കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കൽ ഫോണിൽ സംസാരിക്കുന്ന വീഡിയോ പുറത്ത്. ഐജി ലക്ഷ്മണയോട് എന്നവകാശപ്പെട്ടാണ് മോൻസന്റെ ഫോൺ വിളി. തനിക്കെതിരെ കേസ് കൊടുത്തയാളെ വിരട്ടണമെന്നും മോൻസൻ ആവശ്യപ്പെടുന്നുണ്ട്. ചിലർക്ക് സംശയമുണ്ടെന്നും സംശയമുള്ളവരെ സീക്ഷിക്കണമെന്നും ഫോണിൽ മറുവശത്തുള്ളയാൾ മോൻസനോട് പറയുന്നുണ്ട്.

നാല് കോടി രൂപ ഹൈദരാബാദിൽ എത്തിക്കാൻ സഹായിക്കണമെന്നും മോൻസൻ ആവശ്യപ്പെടുന്നുണ്ട്. ഇതോടൊപ്പം കാര്യങ്ങൾ പൊലീസ് മേധാവിയോട് നേരിട്ട് സംസാരിക്കണമെന്നും മോൻസൻ പറയുന്നുണ്ട്. മോൻസൻ മാവുങ്കലിന് ഒപ്പം പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഫോട്ടോകളും ഫോൺ കോളുകളും നേരത്തെ പുറത്തുവന്നിരുന്നു.

അതേ സമയം പുരാവസ്തു തട്ടിപ്പ് കേസിൽ ഇന്നത്തെ മൊഴിയെടുക്കൽ പൂർത്തിയായി. മോൻസനൊപ്പം ഒന്നിച്ചിരുത്തി മൊഴിയെടുത്തുെവന്ന് പുരാവസ്തു വിൽപ്പനക്കാരൻ സന്തോഷ് പറഞ്ഞു. തനിക്ക് പണം നൽകാനുണ്ടെന്ന് മോൻസൻ സമ്മതിച്ചതായും സന്തോഷ് വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വർഷമായി മോൻസന് സന്തോഷ് സാധനങ്ങൾ കൈമാറിയിട്ടുണ്ട്.



പുരവസ്തുക്കൾ കളക്റ്റ് ചെയ്ത് ആന്റിക് ബിസിനസ് നടത്തുകയും സിനിമയുടെ കലാസംവിധാനത്തിന് വസ്തുക്കൾ നൽകുകയും ചെയ്യുന്നയാളാണ് സന്തോഷ്. മോൻസന്റെ പക്കലുള്ള മോശയുടെ അംശവടി, കൃഷ്ണന്റെ വെണ്ണ ഉറി എന്നിവ അടക്കം നിരവധി പുരാവസ്തുക്കൾ ഇയാൾക്ക് കൈമാറിയത് സന്തോഷാണ്.

ഈ വസ്തുക്കൾ മോൻസൻ അവകാശപ്പെടുന്നതുപോലെ അംശവടിയോ കൃഷ്ണന്റെ ഉറിയോ അല്ലെന്നും 40 മുതൽ അറുപത് വർഷം വരെ മാത്രം പഴക്കമുള്ള പുരാവസ്തുക്കളാണെന്നും കഴിഞ്ഞ ദിവസം ഒരു ന്യൂസ് ചാനലിലെ ചർച്ചയിൽ സന്തോഷ് വെളിപ്പെടുത്തിയിരുന്നു.

മോശയുടെ അംശവടി എന്ന് മോൻസൻ അവകാശപ്പെട്ട പുരവസ്തു ഒരു വാക്കിങ് സ്റ്റിക് മാത്രമാണ്. കാലപ്പഴക്കം പറഞ്ഞുതന്നെയാണ് ഓരോ വസ്തുക്കളും മോൻസന് നൽകിയതെന്നും ഊന്നുവടി എന്ന് പറഞ്ഞുതന്നെയാണ് ആ വടി കൊടുത്തതെന്നും സന്തോഷ് ചർച്ചയിൽ പറഞ്ഞിരുന്നു.

മോൻസന്റെ കയ്യിലുള്ള പുരാവസ്തുക്കളിൽ ഭൂരിഭാഗവും സന്തോഷിന്റെ പക്കൽ നിന്നും വാങ്ങിയതാണ്. എന്നാൽ ഇതിന് ഒരു രൂപ പോലും തനിക്ക് കിട്ടിയിട്ടില്ലെന്നുമാണ് സന്തോഷ് പറഞ്ഞതത്. ഖത്തർ ദുബായ് എന്നിവിടങ്ങളിൽ നിന്ന് ആളുകൾ വരാറുണ്ട് എന്ന് പറയുമ്പോൾ സാധനങ്ങൾ കൊണ്ടുകൊടുക്കും. പക്ഷേ വിറ്റതായി അറിയില്ല. 2000 രൂപയ്ക്കാണ് ഉറി വിൽപ്പന നടത്തിയത്.

തന്റെ പക്കൽ നിന്ന് വാങ്ങിയ സാധനങ്ങളൊന്നും മോൻസൻ വിറ്റതായി അറിവില്ല. എല്ലാം സാധനങ്ങളും അവിടെത്തന്നെയുണ്ട്. സാധനങ്ങൾ കാണിച്ച് പലരിൽനിന്നായി പൈസ വാങ്ങിയതായാണ് അറിയാൻ കഴിഞ്ഞത്. യൂട്യൂബ് വീഡിയോയിൽ മോശയുടേതെന്നും കൃഷ്ണന്റേതെന്നുമെല്ലാം പറഞ്ഞ് സാധനങ്ങൾ പരിചയപ്പെടുത്തുന്നത് കണ്ടപ്പോൾ അന്വേഷിച്ചെന്നും തട്ടിപ്പിന് വേണ്ടിയാണോ ഉപയോഗിക്കുന്നത് എന്ന് ചോദിച്ചപ്പോൾ കൗതുകത്തിന് വേണ്ടിയാണ് അങ്ങനെ പറയുന്നതെന്നായിരുന്നു മോൻസന്റെ മറുപടി. അപ്പോഴേ ആളുകൾ കൗതുകത്തോടെ ഇതെല്ലാം കാണാൻ വീട്ടിലെത്തൂ എന്നും മോൻസൻ പറഞ്ഞതായി സന്തോഷ് ചർച്ചയിൽ വ്യക്തമാക്കിയിരുന്നു.

നബിയുടെ വിളക്കെന്ന് പറഞ്ഞത് യഹൂദർ ഉപയോഗിച്ചിരുന്ന മൺവിളക്കാണ്. വിളക്കിന് പരമാവധി 100 കൊല്ലം പഴക്കമുണ്ട്. 78 ശതമാനം വസ്തുക്കളും താൻ നൽകിയതാണ്. ആനക്കൊമ്പുകളും വ്യാജമാണ്. തടിയിലോ മറ്റോ നിർമ്മിച്ച വസ്തുവാണ് വ്യാജ ആനക്കൊമ്പെന്നും സന്തോഷ് പറയുന്നു.

പുരാവസ്തുക്കളുടെ മറവിൽ മോൻസൻ മാവുങ്കൽ നടത്തിയ കോടികളുടെ സാമ്പത്തിക തട്ടിപ്പുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാവസ്തുക്കളുടെ വിൽപ്പനക്കാരൻ എന്നാണ് ഇയാൾ അവകാശപ്പെട്ടിരുന്നത്. യുഎഇ രാജകുടുംബാംഗങ്ങൾ അടക്കമുള്ളവരുമായി പുരാവസ്തു ഇടപാടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു സാമ്പത്തിക തട്ടിപ്പ് നടത്തിയത്.

ബ്രൂണൈ സുൽത്താനുമായും യുഇ എ രാജകുടുംബാംഗങ്ങളുമായും പുരാവസ്തുക്കളുടെ വിൽപ്പന നടത്തിയെന്നും ഇടപാടിൽ രണ്ട് ലക്ഷത്തി അറുപതിനായിരം കോടി കിട്ടിയെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു. എച്ച് എസ് ബി സി ബാങ്കിൽ നിന്ന് പണം വിട്ടുകിട്ടാൻ ചില തടസങ്ങളുണ്ടെന്നും അതിനാൽ താൽക്കാലിക ആവശ്യത്തിനെന്നും പറഞ്ഞാണ് ഇയാൾ പലരിൽ നിന്നായി പത്തുകോടിയിലേറെ രൂപ വാങ്ങിയത്. പണം തിരികെ കിട്ടാതെ വന്നതോടെയാണ് ഇവർ പരാതി നൽകിയത്. ഇതിനായി ഉപയോഗിച്ച വ്യാജ ബാങ്ക് രേഖകളാണ് പുറത്ത് വന്നത്. ഈ രേഖകളും ഉന്നത ബന്ധങ്ങളും ഉപയോഗിച്ചാണ് മോൻസൻ തട്ടിപ്പ് നടത്തിയത്.



കൂടുതൽ അന്വേഷണവും തെളിവെടുപ്പും ആവശ്യമായതിനാൽ മോൻസൻ മാവുങ്കലിനെ മൂന്ന് ദിവസത്തേക്ക് കൂടി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടിരുന്നു. ഒക്ടോബർ രണ്ട് വരെയാണ് കസ്റ്റഡി നീട്ടിയത്. എറണാകുളം എസിജെഎം കോടതിയുടേതാണ് ഉത്തരവ്. കസ്റ്റഡി നീട്ടണം എന്ന ക്രൈംബ്രാഞ്ച് ആവശ്യത്തെ പ്രതിഭാഗം എതിർത്തു.

മോൻസന്റെ അക്കൗണ്ടിലേക്ക് പണം എത്തിയിട്ടില്ല. ഇല്ലാത്ത പണം കണ്ടെത്താൻ കസ്റ്റഡി നീട്ടരുത്. മോൻസനെതിരായ ആരോപണം അടിസ്ഥാനരഹിതമാണ്. വീട്ടിൽ കുറച്ച് സാധനങ്ങൾ ഉണ്ടാക്കിവച്ചെന്നല്ലാതെ വിൽപ്പനയ്ക്ക് ശ്രമിച്ചിട്ടില്ല. ഈ ആരോപണത്തിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ, ക്രൈംബ്രാഞ്ചിന്റെ വാദങ്ങൾ കോടതി അംഗീകരിക്കുകയായിരുന്നു.