ന്യൂയോർക്ക്: നിർമ്മിതബുദ്ധി സാങ്കേതിക വിദ്യയിലേക്കുള്ള ചുവടുമാറ്റത്തിന്റെ ഭാഗമായി പ്രമുഖ ടെക് ഭീമന്മാരായ ഗൂഗിൾ വീണ്ടും ജീവനക്കാരെ പിരിച്ചുവിടുന്നു. ഡിജിറ്റൽ അസിസ്റ്റന്റ്, ഹാർഡ് വെയർ, എൻജിനീയറിങ് വിഭാഗങ്ങളിൽ നിന്നായി നൂറിലധികം ജീവനക്കാരെ പിരിച്ചുവിടാനാണ് ഗൂഗിൾ തീരുമാനിച്ചിരിക്കുന്നത്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് കമ്പനി അറിയിച്ചു. വിഭവങ്ങളുടെ ഫലപ്രദമായ ഉപയോഗം സാധ്യമാക്കാനാണ് മാറ്റം കൊണ്ടുവരുന്നത് എന്നാണ് കമ്പനിയുടെ വിശദീകരണം.

വോയ്സ് അടിസ്ഥാനമാക്കിയുള്ള ഗൂഗിൾ അസിസ്റ്റന്റ്, ഓഗ്മെന്റഡ് റിയാലിറ്റി ഹാർഡ് വെയർ എന്നി വിഭാഗങ്ങളിലാണ് പ്രധാനമായി പിരിച്ചുവിടൽ നടക്കാൻ പോകുന്നത്. സെൻട്രൽ എൻജിനീയറിങ് വിഭാഗത്തിലും ജീവനക്കാരെ ഒഴിവാക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.

ഗൂഗിൾ അസിസ്റ്റന്റ് സോഫ്റ്റ് വെയർ, ഡിവൈസസ്, സർവീസസ് വിഭാഗങ്ങളിൽ നിന്നുള്ളവരെയാണ് പിരിച്ചുവിടുന്നത്. ഗൂഗിൾ വക്താവിനെ ഉദ്ധരിച്ച് ഓൺലൈൻ വാർത്താ വെബ്സൈറ്റായ സെമാഫോർ ആണ് ഇക്കാര്യം ആദ്യം പുറത്തുവിട്ടത്. തങ്ങളുടെ ഉല്പന്നങ്ങളിൽ പുതിയ നിർമ്മിതബുദ്ധി സാങ്കേതിക വിദ്യകൾ സംയോജിപ്പിക്കുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ പുനഃസംഘടന ഗൂഗിൾ അസിസ്റ്റന്റിനെ മെച്ചപ്പെടുത്തുമെന്ന് ഗൂഗിൾ പറയുന്നു. ഗൂഗിൾ അസിസ്റ്റന്റിന്റെ പുതിയ പതിപ്പിൽ ഗൂഗിളിന്റെ ജനറേറ്റീവ് എഐ ചാറ്റ് ബോട്ട് ആയ ബാർഡ് ഉൾപ്പെടുത്തുമെന്ന് കമ്പനി ഒക്ടോബറിൽ പ്രഖ്യാപിച്ചിരുന്നു.

കമ്പനിയുടെ മാപ്പിങ് ആപ്പായ വേസിൽ നിന്നും ജീവനക്കാരെ പിരിച്ചുവിടും. ഡിവൈസസ് ആൻഡ് സർവീസസ് ടീമിൽ നിന്നും നൂറുകണക്കിന് പേരെ പിരിച്ചുവിടുന്നുണ്ട്. 2023 ഡിസംബറിൽ അവതരിപ്പിച്ച ജെമിനി എന്ന എഐ മോഡൽ കൂടുതൽ ഉല്പന്നങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. പരസ്യ വിതരണ സംവിധാനത്തിൽ ഉൾപ്പടെ നിർമ്മിതബുദ്ധി സാങ്കേതിക വിദ്യകൾ അവതരിപ്പിക്കാനും പരമാവധി ജീവനക്കാരെ ഒഴിവാക്കാനുമാണ് പദ്ധതി.

അതിനിടെ ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള വെയറബിൾ ബ്രാൻഡായ ഫിറ്റ്ബിറ്റിന്റെ സഹസ്ഥാപകരായ ജെയിംസ് പാർക്കും, എറിക് ഫ്രൈഡ്മാനും ഫിറ്റ്ബിറ്റിന്റെ നേതൃനിരയിലുണ്ടായിരുന്ന മറ്റുള്ളവരും ഗൂഗിൾ വിടുകയാണ്.

എത്ര പേരെയാണ് കമ്പനി പിരിച്ചുവിടുന്നത് എന്ന് കൃത്യമായി കമ്പനി വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി ഗൂഗിൾ നിശ്ചിത ഇടവേളകളിൽ ജീവനക്കാരെ പിരിച്ചുവിടുന്നുണ്ട്. റിക്രൂട്ടിങ്, ന്യൂസ് വിഭാഗങ്ങളിൽ നിന്ന് ഇതിന് മുമ്പ് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ ജനുവരിക്ക് ശേഷം കമ്പനിയിൽ ഒരു കൂട്ടപ്പിരിച്ചുവിടൽ ഉണ്ടായിട്ടില്ല. അന്ന് 12000 പേരെയാണ് കമ്പനി പിരിച്ചുവിട്ടത്. 2023 സെപ്റ്റംബറിലെ കണക്കനുസരിച്ച് 18,0000 ജീവനക്കാർ ഗൂഗിളിനുണ്ട്.

ഗൂഗിളിൽ ഒഴിവുവരുന്ന മറ്റിടങ്ങളിലേക്ക് അപേക്ഷിക്കുന്നതിന് ജീവനക്കാർക്ക് അവസരമുണ്ടെന്നും കമ്പനി അറിയിച്ചു. അതിനിടെ ജീവനക്കാരെ പിരിച്ചുവിടുന്ന നടപടിക്കെതിരെ പ്രതിഷേധവുമായി ആൽഫാബെറ്റ് വർക്കേഴ്സ് യൂണിയൻ രംഗത്തുവന്നു. ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിന് വേണ്ടി ജീവനക്കാർ കഷ്ടപ്പെടുകയാണ്. കമ്പനിക്ക് കോടികൾ ലാഭം ഉണ്ടാക്കാൻ പ്രയത്നിക്കുന്ന ജീവനക്കാരെ ഒഴിവാക്കാൻ കമ്പനിയെ അനുവദിക്കില്ല. ജോലി സുരക്ഷിതത്വം ഉറപ്പാക്കുന്നതുവരെ പോരാട്ടം തുടരുമെന്നും വർക്കേഴ്സ് യൂണിയൻ പറഞ്ഞു.