കൊച്ചി: ലണ്ടനിലുള്ള ഉത്തരേന്ത്യൻ സേഠ്. ഈ സേഠിന് കോടിക്കണക്കിന് രൂപ വിലയുള്ള പുരാവസ്തുക്കളുണ്ടായിരുന്നു. പെട്ടെന്ന് ഈ സേഠ് മരിച്ചു. അതോടെ ഈ സ്വത്തിനെല്ലാം അവകാശി ഇല്ലാതായി. മരണത്തിന് മുമ്പേ എല്ലാ സ്വത്തുക്കൾക്കും ഭാവിയിലെ അവകാശിയായി സേഠ് കണ്ടത് തന്റെ കൂടെ നിന്ന മലയാളി വിശ്വസ്തനെയാണ്. സേഠിനോടുള്ള അതിയായ സ്‌നേഹം ഇയാളേയും പിന്നീട് പുരാവസ്തു തൽപ്പരനാക്കി. നാട്ടിൽ പുരാവസ്തു മ്യൂസിയമായിരുന്നു ഇയാളുടെ ലക്ഷ്യം-ഇതൊരു സിനിമാക്കഥയല്ല. തന്നെ വന്ന് കണ്ടവരോടെല്ലാം തട്ടിപ്പുകാരനെന്ന് ക്രൈംബ്രാഞ്ച് പറയുന്ന ഡോ മോൺസൺ മാവുങ്കൽ പറഞ്ഞ കഥയാണ്.

ഇനിയും കഥയ്ക്ക് തുടർച്ചയുണ്ട്. ഇവിടെയാണ് തട്ടിപ്പിന്റെ അനന്തസാധ്യതകൾ. ഈ സേഠിന്റെ ലണ്ടിനിലെ സ്വത്തെല്ലാം തനിക്കാണ് കിട്ടിയത്. അതെല്ലാം വിറ്റു പെറുക്കി നാട്ടിൽ സെറ്റിൽ ചെയ്യാൻ ആഗ്രഹിച്ചു. അങ്ങനെ കിട്ടിയത് 22,000ത്തിൽ അധികം കോടിയും. ഈ പണം ഇന്ത്യയിലേക്ക് അയച്ചപ്പോൾ വില്ലനായി റിസർവ്വ് ബാങ്കെത്തി. അവർ പണം തടഞ്ഞു. കുറച്ചു കോടികൾ കൊടുത്താൽ അത് തനിക്ക് കിട്ടും. അങ്ങനെ പണം കിട്ടിയാൽ തന്നെ സഹായിക്കുന്നവർക്ക് കോളടിക്കും. ഉറപ്പായും കോളടിക്കും. ഇതിന് വേണ്ടി വീട്ടിലെ പുരാവസ്തു മ്യൂസിയത്തിൽ ഒരുക്കിയ പുരാതന വസ്തുക്കൾ വിൽക്കാനും ശ്രമിച്ചു. ഈ കൂട്ടത്തിൽ ചില അമൂല്യ വസ്തുക്കളുണ്ട്. എന്നാൽ ബഹു ഭൂരിഭാഗവും പോളിഷ് ചെയ്ത പുരാവസ്തുവും. ഇതിന്റെ തിളക്കത്തിൽ പെട്ട് പലരും പണം നൽകി. അവരാണ് ചതിയിൽ പെട്ടത്.

പുരാവസ്തുവിന്റെ നിറവിൽ വിഐപികളെ വീഴ്‌ത്തുകയായിരുന്നു ലക്ഷ്യം. പൊലീസും സിനിമാക്കാരുമായിരുന്നു ടാർഗറ്റ്. ആദ്യം 2019ൽ ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയെ എത്തിച്ചു. ഒപ്പം എഡിജിപി മനോജ് എബ്രഹാമും. ഈ ചിത്രം ഫെയ്‌സ് ബുക്കിൽ ഇട്ട് വിശ്വസ്തനായ പുരാവസ്തു പ്രേമിയായി. ഇതിന് ശേഷം മോഹൻലാലിനെ എത്തിച്ചു. നിറപറ മുതലാളി ബിജു കർണ്ണനെ ചതിയൊരുക്കി വീഴ്‌ത്തിയാണ് ലാലിനെ കൊണ്ടു വന്നത്. എന്നാൽ പുരാവസ്തുക്കളെ കണ്ടാൽ പോലും തിരിച്ചറിയുന്ന ലാലിന് അവിടെ ഉണ്ടായിരുന്ന വസ്തുക്കളിലെ സത്യം മനസ്സിലായി. ഇതോടെ സൂപ്പർ താരം പതിയെ സേഠ് കഥയുമായി എത്തിയ ചേർത്തലക്കാരനെ കൈവിട്ടു.

അരം പ്ലസ് അരം എന്ന സിനിമയിൽ തിലികൻ പറയുന്ന കഥയ്ക്ക് സമാനമായത് പറഞ്ഞുള്ള തട്ടിപ്പാണ് മോൺസൺ മാവുങ്കൽ പദ്ധതിയിട്ടത്. ഇതിന് വേണ്ടി വിഐപികളുമായി ബന്ധമുള്ളവരെ വളച്ചെടുക്കും. അതിന് ശേഷം അവരിലൂടെ വിഐപികളെ അതിഥികളാക്കും. ഇവിടെ എത്തിയാൽ ആർക്കും ഒരു സംശയവും ഉണ്ടാകില്ല. അത്രഭംഗിയായാണ് പുരാവസ്തുക്കളെ സൂക്ഷിച്ചിരുന്നത്. വീടും പുറത്തു കിടക്കുന്ന കാറുകളുടെ ശേഖരവുമെല്ലാം കഥയെ വിശ്വസനീയമായി അവതരിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു. ഇതാണ് ക്രൈംബ്രാഞ്ച് അന്വേഷണം പൊളിക്കുന്നത്. പുരാവസ്തുകളിൽ പലതും ഡ്യൂപ്ലിക്കേറ്റാണെന്നും കണ്ടെത്തി കഴിഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ ആർക്കും പരാതിയില്ലാത്തതിനാൽ കേസെടുക്കില്ല.

ആറ്റിങ്ങലുകാരൻ സതീശാണ് മോൺസൺ മാവുങ്കലിന്റെ പ്രധാന സുഹൃത്ത്. ഇയാളാണ് പുരാവസ്തുക്കൾ സംഘടിപ്പിച്ച് നൽകുന്നത്. സിനിമയ്ക്കും മറ്റും സാധനങ്ങൾ നൽകുന്ന മന്നാഡിയാർമാരിൽ നിന്നും വാങ്ങിയവയും ശേഖരത്തിലുണ്ടെന്നാണ് ആരോപണം. എന്നാൽ ഇതെല്ലാം മോൺസൺ ഇപ്പോഴും നിഷേധിക്കുകയാണ്. കോസ്മറ്റോളജിസ്റ്റ് എന്ന പേരിലാണ് ഡോക്ടർ പദവി ഉപയോഗിച്ചിരുന്നത്. വിവിധ സംഘടനകളുടെ നേതാവുമായിരുന്നു. വീട്ടിലും വേണ്ടപ്പെട്ടവർക്ക് സുഖ ചികിൽസയുണ്ടായിരുന്നു. കൊച്ചിയിൽ ജോലി നോക്കിയിരുന്ന ഐപിഎസുകാരനായ പൊലീസുകാരന്റെ കുടുംബം തകരാനും ഈ ചികിൽസ കാരണമായെന്ന സംസാരം പൊലീസുകാർക്കിടയിലുമുണ്ട്.

പ്രവാസി മലയാളി ഫെഡറേഷൻ ചെയർമാൻ മോൺസൺ മാവുങ്കൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ. പത്തു കോടിയുടെ വഞ്ചനാകേസിലാണ് പിടിയിലായത്. പുരാവസ്തു വിറ്റ 10 കോടി രൂപ കയ്യിലുണ്ടെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെന്നാണ് കേസ്. 2,62,000 കോടി രൂപ തന്റെ അക്കൗണ്ടിലുണ്ടെന്ന വ്യാജരേഖ കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. അഞ്ചു പേരിൽ നിന്ന് 10 കോടി രൂപയാണ് തട്ടിയെടുത്തത്. സേഠിന്റെ പണമാണ് ഇതെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. 2,62,000 കോടി രൂപ തന്റെ ബാങ്ക് അക്കൗണ്ടിലെത്തി. അത് തിരിച്ചെടുക്കുന്നതിന് കുറച്ച് പണത്തിന്റെ ആവശ്യമുണ്ട്. അതിനുവേണ്ടി സഹായം ചെയ്തു നൽകിയാൽ ബിസിനസ് സംരംഭങ്ങൾക്ക് താൻ പലിശ രഹിതവായ്പ നൽകാമെന്ന വാഗ്ദാനം നൽകിയാണ് മോൻസൻ തട്ടിപ്പ് നടത്തിയിരിക്കുന്നത്. ശനിയാഴ്ച ചേർത്തലയിൽ നിന്നാണ് മോൻസൻ മാവുങ്കലിനെ കൊച്ചിയിൽ നിന്നുള്ള സംഘം അറസ്റ്റ് ചെയ്തത്.

അഞ്ചു പേരിൽ നിന്ന് 10 കോടി രൂപ തട്ടിയെടുത്തുവെന്നാണ് ക്രൈംബ്രാഞ്ചിന് നൽകിയിരിക്കുന്ന പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കേസുകൾ ഇയാൾക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരിൽനിന്നും ഇത്തരത്തിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. കൊച്ചി കേന്ദ്രീകരിച്ച് പുരാവസ്തു കേന്ദ്രം നടത്തുകയായിരുന്നു ഇയാൾ. പുരാവസ്തു കേന്ദ്രത്തിലുള്ള പല വസ്തുക്കളും അതി പുരാതനവും കോടിക്കണക്കിന് രൂപ വിലവരുന്നതും ആണെന്നാണ് ഇയാൾ പ്രചരിപ്പിച്ചിരുന്നത്. എന്നാൽ ഇതിൽ പലതിലും തട്ടിപ്പുണ്ടെന്നാണ് ഇയാൾക്കെതിരായ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.

കൊച്ചി കലൂരിലാണ് പുരാവസ്തു കേന്ദ്രമുള്ളത്. അവിടേക്ക് സംസ്ഥാനത്തെ പല പ്രമുഖരേയും വിളിച്ചു വരുത്തി സത്കരിക്കുന്ന പതിവുണ്ടായിരുന്നു. അത്തരത്തിൽ ഉന്നതരായ പലരേയും ചൂണ്ടിക്കാണിച്ച് അവരുമായുള്ള ബന്ധം വ്യക്തമാക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നത് എന്ന് ക്രൈംബ്രാഞ്ചും പറയുന്നു.