ഡൽഹി: ലോകമെമ്പാടും ആരാധകരുള്ള പരമ്പരയായ മണി ഹീസ്റ്റിന്റെ അഞ്ചാം ഭാഗം വരുന്നു. സീരിസിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. മണി ഹീസ്റ്റിന്റെ അവസാന സീസണാകും ഇത്. രണ്ട് ഭാഗങ്ങളായിട്ടാണ് മണി ഹീസ്റ്റ് എത്തുക.ആദ്യ വോള്യം സെപ്റ്റംബർ മൂന്നിനും രണ്ടാം വോള്യം ഡിസംബർ മൂന്നിനുമാണ് റിലീസ് ചെയ്യുക.

അഞ്ച് എപ്പോസോഡുകൾ വീതമായിട്ടായിരിക്കും ഓരോ വോള്യവും. ഡേറ്റ് പ്രഖ്യാപിച്ചിട്ടുള്ള ടീസറും പുറത്തുവിട്ടിട്ടുണ്ട്. അലെക്‌സ് പിന ആണ് ഈ സീരിസിന്റെ സംവിധാനം. സ്‌പെയിനിലെ ആന്റിന 3 ചാനലിന് വേണ്ടിയായിരുന്നു ഈ സീരിസ് ആദ്യം ഒരുക്കിയത്.

ചാനലിൽ 15 എപ്പിസോഡുകളായി കാണിച്ചിരുന്ന ഈ സീരിസ് നെറ്റ്ഫ്‌ളിക്‌സ് ഏറ്റെടുത്തതോടെ ഇത് രണ്ട് സീസണുകളാക്കുകയും ആദ്യ സീസൺ 13 എപ്പിസോഡായും രണ്ടാമത്തെ സീസൺ ഒമ്പത് എപിസോഡായും ആകെ 22 എപിസോഡ് ആക്കി സംപ്രേഷണം ചെയ്യുകയായിരുന്നു.

മൂന്നാമത്തെ സീസൺ എട്ട് എപ്പിസോഡുകളായി നെറ്റഫ്‌ളിക്‌സ് ഒറിജിനൽ സീരിസായി സംപ്രേഷണം ചെയ്തു. ഏറ്റവും ഒടുവിലത്തെ സീസണും നെറ്റ്ഫ്‌ളിക്‌സ് ഒറിജിനൽ സീരിസായി കഴിഞ്ഞ വർഷം സംപ്രേഷണം ചെയ്തു. അവസാന സീസണാണ് ഇപോൾ പ്രേക്ഷകരിലേക്ക് എത്താനിരിക്കുന്നത്.