ന്യൂഡൽഹി: നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിന് അടക്കം പേടിഎം പെയ്‌മെന്റ്‌സ് ബാങ്കിന് റിസർവ് ബാങ്കിന്റെ വിലക്ക്. ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ വഴി നിക്ഷേപങ്ങൾ, വായ്പാ ഇടപാടുകൾ, ടോപ്പ് അപ്പുകൾ എന്നിവ അനുവദിക്കില്ല. അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുള്ള പ്രീപെയ്ഡ് വാലറ്റുകൾ, ഫാസ്ടാഗ് എൻ സി എം സി കാർഡുകൾ എന്നിവയ്ക്കും വിലക്കുണ്ട്. ഫെബ്രുവരി 29 ന് ശേഷമാണ് ഇത് പ്രാബല്യത്തിൽ വരിക. എന്നാൽ, ഉപഭോക്താക്കൾക്ക് തങ്ങളുടെ സേവിങ്‌സ്-കറന്റ് അക്കൗണ്ടുകളിൽ അവശേഷിക്കുന്ന തുക നിശ്ചിത പരിധി വരെ തടസ്സമില്ലാതെ വിനിയോഗിക്കാമെന്ന് ആർബിഐ വ്യക്തമാക്കി.

ആർബിഐ ചട്ടങ്ങളും, നിർദ്ദേശങ്ങളും പാലിക്കാത്തതിനെ തുടർന്ന് സമഗ്രമായ ഓഡിറ്റിന് ശേഷമാണ് കടുത്ത നടപടി. പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ 97 കമ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെയും, പേടിഎം പേമെന്റ്‌സ് ബാങ്ക് ലിമിറ്റഡിന്റെയും(പിപിബിഎൽ) നോഡൽ അക്കൗണ്ടുകളും കേന്ദ്ര ബാങ്ക് റദ്ദാക്കി.

ആർബിഐ ഉത്തരവ് പേടിഎമ്മിന്റെ യൂണിഫൈഡ് പേമെന്റ് ഇന്റർഫേസിനെ ( യുപിഐയെ) ബാധിക്കില്ലെന്നാണ് സൂചന. അതേസമയം, കമ്പനിയോ, സ്ഥാപകനോ വിജയ് ശേഖർ ശർമയോ നടപടിയെ കുറിച്ച് പ്രതികരിച്ചിട്ടില്ല. 2022 ൽ പിപിബിഎല്ലിനോട് പുതിയ ഉപഭോക്താക്കളെ സ്വീകരിക്കരുതെന്ന് 2022 മാർച്ചിൽ പുറപ്പെടുവിച്ച ഉത്തരവിന്റെ തുടർച്ചയാണ് നടപടി.

പേടിഎമ്മിന്റെ ബാങ്കിങ് ഓപ്പറേഷൻസിനെതിരെയാണ് ആർബിഐ നടപടി. അതായാത് ഉപഭോക്താക്കൾക്ക് മറ്റൊരു ബാങ്കുമായി തങ്ങളുടെ അക്കൗണ്ട് ലിങ്ക് ചെയ്തിരിക്കുന്നിടത്തോളം കാലം യുപിഐ അടക്കം ഡിജിറ്റൽ ഇടപാടുകൾ തുടരാമെന്ന് അർഥം. എൻസിഎംസി( നാഷണൽ കോമൺ മൊബിലിറ്റി) കാർഡുകൾ നിലവിലുള്ള ബാലൻസ് തീരും വരെ നിയന്ത്രണങ്ങൾ ഇല്ലാതെ ഉപയോഗിക്കാം.

ഡിസംബറിൽ, വൺ 97 കമ്യൂണിക്കേഷൻ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. എഐ ഉപയോഗിച്ച് ചെലവ് കുറയ്ക്കാൻ തീരുമാനിച്ചതിനെ തുടർന്നായിരുന്നു കൂട്ടപ്പിരിച്ചുവിടൽ.