ന്യൂഡൽഹി: രാജ്യത്ത് കൂടുതൽ പ്രത്യേക ട്രെയിനുകൾ ഓടിക്കാനൊരുങ്ങി റെയിൽവേ. നിലവിൽ രാജ്യത്ത് സർവീസ് നടത്തുന്ന ട്രെയിനുകൾക്ക് പുറമെയാണ് കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ തീരുമാനിച്ചതെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ലോക്ഡൗൺ ഇളവുകളുടെ തുടർച്ചയായാണ് നടപടി. കോവിഡിനെ തുടർന്ന് മാർച്ച് 25 മുതൽ സാധാരണ തീവണ്ടി സർവീസുകൾ രാജ്യമെങ്ങും മുടങ്ങിയിരിക്കുകയാണ്. നിലവിൽ 230 പ്രത്യേക ട്രെയിൻ സർവീസുകൾ മാത്രമാണ് രാജ്യത്തുള്ളത്.

പുതുതായി എത്ര സർവീസുകൾ നടത്തുമെന്ന കാര്യം വ്യക്തമാക്കിയിട്ടില്ലെങ്കിലും നൂറിലധികം ട്രെയിനുകൾ ഓടിക്കുമെന്നാണ് സൂചന. പുതിയ തീവണ്ടികൾ സംബന്ധിച്ച പ്രഖ്യാപനം ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉണ്ടാകും. പുതിയ സർവീസുകളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുകളുമായി ആലോചിച്ച് തീരുമാനമുണ്ടാകുമെന്നും റെയിൽവേ വ്യക്തമാക്കി.