ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ജൂലായ് 19 മുതൽ ഓഗസ്റ്റ് 13 വരെ നടക്കും. 19 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ രാവിലെ 11 മുതൽ വൈകീട്ട് ആറ് വരെ ഇരുസഭകളും ചേരുമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള അറിയിച്ചു. കോവിഡിനെ തുടർന്ന് ബജറ്റ് സമ്മേളനവും അതിനുമുമ്പുള്ള രണ്ട് സമ്മേളനങ്ങളും വെട്ടിച്ചുരുക്കിയിരുന്നു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ എംപിമാർക്കും മാധ്യമ പ്രവർത്തകർക്കും പ്രവേശനം അനുവദിക്കൂ. ആർടി-പിസിആർ പരിശോധന നിർബന്ധമില്ല. എങ്കിലും വാക്സിൻ എടുക്കാത്തവർ ആർടി-പിസിആർ പരിശോധന നടത്തണമെന്നും ലോക്സഭാ സ്പീക്കർ അഭ്യർത്ഥിച്ചു.

നിലവിൽ ഇരുസഭകളിലേയും ഭൂരിഭാഗം എംപിമാരും വാക്സിന്റെ ഒരു ഡോസെങ്കിലും സ്വീകരിച്ചിട്ടുണ്ട്. 540-ൽ 444 ലോക്സഭാംഗങ്ങളും 232-ൽ 218 രാജ്യസഭാംഗങ്ങളും വാക്സിന്റെ ഇരുഡോസും എടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കോവിഡ് ബാധിച്ചതിനാൽ ചില എംപിമാർക്ക് രണ്ടാം ഡോസ് സ്വീകരിക്കാൻ സാധിച്ചിട്ടില്ല. കഴിഞ്ഞകൊല്ലം വർഷകാല സമ്മേളനം ചേർന്നത് സെപ്റ്റംബർ 14നായിരുന്നു.