കൊച്ചി: മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിൽ സർവ്വത്ര അനിശ്ചിതത്വം. കോവിഡ് പ്രതിസന്ധി തീർന്നാൽ മാത്രമേ ഇനി മോഹൻലാലിന്റെ ആദ്യ സംവിധാന സംരഭം പുനരാരംഭിക്കൂ. കോടികളുടെ ബജറ്റിലാണ് ബറോസ് ചിത്രീകരിക്കാനുള്ള പദ്ധതി. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തിൽ ബറോസ് തുടങ്ങുകയില്ല. ആന്റണി പെരുമ്പാവൂരാണ് ബറോസിന്റെ നിർമ്മാതാവ്. നൂറു കോടി മടുക്കി ചിത്രീകരണം പൂർത്തിയാക്കിയ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഇനിയും തിയേറ്ററിൽ എത്തിയിട്ടില്ല. ഇത് വലിയ സാമ്പത്തിക ബാധ്യതയാണ് ആശിർവാദ് സിനിമാസിന് നൽകുന്നത്. ഈ സാഹചര്യത്തിൽ മറ്റൊരു ബിഗ് ബജറ്റ് ചിത്രത്തിന് ഉടൻ ആശിർവാദ് പണം മുടക്കില്ല.

കോവിഡ് ആദ്യ തരംഗം തീർന്നപ്പോൾ ബറോസിന്റെ ചിത്രീകരണം കൊച്ചിയിൽ തുടങ്ങി. ദിവസങ്ങളുടെ ഷൂട്ടിങ് കഴിഞ്ഞപ്പോഴാണ് ചിത്രീകരണം മുടങ്ങിയത്. ഗോവയിലെ ലൊക്കേഷനിലേക്ക് മോഹൻലാലും താരങ്ങളും എത്തി. എന്നാൽ കോവിഡ് പ്രതിസന്ധിയിൽ ഷൂട്ടിങ് മാത്രം നടന്നില്ല. ഇതോടെ വിദേശത്ത് നിന്നുള്ള സാങ്കേതിക വിദഗ്ധരടക്കം മടങ്ങി. നിലവിലെ കോവിഡ് പ്രോട്ടോകോളിൽ ഈ സിനിമ ഇപ്പോൾ ചിത്രീകരിക്കാൻ കഴിയില്ലെന്നതാണ് വസ്തുത. ഈ സാഹചര്യത്തിലാണ് മോഹൻലാൽ വീണ്ടും അഭിനയത്തിൽ സജീവമാകുന്നത്. പൃഥ്വിരാജ് ചിത്രമായ ബ്രോ ഡാഡിക്ക് ശേഷം ജിത്തു ജോസഫിന്റെ ട്വൽത്ത് മാനിൽ മോഹൻലാൽ സജീമാകും. അതിന് ശേഷം ശ്രീകുമാർ മേനോന്റെ ഖലാസി കഥ പറയുന്ന ഹിന്ദി ചിത്രത്തിലും മോഹൻലാൽ അഭിനയിച്ചേക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല.

ഇതിനിടെ പൃഥ്വിരാജിന്റെ എമ്പുരാൻ ഉടൻ തുടങ്ങുന്നതും ആലോചനയിലുണ്ട്. അതിന് ശേഷം കോവിഡ് ഭീഷണി പൂർണ്ണമായും മാറിയ ശേഷം ബറോസിലേക്ക് കടക്കാനാണ് മോഹൻലാലിന്റെ തീരുമാനം. ഈ ഓണക്കാലത്ത് അറബിക്കടലിന്റെ സിംഹം എന്ന ചിത്രം തിയേറ്ററിൽ എത്തിക്കനായിരുന്നു പദ്ധതി. കോവിഡ് രണ്ടാം തരംഗം അതുപൊളിച്ചു. ഒടിടി പ്ലാറ്റ്‌ഫോമിൽ പ്രദർശിപ്പിച്ച് മുടക്കു മുതൽ തിരിച്ചു പിടിക്കാൻ അറബിക്കടലിന്റെ സിംഹത്തിന് കഴിയുകയുമില്ല. ഈ സാഹചര്യത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ആന്റണി പെരുമ്പാവൂരിന്റെ നിർമ്മാണ കമ്പനിക്കുള്ളത്. ഇതുകൂടി പരിഗണിച്ചാണ് ബറോസിലെ പണികൾ തൽകാലം നിർത്തുന്നത്.

ബറോസിലെ നായകനും മോഹൻലാലാണ്. പൃഥ്വിരാജും അഭിനയിക്കുന്നു. പൃഥ്വിരാജിന്റെ സംവിധാനത്തിൽ ലൂസിഫർ തകർത്തോടി. ഈ ആത്മവിശ്വാസമാണ് മോഹൻലാലിനേയും ബറോസിലേക്ക് അടുപ്പിക്കുന്നത്. മൈഡിയർ കുട്ടിച്ചാത്തൻ ഒരുക്കിയ ജിജോ നവോദയ ആണ് ബറോസിന്റെ തിരക്കഥാകൃത്തും ക്രിയേറ്റിവ് ഡയറക്ടറും. സന്തോഷ് ശിവൻ ഛായാഗ്രഹണവും സന്തോഷ് രാമൻ പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. ബറോസിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായിരുന്നു. സെറ്റുകളുടെ നിർമ്മാണവും ഏതാണ്ട് റെഡിയായിരുന്നു. അതിന് ശേഷമാണ് കൊച്ചിയിൽ ആദ്യഘട്ട ഷൂട്ടിങ് നടന്നത്.

സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടൻ റാഫേൽ അമർഗോ എന്നിവർ പ്രധാന കഥാപാത്രമായി സിനിമയിലുണ്ടാകും. ബറോസ് എന്ന ഭൂതമായി നായക കഥാപാത്രമാകുന്നത് മോഹൻലാൽ ആണ്. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേൽ അമർഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ. ദ ഹ്യൂമൻ കോൺ്ട്രാക്ട്, റാംബോ, സെക്‌സ് ആൻഡ് ലൂസിയ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് പാസ് വേഗ. ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ എന്നാണ് സിനിമയുടെ ടാഗ് ലൈൻ. മൈഡിയർ കുട്ടിച്ചാത്തൻ എന്ന വിസ്മയ സിനിമയ്ക്ക് ശേഷം ജിജോയുടെ രചനയിൽ പുറത്തുവരുന്ന സിനിമ കൂടിയാണ് ബറോസ്.

വാസ്‌കോ ഡ ഗാമയുടെ നിധികളുടെ സൂക്ഷിപ്പുകാരനെ കേന്ദ്രീകരിച്ചാണ് സിനിമ. മോഹൻലാലാണ് ബറോസ് എന്ന നിധിസൂക്ഷിപ്പുകാരനായി എത്തുന്നത്. വാസ്‌കോ ഡ ഗാമയുടെ പിൻഗാമിയെന്ന് അവകാശപ്പെട്ട് ഒരു കുട്ടി എത്തുന്നു. ബറോസും കുട്ടിയും തമ്മിലുള്ള ബന്ധമാണ് സിനിമയുടെ മുഖ്യ പ്രമേയം. ഗാമയുടെ കാലത്തെ കടൽ മാർഗമുള്ള വ്യാപാരം ഉൾപ്പെടെയുള്ള ചരിത്രവും സിനിമയിൽ ചർച്ചയാകും. ത്രീഡി ചിത്രമായാണ് ബറോസ് എത്തുക. ഇന്ത്യയ്ക്കും ആഫ്രിക്കയ്ക്കും പോർച്ചുഗീസിനും ഇടയിൽ നിലനിന്നിരുന്ന കടൽ മാർഗമുള്ള വ്യാപാരവും ബന്ധവും സിനിമയുടെ ഇതിവൃത്തമാകും.

മോഹൻലാലിന്റെ സ്വപ്നപദ്ധതിയായാണ് ഇത്. ആരാധകർ ഏറെ ആവേശത്തോടെ ഏറ്റെടുത്ത വാർത്തയായിരുന്നു മോഹൻലാൽ സംവിധായകനാകുന്നു എന്നുള്ളത്. മോഹൻലാൽ തന്നെയാണ് പ്രഖ്യാപനം നടത്തിയത്. ഇത് കുട്ടികളെ ത്രസിപ്പിക്കുന്ന തരം ഫാന്റസി മൂവിയാണ്-ഇതായിരുന്നു മോഹൻലിന്റെ പ്രഖ്യാപനം. കോവിഡ് എത്തിയതോടെ പദ്ധതി നീണ്ടു. 2020 ഒക്ടോബറിൽ ചിത്രീകരണം തുടങ്ങാനായിരുന്നു ആദ്യ പദ്ധതി.