കൊല്ലൂർ: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പ്രസിദ്ധമായ രഥോത്സവം നടന്നു. രാത്രി 8 നും 8.30 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് പുഷ്പങ്ങളാൽ അലങ്കരിച്ച രഥത്തിൽ ദേവിയെ എഴുന്നള്ളിച്ച് ശ്രീകോവിലിന് ചുറ്റും പ്രദക്ഷിണം വെച്ചത്.

ക്ഷേത്രം തന്ത്രി ഡോ. കെ. രാമചന്ദ്ര അഡിഗ നേതൃത്വം നൽകി. കൊറോണ നിയന്ത്രണങ്ങൾ ഉള്ളതിനാൽ രഥം വലിക്കാൻ ക്ഷേത്ര ഭാരവാഹികളെയും ജീവനക്കാരെയും മാത്രമേ അനുവദിച്ചിരുന്നുള്ളൂ. രാവിലെ പതിനൊന്നരയ്ക്ക് മഹാചണ്ഡികാ യാഗത്തോടെയാണ് മഹാനവമി ആഘോഷ ചടങ്ങുകൾക്ക് തുടക്കമായത്.

കർശന നിയന്ത്രണങ്ങളോടെയാണ് കൊല്ലൂരിൽ ഇത്തണയും നവരാത്രി ഉത്സവം നടക്കുന്നത്. സന്ധ്യാ ദീപാരാധനയ്ക്കു ശേഷമാണ് രഥോത്സവ ചടങ്ങുകൾ ആരംഭിച്ചത്.വിജയദശമി ദിനമായ വെള്ളിയാഴ്ച കൊറോണ മാനദണ്ഡങ്ങൾ പാലിച്ചു വിദ്യാരംഭ ചടങ്ങുകൾ നടക്കും. പുലർച്ചെ നാലിന് നട തുറക്കുന്നതോടെ വിദ്യാരംഭത്തിന് തുടക്കമാകും. സരസ്വതി മണ്ഡപത്തിലെ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് വിദ്യാരംഭ ചടങ്ങുകൾ നടക്കുക.