അന്ത്യ അത്താഴത്തിന്റെ സ്മരണയിൽ ഇന്ന് ലോകമെമ്പാടും പെസഹാവ്യാഴം; പള്ളികളിൽ ചടങ്ങ് നബുധനാഴ്ച വൈകീട്ടും വ്യാഴാഴ്ച രാവിലെയുമായി; ചടങ്ങുകൾ നടക്കുന്നത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

തിരുവനന്തപുരം: കുരിശുമരണത്തിനുമുമ്പ് ശിഷ്യന്മാർക്കൊപ്പം യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമപുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് പെസഹാവ്യാഴം ആചരിക്കുന്നു. ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശുദ്ധവാരാചരണം പെസഹാവ്യാഴത്തോടെ തീവ്രമാകും.

പള്ളികളിൽ ബുധനാഴ്ച വൈകീട്ടും വ്യാഴാഴ്ച രാവിലെയുമായാണ് പെസഹാവ്യാഴത്തിന്റെ ചടങ്ങുകൾ നടക്കുന്നത്. കാൽകഴുകൽ ശുശ്രൂഷയാണ് ഈ ദിവസം പള്ളിയിൽ നടക്കുന്ന പ്രധാനചടങ്ങ്. അന്ത്യ അത്താഴവേളയിൽ യേശു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി ചുംബിച്ചതിന്റെ സ്മരണയിലാണ് ഇത്.

അന്ത്യ അത്താഴവിരുന്നിന്റെ ഓർമ പുതുക്കലിന്റെ ഭാഗമായി വീടുകളിൽ പെസഹാ അപ്പം ഉണ്ടാക്കും. ഓശാന ഞായറാഴ്ച പള്ളികളിൽനിന്ന് ലഭിച്ച കുരുത്തോലകൊണ്ട് കുരിശുണ്ടാക്കി അത് അപ്പത്തിന് മുകളിൽ വെക്കുന്ന പതിവുണ്ട്. കുടുംബാംഗങ്ങളെല്ലാം ചേർന്ന് പെസഹ അപ്പം മുറിച്ചു ഭക്ഷിക്കും.

യേശുവിന്റെ പീഡാനുഭവത്തിന്റെ ഓർമയിൽ കുരിശിന്റെ വഴി, പാന പാരായണം എന്നിവ ദേവാലയങ്ങളിലും കുടുംബങ്ങളിലും ഉണ്ടാകും. പീഡകൾ സഹിച്ച് കുരിശിലേറ്റപ്പെട്ടതിന്റെ സ്മരണയിൽ നാളെ ദുഃഖവെള്ളി ആചരണം നടക്കും.

വിവിധ ദേവാലയങ്ങളിൽ വ്യാഴാഴ്ച രാവിലെ തന്നെ പെസഹ ശുശ്രൂഷകൾ ആരംഭിച്ചു. വിവിധ ലത്തീൻ, ഓർത്തഡോക്സ്, യാക്കോബായ പള്ളികളിൽ വിവിധ സഭാധ്യക്ഷന്മാർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.