തിരുവനന്തപുരം: തൃശൂർ മെഡിക്കൽ കോളജ് എം.ബി.ബി.എസ് വിദ്യാർത്ഥികളായ ജാനകിക്കും നവീനും പിന്തുണയുമായി കൂടുതൽ പേർ രംഗത്ത്.ഇരുവർക്കുമെതിരെ വിദ്വേഷ പ്രചരണം ഉണ്ടായ സാഹചര്യത്തിലാണ് പിന്തുണയുമായി സഹപാഠികളും മറ്റുക്യാംപസുകളിലെ വിദ്യാർത്ഥികളും എസ്എഫ്‌ഐ ഉൾപ്പടെയുള്ള വിദ്യാർത്ഥി സംഘടനകളും രംഗത്ത് വന്നത്. ഇരുവർക്കും പിന്തുണയുമായി കോളേജ് യുണിയൻ ഗ്രൂപ്പ് ഡാൻസുമായി രംഗത്ത് വന്നപ്പോൾ കുസാറ്റ് എസ് എഫ് ഐ യുണിറ്റ് നൃത്ത മത്സരം സംഘടിപ്പിച്ചാണ് വേറിട്ട പ്രതിഷേധവും ഇരുവർക്കും പിന്തുണയും നൽകുന്നത്.

കോളേജ് യൂണിയന്റെ നേതൃത്വത്തിൽ 'വെറുക്കാൻ ആണ് ഉദ്ദേശ്യമെങ്കിൽ ചെറുക്കാൻ ആണ് തീരുമാനം' എന്ന തലക്കെട്ടോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പുതിയ വിഡിയോയും വൈറലാവുകയാണ്.ഡാൻസ് ചെയ്ത മുഴുവൻ വിദ്യാർത്ഥികളുടെയും പേരുകളും ഇവർ നൽകിയിട്ടുണ്ട്. 'പേരുകളിലെ തലയും വാലും തപ്പി പോയാൽ കുറച്ചുകൂടി വക കിട്ടും, ഫേസ്‌ബുക്ക് പോസ്റ്റുകൾ ഇടാൻ' എന്ന് വർഗീയവാദികളെ പരിഹസിക്കുന്നുമുണ്ട്. തൃശൂർ മെഡിക്കൽ കോളജ് ഐക്യ കോളജ് യൂണിയൻ 19-20 എന്ന പേജിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്. #stepagainsthatred എന്ന ഹാഷ്ടാഗോടെയാണ് പോസ്റ്റ്.

ഐക്യദാർഢ്യവുമായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ എസ്എഫ്‌ഐ യൂണിറ്റും രംഗത്തെത്തി. 'STEP UP WITH RASPUTIN, AGAINST RACISM'എന്ന ഹാഷ് ടാഗിൽ നൃത്ത മത്സരം നടത്താനാണ് തീരുമാനം. നവീനും, ജാനകിയും നൃത്തം ചെയ്ത റാസ്പുടിൻ ഗാനത്തിനൊപ്പം ചുവട് വയ്ക്കുന്ന വീഡിയോ ബുധനാഴ്ചക്ക് മുൻപായി വാട്‌സാപ്പ് വഴിയോ, ഇൻസ്റ്റാഗ്രാമിലൂടെയോ എസ്എഫ്‌ഐ കുസാറ്റ് എന്ന ഐഡിയിലേക്ക് അയക്കണം. തെരഞ്ഞെടുക്കുന്ന മികച്ച ഡാൻസ് വീഡിയോക്ക് 1500 രൂപയാണ് സമ്മാനം.

മതത്തിന്റെ പേരിൽ ഒരു വിഭാഗം വിവാദമുണ്ടാക്കിയ സാഹചര്യത്തിലാണ് തൃശ്ശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ ജാനകിക്കും, നവീനും ഡാൻസ് വീഡിയോ മത്സരം നടത്തി കുസാറ്റിലെ വിദ്യാർത്ഥികളും പിന്തുണ അറിയിക്കുന്നത്.

നേരത്തെ, മെഡിക്കൽ കോളജ് വിദ്യാർത്ഥികളായ ജാനകി എം. ഓംകുമാറും നവീൻ കെ. റസാഖും റാസ്പുടിൻ ഗാനത്തിന് ചുവടുവെച്ച് വിഡിയോ പോസ്റ്റ് ചെയ്തത് വൈറലായിരുന്നു. ബോണി എം ബാൻഡിന്റെ 'റാ റാ റാസപുടിൻ ലവർ ഓഫ ദ റഷ്യൻ ക്വീൻ' എന്ന് തുടങ്ങുന്ന ഗാനത്തിനാണ് ഇവർ ചുവടുവെച്ചത്.എന്നാൽ, ഇതിനെതിരെ 'ലൗ ജിഹാദ്' ആരോപണവുമായി സംഘ്പരിവാർ അനുകൂലികൾ രംഗത്തെത്തിയതോടെ പാട്ടും ഡാൻസും വിവാദമാവുകയായിരുന്നു. വിദ്യാർത്ഥികളെ പിന്തുണച്ചും വിദ്വേഷ പ്രചാരണത്തെ എതിർത്തും പ്രമുഖർ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിരുന്നു.

തിരുവനന്തപുരം സ്വദേശിയായ ജാനകി മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയും മാനന്തവാടി സ്വദേശിയായ നവീൻ നാലാം വർഷ വിദ്യാർത്ഥിയുമാണ്.