തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിനെ 1.51 കോടി രൂപയുടെ ഓഹരി തട്ടിപ്പു കേസിൽ തിരുനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി 22 വരെ റിമാന്റ് ചെയ്തു. ഒക്ടോബർ 8 ന് മൂന്നു ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ട പ്രതിയെ തിരികെ ഹാജരാക്കിയതിനെ തുടർന്നാണ് എ സി ജെ എം വിവിജാ രവീന്ദ്രൻ പ്രതിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ നിന്നും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്യാൻ ഉത്തരവിട്ടത്. സംസ്‌ക്കാര റ്റി വി ചാനൽ ചെയർമാനെന്ന് ആൾമാറാട്ടം നടത്തി 1.51 കോടി രൂപ വഞ്ചിച്ചെടുത്ത ഓഹരി തട്ടിപ്പു കേസിലാണ് കോടതി ഉത്തരവ്. ഓഹരി തട്ടിപ്പുകേസിൽ സിഗ്‌നേച്ചർ മീഡിയ കമ്പനി എം.ഡി. ഹരിപ്രസാദ് ഒന്നാം പ്രതിയും മോൻസൺ രണ്ടാം പ്രതിയുമാണ്.


2017 ജനുവരി 1 മുതൽ 2020 മാർച്ച് 24 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുമാരപുരം കിംസ് റോഡിലുള്ള സിഗ്‌നേച്ചർ മീഡിയ പ്രൈവറ്റ് ലിമിറ്റഡാണ് കൃത്യ സ്ഥാപനം. 2020 ലാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. എന്നാൽ 2021 സെപ്റ്റംബർ 25 ന് ക്രൈം ബ്രാഞ്ച് എറണാകുളം യൂണിറ്റ് മോൻസനെ പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റ് ചെയ്തതോടെയാണ് ഈഞ്ചക്കൽ യൂണിറ്റ് തലസ്ഥാനത്തെ കോടതിയിൽ ഫോർമൽ അറസ്റ്റ് , റിമാന്റ് , കസ്റ്റഡി എന്നിവക്കായുള്ള അപേക്ഷകൾ സമർപ്പിച്ചത്.

ആലപ്പുഴ ചേർത്തല തെക്ക് വില്ലേജിൽ വല്ലയിൽ ഭാഗത്ത് സിഎം സി 24 മാവുങ്കൽ വീട്ടിൽ നിന്നും എറണാകുളം കലൂർ വൈലോപ്പിള്ളി റോഡിൽ വട്ടപ്പറമ്പ് ലൈനിൽ വി എൽ ആർ എ - 15 എ വീട്ടിൽ വാടകക്ക് താമസം എം. എൽ .ചാക്കോ മകൻ മോൻസൺ മാവുങ്കൽ എന്നും മോൻസൺ. എ. സി എന്നും അറിയപ്പെടുന്ന മോൻസൺ ചാക്കോ (52) ആണ് വിവാദമായ കോടികളുടെ സാമ്പത്തിക തട്ടിപ്പു കേസുകളിലെ പ്രതി. ഓഹരി തട്ടിപ്പുകേസിൽ ഇയാൾ രണ്ടാം പ്രതിയാണ്.

ബാബു മാധവൻ മാനേജിങ് ഡയറക്ടർമാരിൽ ഒരാളായി ചുമതല വഹിക്കുന്ന കുമാരപുരത്തെ സിഗ്‌നേച്ചർ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ ചുമതല വഹിച്ചിരുന്ന പ്രതി കേസിലെ വാദിയായ ബാബുവിനെയും മറ്റു ഡയറക്ടർമാരേയും ഷെയർ ഹോൾഡർമാരേയും ചതിച്ചും വഞ്ചിച്ചും അന്യായ ലാഭം ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടും കരുതലോടും കൂടി കമ്പനിയുടെ നടത്തിപ്പിനായി സ്വീകരിച്ച വിവിധ തുകകൾക്കുള്ള ഷെയറുകൾ അവരുടെ അറിവോ സമ്മതമോ കൂടാതെ പ്രതി കമ്പനിയുടെ മിനിറ്റ്‌സു ബുക്കിൽ തിരുത്തലുകൾ വരുത്തി വിശ്വാസ വഞ്ചന ചെയ്ത് കമ്പനിയുടെ പേരിലുള്ള ഷെയറുകൾ സ്വന്തം പേരിലേക്ക് ട്രാൻസ്ഫർ ചെയ്തും1,50,72,000 രൂപയുടെ സാമ്പത്തിക തിരിമറി നടത്തി ചതി ചെയ്ത് വാദിക്കും മറ്റും അന്യായ നഷ്ടം വരുത്തിയെന്നാണ് കേസ്.

സിഗ്‌നേച്ചർ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങാൻ ഉദ്ദേശിച്ച റ്റി വി ചാനലായ റ്റി വി സംസ്‌ക്കാരയ്ക്ക് ബ്രോഡ്കാസ്റ്റിങ് ലൈസൻസ് ഇല്ലാത്തതിനാൽ ആയത് ഉള്ളതും പ്രവർത്തനം നിർത്തി വെച്ചിരിക്കുന്നതുമായ റ്റൂ സ്റ്റാർ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മുഴുവൻ ഓഹരികളും കമ്പനിയുടെ പേരിൽ 35 ലക്ഷം രൂപക്ക് വാങ്ങാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചതായി ക്രൈംബ്രാഞ്ച് റിമാന്റ് റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ അതിന് വിരുദ്ധമായി ഒന്നാം പ്രതി ഹരി പ്രസാദിന്റെ പേരിൽ 50 % ഷെയറുകളും സി ഇ ഒ ആയിരുന്ന ശ്രീധരൻപിള്ളയുടെ പേരിൽ 36.54 % ഷെയറുകളുകളും കൃത്യ സ്ഥാപനത്തിന്റെ പേരിൽ 13.46% ഷെയറുകൾ മാത്രവും വാങ്ങി ടൂ സ്റ്റാർ മീഡിയ ലിമിറ്റഡിന്റെ എംഡി ആയി കൃത്യ സ്ഥാപനത്തിന്റെ 35 ലക്ഷം രൂപ തിരിമറി നടത്തുകയും ഹരിപ്രസാദ് എം.ഡി ആയ ടൂ സ്റ്റാർ മീഡിയ ലിമിറ്റഡ് കമ്പനിയിലേക്ക് തന്നെ 60 ലക്ഷം രൂപ അപ്ലിങ്കിങ്/ ഡൗൺ ലിങ്കിങ് എഗ്രിമെന്റിന്റെ പേരിൽ മാറിയെടുക്കുകയും ടൂ സ്റ്റാർ നടത്തിയിരുന്ന സാഖി റ്റി വിയുടെ യൂസ്ഡ് സ്റ്റുഡിയോ ഉപകരണങ്ങൾ വാങ്ങാനായി 45 ലക്ഷം രൂപ കൃത്യ സ്ഥാപനത്തിന്റെ അക്കൗണ്ടിൽ നിന്നും റ്റൂ സ്റ്റാറിന്റെ എംഡിയായി സ്ഥാനം വഹിച്ചിരുന്ന ഹരിയുടേയും സി ഇ ഒയുടെയും പേഴ്‌സണൽ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത് മാറിയെടുത്തും ഹരി എംഡിയായ ടൂ സ്റ്റാറിന്റെ കെട്ടിട വാടകയിനത്തിലും സ്റ്റാഫിന്റെ ചെലവിനത്തിലുമായി 5.72 ലക്ഷം രൂപ കൃത്യ കമ്പനിയുടെ അക്കൗണ്ടിൽ നിന്നും ട്രാൻസ്ഫർ ചെയ്തു.

കൂടാതെ 5 ലക്ഷം രൂപ ഹരിയുടെയും സിഇഒ യുടെയും പേഴ്‌സണൽ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തും ആകെ 1.51 കോടി രൂപ സാമ്പത്തിക തിരിമറി നടത്തിയും കൃത്യ കമ്പനിയുടെ രജിസ്റ്റേഡ് ട്രേഡ് മാർക്ക് ആയ റ്റി വി സംസ്‌ക്കാരയുടെ ബ്രാൻഡ് നെയിം വ്യാജ രേഖയുണ്ടാക്കി റ്റൂ സ്റ്റാർ മീഡിയ പ്രൈവറ്റ് ലിമിറ്റഡിലേക്ക് മാറ്റാൻ ശ്രമിച്ചും ചതിച്ചും വഞ്ചിച്ചും അന്യായ ലാഭം ഉണ്ടാക്കിയും വാദിക്കും മറ്റു ഷെയർ ഹോൾഡേഴ്‌സിനും അന്യായ നഷ്ടം വരുത്തിയെന്നും റിമാന്റ് റിപ്പോർട്ടിൽ പറയുന്നു. 2020 ജനുവരി 13 ന് 12.30 മണിക്കും മറ്റു തീയതികളിലുമായി ഹരി മോൻസൺ താമസിച്ചിരുന്ന എറണാകുളം കലൂർ വീട്ടിൽ വച്ച് പൊതു ജനങ്ങളെ കൃത്രിമ രേഖയുണ്ടാക്കി അസ്സൽ പോലുപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തി ചതിക്കണമെന്നും വഞ്ചിക്കണമെന്നുമുള്ള ഉദ്ദേശ്യത്തോടെ ഗൂഢാലോചന നടത്തി.

തുടർന്ന് 2020 ജനുവരി 15 ന് മോൻസന്റെ ബിനാമിയായ ജോഷിയുടെ അക്കൗണ്ടിൽ നിന്നും ഹരിയുടെ ഉടമസ്ഥതയിലുള്ള ടൂ സ്റ്റാറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 10 ലക്ഷം രൂപ മോൻസൺ അയച്ചുകൊടുക്കുകയും ചെയ്തു.