കൊച്ചി: അടുത്തകാലത്തായി കേരളാ പൊലീസും മലയാളികളും ഒരു കേസിനെ കുറിച്ച് ആലോചിച്ച് ഇത്രയേറെ ചിരിച്ചിണ്ടാകില്ല. സോഷ്യൽ മീഡിയയിൽ മോൻസൻ മാവുങ്കലിനെ കുറിച്ചുള്ള ട്രോളുകൾ വായിച്ചു ചിരിച്ചു കുന്തം മറിയുന്നവരാണ് ഏറെയും. അതേസമയം അതീവ ഗൗരവമെന്ന് മാധ്യമങ്ങൾ പറയുന്ന ഈ കേസ് അന്വേഷണ ഉദ്യോഗസ്ഥരും ചിരി നിർത്തിയിട്ടില്ല. മോൻസനെ ചോദ്യം ചെയ്ത ശേഷം തലകുത്തി നിന്ന് ചിരിക്കുകയാണത്രേ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ. അത്തരം മറുപടികളാണ് കുപ്രസിദ്ധനായ പുരാവസ്തു തട്ടിപ്പുകാരൻ നൽകുന്നത്.

മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ അടക്കം മോൻസൻ പറ്റിച്ചതിനെ കുറിച്ചു ചോദിക്കുമ്പോൾ ചിരി നിർത്താൻ ഉദ്യോഗസ്ഥർക്കും സാധിക്കുന്നില്ല. സൈബർ ഇടത്തിലെ ട്രോളുകളെ വെല്ലുന്ന കാഴ്‌ച്ചകളാണ് മോൻസനെ ചോദ്യം ചെയ്യുന്നിടത്തും. മാവുങ്കലിന്റെ തള്ളലുകളും പൊലീസുകാരെ കുടുകുടാ ചിരിപ്പിക്കുന്നു. എന്തിനാണ് ഇതൊക്കെ പറഞ്ഞ് ആൾക്കാരെ പറ്റിക്കുന്നതെന്ന് ചോദിച്ചാൽ, ഞാൻ ഇങ്ങനെ തള്ളൽ നടത്തിയാണ് ജീവിക്കുന്നത്, ഇത്രയും നാളും ജീവിച്ചത്. ഞാൻ അതിന് ആരെയും നിർബന്ധിച്ച് ഒന്നും വാങ്ങിപ്പിക്കാറില്ല എന്നാണ് മോൻസന്റെ മറുപടി. ഈ മറുപടികേട്ട് ചിരിച്ചു മറിയുകയാണ് ഉദ്യോഗസ്ഥർ. അടുത്തകാലത്തായി ഇത്രയും 'ഫൺ' നിറച്ചുള്ള ഒരു അന്വേഷണം മുന്നോട്ടു പോയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

തികച്ചു സിനിമാറ്റിക്കായ മറുപടികളാണ് മോൻസനിൽ നിന്നും ഉണ്ടാകുന്നതും. 'നിങ്ങൾ ഡോക്ടറാണോ മോൻസൻ?''ഏയ് ഞാൻ ഡോക്ടറൊന്നുമല്ല. ആരെങ്കിലും ഡോക്ടർ ചേർത്ത് എന്നെ വിളിച്ചാൽ ഞാനെന്തിന് തിരുത്താൻ പോകണം. തിരുത്താറുമില്ല...' ഇങ്ങനെയുള്ള ഉത്തരങ്ങളാണ് ചോദ്യം ചെയ്യലിൽ വരുന്നത്. പൊലീസ് ഓഫിസർമാരെ ഉൾപ്പെടെ പറ്റിച്ചതിനെക്കുറിച്ച് ചോദിക്കുമ്പോഴുള്ള മറുപടിയും ഏറെ രസകരമാണ്.

മോശയുടെ വടിയും ശ്രീകൃഷ്ണന്റെ ഉറിയും അടക്കമുള്ളവയെ കുറിച്ചുള്ള ചോദ്യങ്ങളിൽ തന്റെ വാക്കുകൾ വിശ്വസിച്ചവരെ കുറിച്ചു വിവരിക്കുമ്പോൾ മോൻസനും ഉള്ളിൽ ചിരിക്കുകയാണ്. 'ഞാൻ പറയുന്നു ഇത് മോശയുടെ വടിയാണെന്ന്: അവർ അത് വിശ്വസിക്കുന്നു. ഞാൻ ആരോടും നിർബന്ധിച്ച് പറയാറില്ല. ഇത് മോശയുടെ വടിയല്ലെന്ന് തർക്കിക്കാൻ അവരും നിൽക്കാറില്ലാത്തതിനാൽ അങ്ങനെ മുന്നോട്ടുപോകുന്നു...' എന്നാണ് തന്റെ തള്ളിനെ കുറിച്ച് മോൻസൻ പറയുന്നത്.

അതിനിടെ മോൻസൻ മാവുങ്കലിന്റെ വീട്ടിലുള്ള ആനക്കൊമ്പ് വ്യാജമെന്ന് വനംവകുപ്പും കണ്ടെത്തിയിട്ടുണ്ട്. ഒറ്റനോട്ടത്തിൽ ആനകൊമ്പ് എന്നു തോന്നു ഇതും വ്യാജമാണെന്നത് ഞെട്ടിക്കുന്നു. ഒട്ടകത്തിന്റെ എല്ലുകൾ ഉപയോഗിച്ച് നിർമ്മിച്ചതെന്ന് സംശയം. ഇവ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജിയിൽ പരിശോധിക്കാനാണ് അധികൃതരുടെ തീരുമാനം. ഇതുകൂടാതെ ചില ശംഖുകൾ കണ്ടെടുത്തിട്ടുണ്ട്. ഇതും പരിശോധന വിധേയമാക്കും. മോൻസന്റെ വീട്ടിലെ ശിൽപങ്ങളൊന്നും ചന്ദനത്തിൽ തീർത്തതല്ലെന്നും വനംവകുപ്പ് കണ്ടെത്തി. മോൻസന്റെ വീടുകളിൽ പൊലീസും വനംവകുപ്പും മോട്ടോർവാഹന വകുപ്പും സംയുക്ത പരിശോധന നടത്തുകയായിരുന്നു.

അതേസമയം മോൻസൻ മാവുങ്കലിന്റെ തട്ടിപ്പിന്റെ തമാശകൾ സാമൂഹിക മാധ്യമങ്ങളിലും നിറഞ്ഞൊഴുകുകയാണ്. മലയാളിയുടെ ഹാസ്യം ഏതറ്റം വരെയും കൊണ്ടുപോകാൻ പറ്റുന്ന തരത്തിലാണ് മോൻസന്റെ പുരാവസ്തു തട്ടിപ്പിന്റെ ട്രോളുകളിറങ്ങുന്നത്. പരിചയക്കാർ ഫോൺ വിളിച്ചാൽ തമ്മിൽ ആദ്യം ചോദിക്കുന്നതുതന്നെ ശ്രീകൃഷ്ണൻ ഉപയോഗിച്ച സുദർശന ചക്രം ഇരിപ്പുണ്ട് വേണോ... പത്തോ പതിനഞ്ചോ കോടി തന്നാൽ മതിയെന്നാണെന്നാണ് ട്രോളുകൾ. എം ജി ശ്രീകുമാറിനെയും മോൻസൻ കബളിപ്പിച്ചിരുന്നു. ഇതുകൂടി ആയപ്പോൾ ചിരിയുടെ ഡേസ് കൂടിയെന്ന് പറഞ്ഞാൽ മതി.

മോശയുടെ വടിയും ഹനുമാന്റെ ഗദയും ഒന്നും വേണ്ട, വെള്ളം വീഞ്ഞാക്കുന്ന ഭരണിയുണ്ടോ അതു പറ...! ഇങ്ങനെ മലയാളിയുടെ തമാശയുടെ രണ്ടു ദിവസങ്ങളാണ് കടന്നുപോയത്. മുൻ ഡിജിപി ലോക്‌നാഥ് ബഹ്‌റയുൾപ്പെടെ ഇരുന്ന ടിപ്പുസുൽത്താന്റെ കസേരയായി പ്രചരിച്ച പടത്തെക്കുറിച്ചാണ് കൂടുതലും ട്രോൾ. ടിപ്പു സുൽത്താൻ ഒഴിച്ച് ബാക്കി എല്ലാവരും ആ കസേരയിൽ ഇരുന്നതായാണ് ട്രോൾ മഴ.

പരമശിവന്റെയും പാർവതിയുടെയും കല്യാണ ആൽബം കാണുന്ന ഉന്നതൻ, പാഞ്ചാലി അഞ്ച് ഭർത്താക്കന്മാർക്കും ചായ കൊടുക്കുന്ന അഞ്ചു കുഴലുള്ള കെറ്റിൽവില വെറും 100 കോടി, ദശരഥ മഹാരാജാവിന്റെ തേരിന്റെ ഊരിപ്പോയ നട്ടും ബോൾട്ടും, വെണ്ണ കട്ടു തിന്നതിന് കൃഷ്ണനെ കെട്ടിയിട്ട ഉരൽവില 4.5 ലക്ഷം കോടി, പരശുരാമൻ വലിച്ചെറിഞ്ഞ മഴു, ഗണപതി നേരിട്ടെഴുതിയ മഹാഭാരതം... ഇതൊക്കെ ചേർത്തലയിലെ കുട്ടപ്പനാശാരിയുണ്ടാക്കിയതാണെന്ന് പറയുമ്പോഴാണ് ചിരിയുടെ പൂരമാകുന്നത്.

സൂപ്പർമാന്റെ പ്രശസ്തമായ അടിവസ്ത്രം വരെ വിൽപനയ്ക്കു വാട്‌സാപ്പിൽ വരുന്നുണ്ട്. മോശയുടെ വടിയല്ല, അതൊരു ഊന്നുവടിയാണെന്ന് ഉൾപ്പെടെ പിന്നീട് ഓരോന്നും മോൻസൻ ക്രൈംബ്രാഞ്ചിനോട് സമ്മതിക്കുകയും ചെയ്യുന്നു. പന്തളം രാജാവ് ചെമ്പ് തകിടിൽ പ്രാചീന കോലെഴുത്തിൽ മലയാള അക്ഷരങ്ങൾ കൊത്തിയെഴുതിയ രാജമുദ്രയുള്ള ചെമ്പോല തിട്ടൂരം അങ്ങനെ വ്യാജന്മാരുടെ മുൻകഥകളും പുറത്തു വരുന്നു.

മാർക്‌സ് പണം പിരിക്കാൻ ഉപയോഗിച്ച ബക്കറ്റിന് 199 കോടിയെന്നു പറഞ്ഞ് രാഷ്ട്രീയവും ട്രോളുകളിലേക്കു കടന്നുകയറി. കടമറ്റത്ത് കത്തനാർ കള്ളിയങ്കാട്ട് നീലിയുടെ ഉച്ചിയിൽ തറച്ച ആണിക്ക് വില 130 കോടിയെന്നും ട്രോളുണ്ട്! ഇങ്ങനെ പുരാവസ്തുക്കളുടെ കഥയും തമാശയും പടരുകയാണ്.