തിരുവനന്തപുരം : വിവാദമായ മുല്ലപ്പെരിയാർ, മോൻസൻ വിഷയങ്ങളിൽ ഐ.എഫ്.എസ്, ഐ.പി.എസ്. ഉന്നതർക്കെതിരേ സർക്കാർ നടപടി എടുക്കും. മുല്ലപ്പെരിയാറിൽ മരംമുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകി ഉത്തരവിറക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ്, പുരാവസ്തു സാമ്പത്തികത്തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലുമായി ഉറ്റബന്ധം പുലർത്തിയ ഐ.ജി: ജി. ലക്ഷ്മണ എന്നിവർക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കാനാണു തീരുമാനം.

ബെന്നിച്ചനെതിരേ വനംവകുപ്പ് സെക്രട്ടറി ആർ.കെ. സിൻഹയും ലക്ഷ്മണയ്ക്കെതിരേ ഡി.ജി.പി: അനിൽകാന്തും സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു. രണ്ട് കേസിലും അഴിമതിയുടെ മണമുള്ളതായി സർക്കാരും സംശയിക്കുന്നു. ഈ സാഹചര്യത്തിലാണ് നടപടി. മംഗളത്തിൽ എസ് നാരായണനാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഡിജിപിയുടെ റിപ്പോർട്ട് അനിൽകാന്തിന് എതിരാണെന്നാണ് സൂചന.

ബേബി ഡാം ബലപ്പെടുത്തുന്നതിനായി 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകുന്നതിനു മുമ്പ് സർക്കാരിനെ അറിയിക്കാത്തതിനാണു ബെന്നിച്ചനെതിരായ നടപടി. അഡീഷണൽ ചീഫ് സെക്രട്ടറി തലത്തിലെടുത്ത തീരുമാനത്തിന്റെ അന്തഃസത്ത ഉൾക്കൊള്ളാതെ പ്രവർത്തിച്ചെന്നാണ് അദ്ദേഹത്തിനെതിരായ ആരോപണം. ഇതിൽ കഴമ്പുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ സർക്കാരിന് ബോധ്യമായിട്ടുണ്ട്. മുല്ലപ്പെരിയാറിൽ സർക്കാരിനെ അറിയിക്കാതെ എടുത്ത നടപടി ഏറെ വിവാദമായിരുന്നു.

പൊലീസിന്റെ മാന്യതയ്ക്കു നിരക്കാത്ത പ്രവർത്തനത്തിന്റെ പേരിലാകും ഐ.ജി. ലക്ഷ്മണക്കെതിരായ നടപടി. ഇരുവരെയും സസ്പെൻഡ് ചെയ്യണോ പദവിയിൽനിന്നു മാറ്റിനിർത്തണോയെന്ന കാര്യത്തിൽ അന്തിമതീരുമാനം മുഖ്യമന്ത്രിയുടേതാണ്. ബെന്നിച്ചനെതിരേ നടപടിയെടുക്കണമെന്നാണു വനംമന്ത്രി എ.കെ. ശശീന്ദ്രന്റെ ശിപാർശ.

മോൻസനുമായി നിരന്തരം ഫോണിൽ സംസാരിച്ചതിന്റെ രേഖകളും മോൻസന്റെ വസതിയിൽ ക്രൈംബ്രാഞ്ച് റെയ്ഡിനിടെ ഐ.ജി: ലക്ഷ്മണയുടെ സാന്നിധ്യവും പൊലീസ് ആസ്ഥാനത്തുനിന്നുള്ള റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഡിജിപി അനിൽകാന്തിന്റെ റിപ്പോർട്ട് അനുസരിച്ചായിരിക്കും നടപടി. ഐജിയുടെ ഭാഗത്ത് നിന്ന് പൊലീസിന്റെ മാന്യതയ്ക്ക് ചേരാത്ത നടപടിയുണ്ടായതായാണ് റിപ്പോർട്ട്.

ഐജി ലക്ഷ്മണിനെ സസ്പെൻഡ് ചെയ്യാനുള്ള ശുപാർശയിൽ മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. മോൻസണുമായി സംസാരിച്ചതിന്റെ രേഖകളടക്കം പരിശോധിച്ചാണ് നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്. മോൻസണുമായി ഐജി ലക്ഷ്മണിന് അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് നീക്കം.