പാലക്കാട്: വീര ജവാന് ധീര സല്യൂട്ട്. സിക്കിമിൽ ട്രക്ക് കൊക്കയിലേക്കു വീണു മരിച്ച സൈനികൻ വൈശാഖിന്റെ സംസ്‌കാരച്ചടങ്ങിൽ ഭാര്യ ഗീതയും മകൻ ഒരു വയസുകാരൻ തൻവിക്കും സല്യൂട്ട് ചെയ്തു. പ്രിയപ്പെട്ടവനുള്ള അവസാന യാത്രാമൊഴി. കണ്ടു നിന്നവരെല്ലാം പൊട്ടിക്കരഞ്ഞു. അങ്ങനെ വൈശാഖിന് നാട് അന്ത്യാഞ്ജലി അർപ്പിച്ചു.

മാത്തൂർ ചെങ്ങണിയൂർക്കാവ് പുത്തൻവീട്ടിൽ സഹദേവന്റെയും വിജയകുമാരിയുടെയും മകൻ വൈശാഖിന്റെ (27) മൃതദേഹം 25നു രാത്രി ഒൻപതരയോടെയാണു വീട്ടിലെത്തിച്ചത്. മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി എം.ബി.രാജേഷും ജില്ലാ കലക്ടർക്കു വേണ്ടി എഡിഎം കെ.മണികണ്ഠനും വാളയാർ അതിർത്തിയിൽ ആദരാഞ്ജലി അർപ്പിച്ചു. ഇന്നലെ രാവിലെ സൈനിക വാഹനത്തിൽ മാത്തൂർ ചുങ്കമന്ദം എയുപി സ്‌കൂളിൽ പൊതുദർശനത്തിനു കൊണ്ടുവന്ന മൃതദേഹത്തിൽ സംസ്ഥാന സർക്കാരിനു വേണ്ടി മന്ത്രി കെ. കൃഷ്ണൻകുട്ടി പുഷ്പചക്രമർപ്പിച്ചു. പൊതുദർശനത്തിനു ശേഷം തിരുവില്വാമല പാമ്പാടി ഐവർമഠം ശ്മശാനത്തിൽ സംസ്‌കാരം നടത്തി. വൈകിട്ട് സ്പീക്കർ എൻ.എം.ഷംസീർ വൈശാഖിന്റെ വസതിയിലെത്തി.

23 നാണ് വടക്കൻ സിക്കിമിലെ സേമയിൽ സൈനിക ട്രക്ക് നിയന്ത്രണം തെറ്റി താഴ്ചയിലേക്കു മറിഞ്ഞ് വൈശാഖ് ഉൾപ്പെടെ 16 പേർ മരിച്ചത്. രണ്ടരമാസം മുൻപു പഞ്ചാബിൽ നിന്നു സിക്കിമിലേക്കു സ്ഥലംമാറ്റം കിട്ടിയപ്പോഴാണു വൈശാഖ് അവസാനമായി നാട്ടിലെത്തിയത്. പഞ്ചാബിൽ നിന്നു കുടുംബത്തോടൊപ്പം നാട്ടിലെത്തിയ വൈശാഖ് മകന്റെ ഒന്നാം പിറന്നാളും ഓണവും ആഘോഷിച്ച ശേഷം ഒറ്റയ്ക്കാണ് അന്നു മടങ്ങിയത്. ആ യാത്രയ്ക്ക് ശേഷമുള്ള മടക്കം ദുരന്തവുമായി.

കളിചിരികളും സന്തോഷങ്ങളും ദുഃഖത്തിലേക്ക് മാറാൻ ഒരു നിമിഷാർധം മതി. അതിന്റെ നേർസാക്ഷ്യമാവുകയായിരുന്നു ജവാൻ വൈശാഖിന്റെ പൊതുദർശനച്ചടങ്ങ്. സിക്കിമിൽ അപകടത്തിൽ മരിച്ചസൈനികൻ വൈശാഖിന്റെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കുമ്പോൾ ഒന്നുമറിയാതെ കളിചിരികളിൽ മുഴുകിയിരിക്കുകയായിരുന്നു മകൻ തൻവിക്. ആൾക്കൂട്ടം എന്തിനെന്നോ അമ്മ കരയുന്നതെന്തിനെന്നോ മനസിലാകാതെ കുസൃതി കാണിച്ചിരിക്കുന്ന ഒരു വയസുകാരൻ കണ്ടുനിന്നവരിൽ കണ്ണീർ നനവ് പടർത്തി.

വൈശാഖിന്റെ വലിയ ആഗ്രഹമായിരുന്നു തൻവികിന്റെ ഒന്നാം പിറന്നാൾ നന്നായി ആഘോഷിക്കണമെന്ന്. അടുത്ത പിറന്നാളാകുമ്പോഴേക്കും നിറയെ സമ്മാനങ്ങളുമായി മടങ്ങിയെത്താമെന്ന് മകന് ഉറപ്പ് നൽകിയാണ് വൈശാഖ് ഒടുവിൽ വീട് വിട്ടിറങ്ങിയത്. പക്ഷേ എല്ലാം വിഫലമായി.മകന്റെ പിറന്നാൾ ആഘോഷമാക്കണമെന്ന് വൈശാഖ് നാട്ടിൽ വിളിക്കുമ്പോഴൊക്കെ കൂട്ടുകാരോടും ബന്ധുക്കളോടുമൊക്കെ പറയും. അങ്ങനെ കഴിഞ്ഞ ജൂലൈ 25ന് ആഘോഷമായി തൻവികിന്റെ ആദ്യ പിറന്നാൾ കൊണ്ടാടി.

ഓണവും കുടുംബത്തോടൊപ്പം ആഘോഷിച്ചാണ് അന്ന് മടങ്ങിയത്. കുഞ്ഞിന് നിറയെ സമ്മാനങ്ങളുമായി ഉടൻ മടങ്ങി വരുമെന്ന് ഉറപ്പ് നൽകിയാണ് തിരികെപ്പോയത്.ഈ ഉറപ്പാണ് ഇപ്പോൾ വിഫലമാകുന്നത്.എ്ന്നാൽ പൊതുദർശനം അവസാനിപ്പിച്ച് സംസ്‌ക്കാരച്ചടങ്ങിലേക്ക് കടക്കും മുൻപ് അവസാനമായി വൈശാഖിന് യാത്രയയപ്പ് നൽകാനെത്തുമ്പോൾ തൻവികും അലറിക്കരഞ്ഞു.ആൾക്കൂട്ടത്തെ കണ്ടിട്ടോ.. അതോ ഇനി അച്ഛൻ മടങ്ങി വരില്ലെന്ന് ആ കുഞ്ഞ് മനസ്സ് തിരിച്ചറിഞ്ഞോ എന്നും അറിയില്ല.

ഭർത്താവിന്റെ ചേതനയറ്റ ശരീരം നോക്കിക്കരയുന്ന ഭാര്യയെയും മകനെയും മാതാപിതാക്കളെയും ആശ്വപ്പിക്കാനാകാതെ സ്ഥലത്ത് തടിച്ചുകൂടിയവരും നിർവികാരാധീനരായി. പതിനൊന്നുമണിയോടെ തിരുവില്വാമല ഐവർ മഠത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ് സംസ്‌കാരച്ചടങ്ങുകൾ പൂർത്തിയായി. വടക്കൻ സിക്കിമിലെ സേമയിൽ ആർമി ട്രക്ക് മറിഞ്ഞ് വൈശാഖ് (28) ഉൾപ്പെടെ 16 സൈനികരാണ് മരണമടഞ്ഞത്. 221 കരസേന റെജിമെന്റിൽ നായിക്ക് ആണ് വൈശാഖ്. 2015 ലാണ് വൈശാഖ് സേനയുടെ ഭാഗമാകുന്നത്. കൂലിപ്പണിക്കാരനായ അച്ഛൻ സഹദേവനും അമ്മ വിജിയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു വൈശാഖ്.

വെള്ളിയാഴ്‌ച്ച രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ചാത്തേനിൽ നിന്ന് താങ്കുവിലേക്ക് പോയ മൂന്ന് സൈനിക ട്രക്കുകളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടത്. ഇരുപത് സൈനികരാണ് ഇതിൽ ഉണ്ടായിരുന്നത്. കുത്തനെയുള്ള ഇറക്കത്തിൽ കൊടും വളവ് തിരിയുമ്പോൾ ട്രക്ക് റോഡിൽ നിന്ന് തെന്നി മലയിടുക്കിൽ 150 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ട്രക്ക് പൂർണമായി തകർന്നു. അപകടസ്ഥലത്ത് നിന്ന് പുറത്തെടുത്ത മൃതദേഹങ്ങൾ ഗാങ്‌ടോക്കിലെ എസ്.ടി.എൻ.എം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.