തിരുവനന്തപുരം: കോവിഡിന്റെ രണ്ടാംതരംഗം ഏറ്റവുമധികം അപകടത്തിലാക്കുന്നത് യുവാക്കളെയാണെന്ന് റിപ്പോർട്ടുകൾ. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണപ്പെടുന്നവരിലും ഗുരുതരാവസ്ഥയിലാകുന്നവരിലും ഏറ്റവുമധികം യുവാക്കളാണെന്നാണ് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.

മെയ് ഒന്ന് മുതൽ 10 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ കോവിഡ് ബാധിച്ച് മരിക്കുന്ന യുവാക്കളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. ആരോഗ്യ വകുപ്പ് നൽകുന്ന റിപ്പോർട്ട് പ്രകാരം 18 നും 40നും ഇടയിൽ 24 പേർ, 41 നും 59 നും ഇടയിൽ 131 പേർ- മൊത്തം 155 പ്രായം കുറഞ്ഞവരാണ് മരിച്ചത്. ഒന്നാം തരംഗത്തിൽ ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്ത സെപ്റ്റംബർ- ഒക്ടോബർ മാസത്തിൽ മരിച്ചത് 272 പേരാണ്. ആ സമയത്ത് പോലുമില്ലാത്ത വേഗതയിലാണ് ഇപ്പോൾ മരണ നിരക്ക് കൂടുന്നത്.

ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്ത അന്ന് മുതൽ മെയ് 10 വരെ 5879 പേരാണ് മരിച്ചത്. അതിൽ 18നും 59നും ഇടയിൽ 1445 പേരും 13 കുട്ടികളുമാണ് മരിച്ചത്. സംസ്ഥാനത്തെ മരണനിരക്ക് 0.3 ശതമാണെങ്കിലും രോഗികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് മരണങ്ങളും കൂടുന്നു. കോവിഡ് നെഗറ്റീവ് ആയി ദിവസങ്ങൾക്കുള്ളിൽ മരിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. പക്ഷേ അതൊന്നും കോവിഡ് മരണത്തിൽ ഉൾപ്പെടുത്തുന്നില്ല.