തകോടീശ്വരന്മാർക്കിടയിലെ പരസ്യമായ വിഴുപ്പലക്കൽ മൂലം ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ അസ്സറ്റ്സ് എക്സേചേഞ്ച് അവരുടെ എതിരാളികൾ ഏറ്റെടുത്തതോടെ തകർച്ചയുടെ വക്കിലെത്തിയിരിക്കുകയാണ്. അതിന്റെ ഫലമായി കഴിഞ്ഞ 72 മണിക്കൂറിൽ കനത്ത ഇടിവാണ് ക്രിപ്റ്റോ കറൻസിയുടെ മൂല്യത്തിലുണ്ടായിക്കൊണ്ടിരിക്കുന്നത്. മൂന്ന് ദിവസങ്ങൾക്കുള്ളിൽ 6 ബില്യൺ ഡോളർ പിൻവലിക്കപ്പെട്ടതോടെ സാമ്പത്തികസ്ഥിതി മോശമായ, ലോകത്തിലെ പ്രമുഖ ക്രിപ്റ്റോ എക്സ്ചേഞ്ച് ആയ എഫ് ടി എക്സ്, എതിരാളികളായ ബിനാൻസുമായി ഉണ്ടാക്കിയ താത്ക്കാലിക ഏറ്റെടുക്കൽ കരാറിനെ തുടർന്നാണിത്.

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിനിന്റെ മൂല്യത്തിൽ 11 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ബുധനാഴ്‌ച്ച ഇതിന്റെ മൂല്യം 17,448.70 ഡോളർ വരെ ആയി കുറഞ്ഞു. അതിനു തൊട്ടു മുൻപത്തെ ദിവസം മൂല്യത്തിൽ 10 ശതമാനത്തിന്റെ ഇടിവും ഉണ്ടായിരുന്നു. മറ്റൊരു ക്രിപ്റ്റോ കറൻസിയായ എഥേറിയത്തിനും ഇടിവുണ്ടായിട്ടുണ്ട്. ഏകദേശം 18 ശതമാനത്തിന്റെ ഇടിവാണ് ഇതിന്റെ മൂല്യത്തിൽ ഉണ്ടായിരിക്കുന്നത്. എഫ് ടി എക്സിന്റെ പെട്ടെന്നുണ്ടായ തകർച്ച സ്ഥിരതയില്ലാത്ത ക്രിപ്റ്റോ കറൻസി വിപണിയെ കുറിച്ചുള്ള ഒരു മുന്നറിയിപ്പാണെന്നും, നിക്ഷേപകർ കൂടുതൽ കരുതലെടുക്കണമെന്നും ഈ രംഗത്തെ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.

തകർച്ച നേരിട്ടുകൊണ്ടിരിക്കുന്ന എഫ് ടീക്സിനെ ഏറ്റെടുക്കാനുള്ള ബിനാൻസിന്റെ ശതകോടീശ്വരനായ ഉടമ ചാംഗ്പെംഗ് ഷാവോയുടെ തീരുമാനമാണ് 1 ട്രില്യൺ മൂല്യമുള്ള ക്രിപ്റ്റോ വിപണിയെ നടുക്കിയത്. ഒരുകാലത്ത് ഷവോയുടെ സഹായിയായിരുന്ന, ഇപ്പോൾ കടുത്ത എതിരാളിയായ സാം ബാങ്ക്മാൻ ഫ്രൈഡിന്റേതാണ് എഫ് ടി എക്സ്. മൂന്ന് വർഷം മാത്രം പഴക്കമുള്ള എഫ് ടി എക്സിൽ നിന്നും ഉപഭോക്താക്കൾ കൊഴിഞ്ഞുപോകാൻ ഷാവോ സഹായിക്കുകയായിരുന്നു. ഇതിന്റെ ഫലമായി ബാങ്ക്മാൻ ഫ്രൈഡിന്റെ അദ്ദേഹത്തിന്റെ ആസ്തിയുടെ 94 ശതമാനമാണ് നഷ്ടമായത്.

എഫ് ടി എക്സിന്റെ 2 ബില്യൺ ഡോളർ മൂല്യമുള്ള ബിനാൻസ് ഹോൾഡിംഗുകൾ വിൽക്കുമെന്ന് ഞായറാഴ്‌ച്ചയായിരുന്നു ഷാവോ ട്വീറ്റ് ചെയ്തത്. അടുത്തിടെ പുറത്തുവന്ന ചില കാര്യങ്ങൾ കാരണമാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തതെന്നും ഷവോ പറഞ്ഞു. അത് എന്താണെന്ന് ഷാവോ വ്യക്തമാക്കിയില്ലെങ്കിലും, അജ്ഞാതരായി തുടരുന്ന ക്രിപ്റ്റോ ഗവേഷകരായ ഡേർട്ടി ബബിൾ മീദിയ, ബാങ്ക്മാൻ ഫ്രൈഡിന്റെ മറ്റൊരു കമ്പനിയായ അലമെഡ റിസർച്ച് അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് റിപ്പോർട്ട് ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്കുള്ളിൽ മാത്രമാണ് ഷാവോയുടെ ട്വീറ്റ് വന്നത് എന്നത് ശ്രദ്ധേയമാൺ'.

അതിനുശേഷം എഫ് ടി എക്സിന്റെ നോൺ - യു എസ് യൂണിറ്റ് ഏറ്റെടുക്കാൻ ഇന്നലെ ബിനാൻസ് കരാർ ഒപ്പുവയ്ക്കുകയായിരുന്നു. ഇതാണ് വിപണിയെ ഞെട്ടിച്ചത്. എഫ് ടി എക്സോ ബിനാൻസോ കരാറിന്റെ വിശദവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഏതായാലും വിപണിയിൽ തുടരുന്ന അനിശ്ചിതാവസ്ഥ തുടരുകയാണ്. എഫ് ടി എക്സുമായി ബന്ധപ്പെട്ട എഫ് ടി ടി എന്ന ടോക്കണും 23 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. ചൊവ്വാഴ്‌ച്ച 72 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയതിനു ശേഷമാണ് വീണ്ടും ഇടിവുണ്ടായത്.

ഇതോടെ ഈ ആഴ്‌ച്ച ആരംഭത്തിൽ 3 ബില്യൺ ഡോളർ ഉണ്ടായിരുന്നഇതിന്റെ മാർക്കറ്റ് ക്യാപ് 600 മില്യൺ ഡോളറിൽ താഴെയായി കുറഞ്ഞു. എഫ് ടി എക്സ് തകർച്ചയിൽ എൻ എഫ് എൽ താരം ടോം ബ്രാഡിക്കും മുൻ ഭാര്യ ജിസിൽ ബൻഡ്ചെനും കനത്ത നഷ്ടമുണ്ടായതായി വാർത്തകൾ വരുന്നുണ്ട്. കഴിഞ്ഞ വർഷമായിരുന്നു ഇവർ കമ്പനിയിൽ ഓഹരിയെടുത്തത്. ബ്രാഡിയെ ബ്രാൻഡ് അംബാസിഡറായും ജിസിലിനെ പാരിസ്ഥിതിക- സാമൂഹ്യ സേവനരംഗത്തെ ഉപദേഷ്ടാവായും നിയമിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇവർക്ക് എത്ര ഓഹരിയുണ്ടെന്നുള്ളത് വ്യക്തമല്ല.