ ശരിവയ്ക്കുന്നതാണ് ജയൻ പങ്കുവയ്ക്കുന്ന വിവരങ്ങൾ. മറ്റൊരാവശ്യത്തിനാണ് സ്റ്റേഷനിൽ പോയത്. ഈ സമയം ഒച്ചപ്പാട് കേട്ടു. അവിടേയ്ക്കുചെല്ലുമ്പോൾ അഫ്സലിനെ കണ്ടു. വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി. ഏറിയാൽ 10 മിനിട്ട് അവിടെ ചിലവഴിച്ചു. പിന്നീട് അവിടെ നിന്നും മടങ്ങി. ഈ വിഷയത്തിൽ ഞാൻ ഇടപെട്ടെന്ന് ഒരു പൊലീസുകാരൻ പോലും പറയുമെന്ന് തോന്നുന്നില്ല-ജയൻ പറഞ്ഞു.

സുഹൈലിന്റെ കുടുംബവുമായി അഫ്സലിന് ബന്ധം ഉണ്ടെന്നാണ് അറിയുന്നത്. ഈ വഴിക്കുള്ള അടുപ്പം മൂലമായിരിക്കാം അഫ്സൽ പ്രശ്നത്തിൽ ഇടപെട്ട് സ്റ്റേഷനിൽ എത്തിയത്. അവിടെ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി എനിക്കറിയില്ല-ജയൻ മറുനാടനോട് കൂട്ടിച്ചേർത്തു. സി ഐ നടത്തിയ ഒത്തുതീർപ്പ് നീക്കത്തിൽ സുഹൈലിനും മാതാപിതാക്കൾക്കുമൊപ്പം സ്റ്റേഷിനിൽ എത്തിയത് അഫ്സൽ ആയിരുന്നെന്നാണ് ജയന്റെ വിവരണത്തിൽ നിന്നും വ്യക്തമാവുന്നത്.

രാഷ്ട്രീയ നേതാക്കളോ പ്രവർത്തകരോ ആയി മറ്റാരെയെങ്കിലും സുഹൈലിനും കൂട്ടർക്കുമൊപ്പം കണ്ടതായി ജയൻ മറുനാടനുമായി നടത്തിയ സംഭാഷണത്തിൽ പറയുന്നില്ല. അഫ്സലിനോട് ഇക്കാര്യത്തിൽ വിവരങ്ങൾ അന്വേഷിച്ചെങ്കിലും തിരക്കാണെന്നും പറഞ്ഞ് ഒഴിവാകുകയായിരുന്നു. മകളുടെ പരാതിയെക്കുറിച്ച് സംസാരിക്കാൻ സി ഐ വിളിപ്പിച്ചപ്പോൾ സുഹൈലിനൊപ്പം കുട്ടിസഖാവും എത്തിയിരുന്നെന്ന് മോഫിയയുടെ പിതാവ് ദിൽഷാദ് വെളിപ്പെടുത്തിയിരുന്നു. പേരറിയില്ലെന്നും കൂട്ടിച്ചേർത്തു.

മകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ വെളിപ്പെടുത്തൽ. എന്നാൽ ഈ നേതാവ് കോൺഗ്രസുകാരനായിരുന്നുവെന്നും മോഫിയ തെറ്റിധരിച്ചതാണെന്നുമാണ് ലഭിക്കുന്ന സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ സി പി എം ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തിയെന്നും ജയനും അഫ്സലും സ്റ്റേഷനിൽ എത്തിയതിന്റെ ദൃശ്യങ്ങൾ അടക്കം തെളിവുകൾ ശേഖരിച്ചെന്നുമാണ് അറിയുന്നത്. ഇതിന് ശേഷമാണ് മന്ത്രി പി രാജീവ് മോഫിയയുടെ വീട്ടിൽ എത്തിയത്.