തിരുവനന്തപുരം: കേരളത്തിന്റെ കടം അപകടനിലയിലാണെന്ന് യു.ഡി.എഫ്. ധവളപത്രത്തോട് പ്രതികരിക്കാതെ സംസ്ഥാന സർക്കാർ. ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റുണ്ടാക്കുന്നതിന്റെ തിരക്കിലാണ്. ഇതിനിടെയിലാണ് യുഡിഎഫിന്റെ രാഷ്ട്രീയ ആരോപണം. ബജറ്റിന് മുമ്പ് ധവളപത്രം ഇറക്കി സർക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് യുഡിഎഫ്. 2022-23ലെ ബജറ്റ് എസ്റ്റിമേറ്റനുസരിച്ച് കേരളത്തിന്റെ കടം 3,71,692.19 കോടി രൂപ. കിഫ്ബി തിരിച്ചടവിലെ 13,000 കോടിയും സാമൂഹികസുരക്ഷാ പെൻഷനിലെ 7800 കോടിയും ചേർത്താൽ ബജറ്റിൽ രേഖപ്പെടുത്താത്ത ബാധ്യത 20,800 കോടി. ഇങ്ങനെ, മൊത്തം കടം നാലുലക്ഷം കോടിയാവും. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമാണെന്നത് യഥാർത്ഥ്യമായി മാറുകയാണ്. അതുകൊണ്ടാണ് ധനമന്ത്രി വിഷയത്തിൽ പ്രതികരിക്കാൻ മടിക്കുന്നതും.

ഒന്നാം ധവളപത്രത്തിൽ 2019 ൽ പ്രവചിച്ചത് പോലെ കിഫ്ബി ഇപ്പോൾ നിർജീവമായി. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് കിഫ്ബിയുടെ പക്കൽ ഇപ്പോൾ 3419കോടി മാത്രമാണ് ഉള്ളത്.ഇതുകൊണ്ട് എങ്ങനെയാണ് 50,000 കോടി രൂപയുടെ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പിലാക്കുന്നത്. ഏറ്റവും മോശപ്പെട്ട നികുതി പിരിവ് നടത്തുന്നത് കേരളമാണ്. അതിനോടൊപ്പം ധൂർത്തും അഴിമതിയും വിലകയറ്റവും കാരണം കേരളം തകർന്നു. സർക്കാർ സാധാരണക്കാരെ മറന്ന് പ്രവർത്തിക്കുന്നത് കാരണം മുടങ്ങിയ പദ്ധതികളും റിപ്പോർട്ടിൽ അക്കമിട്ടു നിരത്തുന്നുണ്ട് യുഡിഎഫ്. കേന്ദ്രസർക്കാരിന്റെ വികലമായ നയങ്ങളെയും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. ''കട്ടപ്പുറത്തെ കേരള സർക്കാർ''എന്നാണ് രേഖയുടെ പേര്

2016 വരെ ആകെ കടബാധ്യത 1,57,370 കോടി രൂപ. 2020-'21 ഓടെ ഇത് 3,33,592 കോടിയായി. 1,76,000 കോടിയുടെ വർധന. 2016 വരെ മലയാളിയുടെ ആളോഹരികടം 46,078.04 രൂപയായിരുന്നത് ഇപ്പോൾ 1,05,000 ആയി. 2021-'22 വർഷത്തെ റവന്യൂകമ്മി 23,176 കോടിയായും ധനക്കമ്മി 37,656 കോടി രൂപയായും ഉയർന്നു. രാജ്യത്തെ ഏറ്റവും കടബാധ്യതയുള്ള അഞ്ചു പ്രധാന സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് ആർ.ബി.ഐ. പറയുന്നു. ഈവർഷം ഇതുവരെ 24,039 കോടി കടമെടുത്തു. സി.എ.ജി. റിപ്പോർട്ടനുസരിച്ച് കിഫ്ബിയടക്കം 36 പൊതുമേഖലാസ്ഥാപനങ്ങൾക്കു വായ്പയെടുക്കാൻ സർക്കാർ ഗാരന്റിനിന്നു. ഈ സ്ഥാപനങ്ങളുടെ ആകെ കടബാധ്യത 31,800 കോടി. ഇതു സംസ്ഥാനത്തിന്റെ കടബാധ്യതയായി എന്നാണ് യുഡിഎഫ് പറയുന്നത്.

കിഫ്ബി ബാധ്യതയാവുമെന്ന് യു.ഡി.എഫ്. പ്രവചിച്ചതുപോലെ സംഭവിച്ചു. നാളിതുവരെ 962 പദ്ധതികൾക്കായി 73,908 കോടി രൂപയുടെ അംഗീകാരമാണ് കിഫ്ബി നൽകിയിട്ടുള്ളത്. അഞ്ചുവർഷത്തിൽ 50,000 കോടിയുടെ പദ്ധതികൾ പൂർത്തിയാക്കുമെന്ന് അവകാശപ്പെട്ട കിഫ്ബി ആറരവർഷത്തിൽ പൂർത്തിയാക്കിയത് 6201 കോടിയുടെ പദ്ധതികൾ മാത്രം. 2017-'18 മുതൽ 2021-'22 വരെ കിഫ്ബി എടുത്ത വായ്പ 13,468.44 കോടി രൂപ. വായ്പയും സർക്കാർസഹായവും ഉൾപ്പെടെ കിഫ്ബിക്ക് ലഭിച്ചത് 23,604.29 കോടി രൂപ. ഇതിൽ 2022 ജൂൺവരെ ചെലവഴിച്ചത് 20,184.54 കോടി. കിഫ്ബിയുടെ കൈയിലുള്ളത് 3419.75 കോടി. 50,000 കോടിയുടെ പദ്ധതികൾ എങ്ങനെ നടപ്പാക്കുമെന്നതിന് ഉത്തരമില്ല.

നികുതിവെട്ടിച്ചു പ്രവേശിക്കുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് തിരിച്ചറിയാവുന്ന സോഫ്റ്റ്‌വേർ തകരാറിലാക്കിയെന്ന് സി.പി. ജോൺ കുറ്റപ്പെടുത്തി. ചെക്‌പോസ്റ്റുകളില്ലാത്ത കേരളം നികുതിവെട്ടിപ്പുകാരുടെ പറുദീസയായി. മോദിയുടെ തന്ത്രമാണ് പിണറായിസർക്കാർ നടപ്പാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 99 ലക്ഷംമുടക്കി ക്ലിഫ് ഹൗസിൽ ഉദ്യോഗസ്ഥർക്ക് കെട്ടിടം. കാലിത്തൊഴുത്ത് നിർമ്മിക്കാൻ 42.50 ലക്ഷം, ലിഫ്റ്റ് പണിയാൻ 25 ലക്ഷം, നീന്തൽക്കുളം നവീകരിക്കാൻ 32 ലക്ഷം. മുഖ്യമന്ത്രിയുടെ അകമ്പടിക്ക് ആംബുലൻസ് അടക്കം 28 സുരക്ഷാവാഹനങ്ങൾ, മുഖ്യമന്ത്രിക്ക് യാത്രചെയ്യാന്മാത്രം വാങ്ങിയത് ഏഴു കാർ, വിദേശയാത്രയ്ക്ക് മുഖ്യമന്ത്രി ചെലവഴിച്ചത് കോടികൾ. ലണ്ടൻ യാത്രയ്ക്ക് 43.14 ലക്ഷം, നോർവേ യാത്രയ്ക്ക് 46.93 ലക്ഷം, മുഖ്യമന്ത്രിയും മന്ത്രിമാരും ഇതുവരെ നടത്തിയത് 84 വിദേശയാത്രകൾ-ഇങ്ങനെ ധൂർത്തുകളും അക്കമിട്ട് നിരത്തുന്നു.

മണ്ഡലത്തിൽ ഒരു പദ്ധതിയും നടക്കുന്നില്ലെന്നു ഭരണകക്ഷി എംഎൽഎമാർ പോലും പരാതി പറയുകയാണെന്നും കെഎസ്ആർടിസിയിലുണ്ടായ പ്രതിസന്ധി എല്ലാ സ്ഥാപനങ്ങളിലേക്കും വ്യാപിക്കുകയാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. സി.പി.ജോൺ ചെയർമാനും എൻ.കെ.പ്രേമചന്ദ്രൻ എംപി, എൻ.ഷംസുദ്ദീൻ എംഎൽഎ, പി.സി.തോമസ്, മാത്യു കുഴൽനാടൻ എംഎൽഎ, ജി.ദേവരാജൻ, കെ.എസ്.ശബരീനാഥൻ എന്നിവരാണു ധവളപത്രം തയാറാക്കിയത്.