ഹൈദരാബാദ്: ഇന്ത്യൻ താരം മുഹമ്മദ് സിറാജിന് ഥാർ സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര. ഓസ്ട്രേലിയൻ മണ്ണിലെ ടെസ്റ്റ് പരമ്പര വിജയത്തിനു പിന്നാലെ ഏതാനും ഇന്ത്യൻ താരങ്ങൾക്ക് പുതുതലമുറ മഹീന്ദ്ര ഥാർ സമ്മാനിക്കുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു.

ടി. നടരാജനും, ശാർദുൽ താക്കൂറിനും കഴിഞ്ഞ ദിവസങ്ങളിൽ വാഹനം സമ്മാനിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് മുഹമ്മദ് സിറാജിനും വാഹനം സമ്മാനിച്ചിരിക്കുന്നത്.
സിറാജ് ഐ.പി.എല്ലിനായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ബയോ ബബിളിൽ ആയതിനാൽ അദ്ദേഹത്തിന്റെ അമ്മയും സഹോദരനും ചേർന്നാണ് വാഹനം ഷോറൂമിൽ നിന്ന് ഏറ്റുവാങ്ങിയത്. ഇതിനു പിന്നാലെ ആനന്ദ് മഹീന്ദ്രയ്ക്ക് നന്ദിയറിയിച്ച് സിറാജ് രംഗത്തെത്തി.

മഹീന്ദ്രയുടെ പുതുതലമുറ ഥാർ വിപണിയിൽ അവതരിപ്പിച്ച് ദിവസങ്ങൾക്കുള്ളിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഓസ്‌ട്രേലിയയിൽ ചരിത്ര വിജയം സ്വന്തമാക്കുന്നത്. ഈ വിജയ ശിൽപ്പികളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ആറ് താരങ്ങൾക്ക് മഹീന്ദ്ര ഥാർ സമ്മാനിക്കുമെന്ന് ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ചത്.

ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് സീരീസിൽ ഇന്ത്യയുടെ വിജയത്തിന് നെടുംതൂണായി പ്രവർത്തിച്ച ടീം അംഗങ്ങളായ മുഹമ്മദ് സിറാജ്, ടി.നടരാജൻ, ശാർദുൽ താക്കൂർ, വാഷിങ്ടൺ സുന്ദർ, ശുഭ്മാൻ ഗിൽ, നവ്ദീപ് സെയ്നി എന്നിവർക്കാണ് മഹീന്ദ്രയുടെ സമ്മാനം പ്രഖ്യാപിച്ചത്