കൊച്ചി: നടൻ ബാലയും അമൃതാ സുരേഷും തമ്മിലുള്ള വിവാഹമോചനത്തിന് മോൻസൺ മാവുങ്കൽ ഇടനിലക്കാരനായി നിന്നിരുന്നതായി അമൃതയുടെ അഭിഭാഷകൻ പ്രേംരാജിന്റെ വെളിപ്പെടുത്തൽ. മധ്യസ്ഥ ചർച്ച നടന്നത് മോൻസന്റെ വീട്ടിലാണെന്നും ബാലയ്ക്കൊപ്പം അനൂപ് മുഹമ്മദ് ഉണ്ടായിരുന്നതായും പ്രേംരാജ് വ്യക്തമാക്കി.

മോൻസണുമായി അയൽക്കാരൻ എന്ന തരത്തിലുള്ള അടുപ്പം മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്നായിരുന്നു ബാല പറഞ്ഞിരുന്നത്. എന്നാൽ മോൻസൺ പറഞ്ഞാൽ ബാല എന്തും കേൾക്കും എന്ന ബാലയുടെ സുഹൃത്തിന്റെ അഭിപ്രായപ്രകാരമാണ് മധ്യസ്ഥചർച്ചയ്ക്കായി മോൻസനെ സമീപിച്ചതെന്നും പ്രേംരാജ് പറയുന്നു.

മോൻസന്റെ കേസ് ഒത്തു തീർപ്പാക്കാനാണ് ബാല ശ്രമിച്ചതെന്നും അതിനായിട്ടാണ് അജിത്തുമായി ഫോണിൽ സംസാരിച്ചതെന്നും റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. മോൻസൺ അയൽവാസിയായിരുന്നുവെന്നും പുരാവസ്തുക്കൾ ശേഖരിക്കുന്ന ആളെന്ന നിലയിലും നന്മപ്രവർത്തികൾ ചെയ്യുന്ന വ്യക്തിയെന്ന നിലയിലുമാണ് തനിക്ക് അയാളിൽ അവമതിപ്പുള്ളതെന്നും ബാല പ്രതികരിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള ബന്ധം വ്യക്തമാക്കി പ്രേംരാജ് രംഗത്തെത്തിയത്. അനൂപ് മുഹമ്മദും ബാലയും തമ്മിലും നല്ല ബന്ധം ഉണ്ട്. കുടുംബകോടതിയിൽ ഇരുവരും ഒരുമിച്ചായിരുന്നു ഇരിക്കുന്നത് വരെ. ആ വില കൂടിയ വാച്ചിൽ ഒരെണ്ണം കെട്ടിയാണ് അദ്ദേഹം കോടതിയിൽ വന്നിട്ടുള്ളതെന്നും പ്രേംരാജ് പറയുന്നു.

അമൃതയുടെ അഭിഭാഷകന്റെ വാക്കുകൾ: 2019 ന്റെ തുടക്കത്തിൽ ഞാൻ അമൃതയുടെ അഭിഭാഷകൻ ആയിരുന്നു. ആ സമയത്ത് ബാലയും അമൃതയും തമ്മിൽ വിവാഹമോചനം ഉൾപ്പെടെ നാലഞ്ച് കേസുകൾ ഉണ്ടായിരുന്നു. അങ്ങനെയുള്ള സമയത്ത് അമൃതയുടെ കേസ് എന്റെ കൈയിൽ ആണെന്ന് അറിഞ്ഞിട്ട് എന്റെ ഒരു സുഹൃത്ത് ഈ ബാലയും മോൺസനും തമ്മിൽ വലിയ ബന്ധമാണെന്നും ഈ മോൺസൺ പറഞ്ഞാൽ ബാല എന്തും കേൾക്കുമെന്നും പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു അങ്ങിനെ ആണെങ്കിൽ ഇതൊന്നു സെറ്റിൽഡ് ചെയ്തോളൂ എന്ന്.

പിന്നീട് ആ സെറ്റിൽമെന്റ് സംസാരം നടക്കുന്നത് മോൺസന്റെ വീട്ടിൽ വച്ചാണ്. മോൺസന്റെ വീട്ടിൽ ഈ സംസാരം നടക്കുമ്പോൾ ബാലയുടെ കൂടെ വന്നത് ഒന്ന് ഈ പരാതിക്കാരൻ അനൂപ്, രണ്ട് ബാലയുടെ അഭിഭാഷക ശാന്തി പ്രിയ ഇവർ രണ്ടുപേരും ആണ്. ബാലയ്ക്ക് വേണ്ടി ഭൂരിഭാഗം സംസാരിച്ചിട്ടുള്ളതും ഈ അനൂപ് അഹമ്മദാണ്.

അതുകഴിഞ്ഞു ഈ കേസുമായി ബന്ധപ്പെട്ടുകൊണ്ട് ഒരാഴ്ചയ്ക്ക് ശേഷം അമൃതയോടും ബാലയോടും ഹാജരാകാൻ ഒരു ഓർഡർ ഉണ്ടായിരുന്നു. അന്ന് ബാല ഹാജരാകുന്നത് അനൂപ് എന്ന ആൾ ഡ്രൈവ് ചെയ്തിട്ട് വന്ന കാറിൽ ആണ്. ആ കാർ മോൺസന്റെ വീട്ടിൽ കിടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അത് മോൺസന്റെ കാർ ആയിരുന്നു. അതിൽ ഒരു വണ്ടിയിൽ ആണ് ഇവർ വരുന്നത്. കുടുംബകോടതിയിലും ബാലയ്ക്ക് വേണ്ടി വരുന്നത് ഈ അനൂപാണ്.

ഒരു സാധാരണ അയൽക്കാരനുമായുള്ള ബന്ധം ആണ് ഇതെങ്കിലും ഒരു മൂന്നാം കക്ഷി ഇവിടെ വന്നു സംസാരിക്കില്ല. അതേപോലെ അനൂപും ബാലയും തമ്മിൽ നല്ല ബന്ധം ഉണ്ട്. കുടുംബകോടതിയിൽ ഇരുവരും ഒരുമിച്ചായിരുന്നു ഇരിക്കുന്നത് വരെ. മോൺസന്റെ റൂമിൽ കയറി മോൺസന്റെ ഉപദേശം കേട്ടിട്ട് നോക്കാം എന്നുംബാല മറുപടിയും നൽകിയെന്ന് പ്രേംരാജ് പറയുന്നു.

ഈ സംസാരത്തിനു ശേഷം ഇവർ കോടികളുടെ വിലയുള്ള വാച്ചിനെക്കുറിച്ചൊക്കെ സംസാരിക്കുന്നുണ്ട്. പിന്നീട് ഞാൻ അനൂപിനെ കോടതിയിൽ കണ്ടപ്പോൾ ആ വില കൂടിയ വാച്ചിൽ ഒരെണ്ണം കെട്ടിയാണ് അദ്ദേഹം കോടതിയിൽ വന്നിട്ടുള്ളത്. അതിന് ഏതാണ്ട് കോടിക്കണക്കിനു വിലയുള്ള വച്ചാണ്. ഈ കോടിക്കണക്കിനു കൊടുത്ത അനൂപിന് ആ വാച്ചുമായി നടന്നു പോയാൽ പോരെ. അഭിഭാഷകൻ പ്രേം രാജ് പറയുന്നു.