കാഞ്ഞങ്ങാട്: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിലെ ടൗണുകളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി ജില്ലാഭരണകൂടം. ടൗണുകളിൽ ആളുകൾ പ്രവേശിക്കാൻ കോവിഡില്ലെന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരിക്കുകയാണ്.

വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവർക്കും പ്രവേശനത്തിന് അനുമതി ലഭിക്കും. കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, ഉപ്പള, കുമ്പള എന്നീ ടൗണുകളിലേക്ക് പ്രവേശിക്കുന്നതിനാണ് നിയന്ത്രണമുള്ളത്.

14 ദിവസത്തിനുള്ളിൽ കോവിഡ് ടെസ്റ്റ് നടത്തി ലഭിച്ച നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് കോവിഡ് വാക്സിനേഷൻ ചെയ്തതിന്റെ സർട്ടിഫിക്കറ്റോ ഉള്ളവർക്ക് മാത്രമേ ടൗണുകളിലേക്ക് പ്രവേശിക്കാൻ സാധിക്കുകയൊള്ളു. ഇന്നുമുതൽ ഇത് നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ടൗൺ അതിർത്തികളിൽ പൊലീസ് പരിശോധനാകേന്ദ്രങ്ങളുണ്ടാകും. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റുകൾ ഇല്ലെങ്കിൽ ആളുകളെ മടക്കി അയയ്ക്കുമെന്ന് പൊലീസ് അറിയിച്ചു.