കോഴിക്കോട്: 'എടുക്കുമ്പോൾ ഒന്ന് തൊടുക്കുമ്പോൾ പത്ത്, എയ്യുമ്പോൾ ഒരായിരം' എന്നുള്ള കവിഭാവനപോലെയായിരുന്നു, അന്തരിച്ച മുൻ എംഎൽഎയും മുതിർന്ന സിപിഎം നേതാവുമായിരുന്നു സി പി കുഞ്ഞുവിന്റെ (93) പ്രസംഗം. സോഷ്യൽ മീഡിയ ഒന്നും ഇല്ലാതിരുന്ന 80കളിലും തൊണ്ണൂറുകളിലും സിപിഎമ്മിന്റെ മലബാറിലെ ക്രൗഡ് പുള്ളർ ആയിരുന്നു അദ്ദേഹം. സി പി കുഞ്ഞു പ്രസംഗിക്കുന്നു എന്ന ഒറ്റ ബോർഡും അനൗൺസ്മെന്റും മാത്രം മതി ജനം ഒഴുകിയെത്തും. പ്രമുഖ നേതാക്കാൾ പങ്കെടുക്കുന്ന പരിപാടികളിൽ, അവർ എത്തുന്നതുവരെ ആൾക്കുട്ടത്തെ പിടിച്ചു നിർത്താൻ ഇറക്കുകയും കുഞ്ഞുവിനെ ആയിരുന്നു.

തനി മലബാർ നാടൻ ശൈലിയിൽ, ലൈവ് കോമഡി പോലത്തെ കട്ടലോക്കൽ പ്രസംഗമായിരുന്നു കുഞ്ഞുവിന്റെത്. അതിൽ കോമഡിയുണ്ടാവും, എതിരാളികൾക്കുള്ള ഭീഷണിയുണ്ടാവും, വൈകാരികതയുണ്ടാവും, സാർവദേശീയ- ദേശീയ വിഷയങ്ങ ഒക്കെയുണ്ടാവും. ശബ്ദം ഉയർത്തിയും താഴ്‌ത്തിയും വ്യത്യസ്ത വോയസ് മോഡുലേഷനും, പ്രത്യേക അംഗവിക്ഷേപണങ്ങളുമായി ശരിക്കും, ഒരു കഥാപ്രസഗം കേൾക്കുന്ന ഫീൽ ആണ് കുഞ്ഞുവിന്റെ പ്രസംഗം കേൾക്കുമ്പോൾ ഉണ്ടാവുക. മുസ്ലിം ലീഗായിരുന്നു, സി പിയുടെ സ്ഥിരം വേട്ട മൃഗം. ഒരു പൊതുയോഗം കിട്ടിയാൽ സീതിഹാജി കഥകളും, ചന്ദ്രികയിൽ വന്ന അബദ്ധങ്ങളും, ലീഗിന്റെ അഴിമതിയുമൊക്കെ എടുത്തിട്ട്, ബാബറി മസ്ജിദ് പ്രശ്നവും ഒക്കെഎടുത്തിട്ട്, മൂന്നര മണിക്കുർ അദ്ദേഹം നിർത്തിപ്പൊരിക്കും.

'പോത്തുകൾ എത്തിത്തുടങ്ങി, യൂത്ത് ലീഗ് സമ്മേളനം നാളെ' എന്ന തലക്കെട്ടിൽ ചന്ദ്രികയിൽ വന്നുവെന്ന് പറയുന്ന വാർത്ത തൊട്ട്, സീതിഹാജിയും സിഎച്ചും, കരുണാകരനും, ലണ്ടനിൽപോയ കഥവരെ നർമ്മം ചാലിച്ച് കുഞ്ഞ് പറയുന്നത് കേട്ട് ജനം ചിരിച്ച് മറിയും. എത് സമകാലീന വിഷയത്തെയും ഒരു നർമ്മ കഥയുമായി ബന്ധിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ സംഭാഷണം.

'കുഞ്ഞു ഇസ്ലാമല്ല'

ലീഗുകാർ തനിക്കെതിരെ അഴിച്ചുവിട്ട നുണകളും കുഞ്ഞു പ്രസംഗത്തിൽ പൊളിക്കും. മുസ്ലിം ലീഗിന്റെ ചിഹ്നമായ കോണി സ്വർഗത്തിലേക്കുള്ള കോണിയാണെന്നായിരുന്നു അവർ പ്രചരിപ്പിച്ചത്.പക്ഷേ കുഞ്ഞു അതിനെ നരകത്തിലേക്കുള്ള കോണിയാക്കി. പക്ഷേ കുഞ്ഞു ഒരു മുസ്ലിം അല്ല എന്ന രീതിയിലും അന്ന് ലീഗുകാർ പ്രചാരണം നടത്തി. ഇതിനെയും സ്വസിദ്ധമായ നർമ്മത്തോടെയാണ്, അദ്ദേഹം നേരിട്ടത്.

ഒരിക്കൽ അദ്ദേഹം കോഴിക്കോട് മുതലക്കുളത്ത് പ്രസംഗിച്ചത് ഇങ്ങനെയാണ്.-''കുഞ്ഞു സുന്നത്ത് ചെയ്തിട്ടില്ല, അവന്റെ മുസ്ലീമല്ല, എന്നാണ് ലീഗുകാരുടെ പ്രചാരണം. ഒരിക്കൽ ഒരു ലീഗ് നേതാവ് എന്റെ വീടിന് അരികിൽവെച്ച് കുഞ്ഞു സുന്നത് ചെയ്തിട്ടില്ല ഇസ്ലാമല്ല എന്ന് പറഞ്ഞ് പ്രസംഗിക്കയാണ്. അപ്പോഴാണ് ഞമ്മന്റെ ഭാര്യ അതുവഴി വന്നത്. അതുകേട്ട് അവൾ പൊട്ടിച്ചിരിച്ചുപോയി''- ഇത്രയും പറഞ്ഞ് ഒട്ടും ചിരിക്കാതെ കുഞ്ഞു അടുത്ത വിഷയത്തിലേക്ക് കടക്കും. ഒന്ന് 'ട്യൂബ്ലൈറ്റ് മിന്നി' ജനം അൽപ്പം കഴിഞ്ഞാണ് കൂട്ടച്ചിരിയിലേക്ക് കടക്കുക. അപ്പോഴേക്കു കുഞ്ഞു ഒന്നുമറിയാത്ത ഭാവത്തിൽ അടുത്ത വിഷയത്തിലേക്ക് കടന്നിരിക്കും. പെട്ടന്ന് ഇത് കാണുന്നവർക്ക്, ഇത്ര ഗൗരവമുള്ള വിഷയം പറയുമ്പോൾ ജനം എന്തിനാണ് ചിരിക്കുന്നത് എന്ന് തോന്നിപ്പോവും.

അതുപോലെ മാവൂർ ഗ്രാസിം ഫാക്ടറി നായനാർ സർക്കാർ തുറന്നപ്പോഴും തീപ്പൊരി പ്രസംഗമാണ് കുഞ്ഞ് കാഴ്ചവെച്ചത്. നർമ്മത്തിൽനിന്ന് പെട്ടെന്നാണ് അദ്ദേഹം അതി ഗൗരവമായ വിഷയത്തിലേക്ക് മാറുക. വായിൽനിന്ന് തീ വരുന്നതുപോലെയാണ്, സിപിഎമ്മിനെ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്നൊക്കെ അദ്ദേഹം പറയുമ്പോൾ തോന്നുക. കരുണാകരനും, മുരളീധരനുമായി ബന്ധപ്പെട്ട നർമ്മകളും അദ്ദേഹം സ്റ്റേജിൽ നന്നായി ഉപയോഗിച്ചു.

തെരുവിന്റെ ശബ്ദമായി വളർന്നു

തനിക്ക് വലിയ വിദ്യാഭ്യാസയോഗ്യതയില്ലെന്നും ഈ നാടും പാർട്ടിയുമാണ് എല്ലാ പഠിപ്പിച്ചതെന്നും അദ്ദേഹം പല പ്രസംഗങ്ങളിലും പറയുമായിരുന്നു. 1930 ജൂൺ 30ന് കുഞ്ഞലവി ഹാജി- ഫാത്തിമ ദമ്പതികളുടെ മകനായാണ് ജനനം. ചെറുപ്പത്തിലേ തന്നെ കല്ലായിലും കോഴിക്കോട്ടുമായി വിവിധ ജോലികളിലേക്കും, അതോടൊപ്പം പാർട്ടി പ്രവർത്തനത്തിലേക്കും തിരിഞ്ഞു. 1987 മുതൽ 1991 വരെ കോഴിക്കോട് രണ്ടിൽ നിന്ന് എട്ടാം നിയമസഭയിൽ അംഗമായിരുന്നു. കോഴിക്കോട് കോർപറേഷൻ കൗൺസിലർ, സിപിഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം, വഖഫ് ബോർഡ് അംഗം, കെഎസ്ഇബി കൺസെൾറ്റീവ് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

മുസ്ലീലീഗിന്റെ കുത്തക സീറ്റായ കോഴിക്കോട് രണ്ടിൽ ( ഇന്നത്തെ സൗത്ത്), സി എച്ചിന്റെ മകൻ എന്ന വികാരവായ്‌പ്പോടെ വന്ന എം കെ മുനീറിനെ, 2277 വോട്ടുകൾക്ക് തോൽപ്പിച്ചാണ് സിപി കുഞ്ഞു എംഎൽഎ ആവുന്നത്. പക്ഷേ തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ മുനീർ ജയിച്ചു. അന്ന് കുഞ്ഞുവിനെ തോൽപ്പിക്കാൻ കോലീബി സഖ്യം ഉണ്ടായിരുന്നുവെന്ന് ആക്ഷേപണം പരക്കെയുണ്ട്.

91ലെ തോൽവിക്ക്ശേഷവന്ന കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കുഞ്ഞു മത്സരിച്ചപ്പോൾ, മേയർ സ്ഥാനം ഉറപ്പായിരുന്നു. പക്ഷേ അദ്ദേഹം ആ തെരഞ്ഞെടുപ്പിൽ ഏവരെയും അത്ഭുദപ്പെടുത്തികൊണ്ട് അദ്ദേഹം പരാജയപ്പെട്ടു. പിന്നീട് അദ്ദേഹം തെരഞ്ഞെടുപ്പ് രാഷട്രീയത്തിൽ ഇല്ലായിരുന്നെങ്കിലും, തീരെ അവശനാവുന്നതുവരെ പാർട്ടിവേദികളിൽ സജീവമായിരുന്നു. അഴിമതിക്കെതിരെ ശക്തമായ നിലപാട് എടുത്ത ജനകീയനായയ നേതാവ് കൂടിയായിരുന്നു കുഞ്ഞു.

എം എം ഖദീശാബിയാണ് ഭാര്യ. നാല് ആൺമക്കളും മൂന്ന് പെൺ മക്കളും ഉണ്ട്. ഇപ്പോൾ കോഴിക്കോട് കോർപറേഷൻ ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് കുഞ്ഞുവിന്റെ മകൻ ആണ്. പിതാവിനെപ്പോലെ നിരവധി സമരങ്ങളിൽ പങ്കെടുത്ത്, ക്രൂരമായ പൊലീസ് മർദനങ്ങൾ ഏറ്റവാങ്ങി വളർന്ന വ്യക്തിയാണ് മകൻ മുസാഫർ അഹമ്മദും. 2011 ലും കോഴിക്കോട് സൗത്തിൽ എം കെ മുനീറിനെതിരെ മുസാഫർ അഹമ്മദ് മത്സരിച്ചെങ്കിലും വിജയിക്കാൻ കഴിഞ്ഞിരില്ല.