കോഴിക്കോട്: ഒരു സെലിബ്രിറ്റിയോ സിനിമാക്കാരനോ ആയിക്കഴിഞ്ഞാൽ സാമൂഹിക- രാഷ്ട്രീയ വിഷയങ്ങളിൽ ഒന്നും പറയാതെ ബാലൻസ് ചെയ്യുക എന്നത് നമ്മുടെ നാട്ടിൽ പൊതുവെ കണ്ടുവരുന്ന രീതയാണ്. എന്നാൽ അതിൽനിന്ന് ഏറെ വ്യത്യസ്തനായിരുന്നു ഇന്നലെ അന്തരിച്ച നടൻ മാമുക്കോയ. തുടക്കകാലം തൊട്ടുന്നതന്നെ സാമൂഹിക പരിഷ്‌ക്കരണം ലക്ഷ്യമിട്ടുന്ന നിരവധി നാടകങ്ങളാണ് അദ്ദേഹം അവതരിപ്പിച്ചത്. മാതാന്ധവിശ്വാസങ്ങളെ വിമർശിക്കാനും സാമൂഹിക നീതിക്കുവേണ്ടി നിലകൊള്ളാനു മാമൂക്കോയക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല.

ചേകന്നുർ മൗലവിയുടെ ദുരൂഹമായ തിരോധാനത്തിൽ മുസ്ലിം സമുദായത്തിന് അകത്തുനിന്ന് കാര്യമായി ഒരാൾ പോലും പ്രതികരിക്കാതിരുന്ന സമയത്ത് മാമുക്കോയ ചേകന്നൂരിന് വേണ്ടി രംഗത്ത് എത്തിയിരുന്നു. എല്ലാവർഷവും ജൂലായ് 29 ന കോഴിക്കോട് നടക്കുന്ന ചേകനൂർ മൗലവി രക്തസാക്ഷിത്വ ദിനാചരണ പരിപാടിക്ക് ഒരിക്കൽ മാമുക്കോയയെ ക്ഷണിക്കാൻ ഖുർആൻ സുന്നത്ത് സൊസൈറ്റി പ്രസിഡണ്ട് സാലിം ഹാജിയോടൊപ്പം മാമുക്കോയയുടെ കോഴിക്കോട്ടെ വീട്ടിൽ പോയ അവസരം ഉണ്ടായ അദ്ദേഹത്തിന്റെ സംസാരം എഴൂത്തുകാരനും സ്വതന്ത്രചിന്തകനുമായ അലിമാഷ് ഓർക്കുന്നത് ഇങ്ങനെയാണ്. '' ചേകന്നുർ മൗലവി കേരളത്തിൽ ഉയർത്തിയ പ്രശ്നങ്ങളിൽ ഒന്നായ പൗത്രന്റെ സ്വത്തവകാശ നിഷേധക്കാര്യം മാമുക്കോയ അന്ന്പ്രത്യേകം എടുത്തു പറഞ്ഞു.മാത്രമല്ല അദ്ദേഹം ഈ വിഷയത്തിൽ ഒരു നാടകം ദശാബ്ദങ്ങൾക്ക് മുമ്പ് അഭിനയിച്ച കാര്യം പറഞ്ഞു കൊണ്ട് ആ വിവാദ നാടകത്തിന്റെ ഇതിവൃത്തം വിശദീകരിച്ചു തരികയും ചെയ്തു.

ഒരു മുസ്ലിം സ്ത്രീയോ പുരുഷനോ ജീവിച്ചിരിക്കുമ്പോൾ അവരുടെ മക്കളിൽ ഒരാൾ മരിക്കുകയാണെങ്കിൽ ആ മക്കളുടെ സന്താനങ്ങൾക്ക് പിന്നീട് മരിക്കുന്ന മാതാപിതാക്കളുടെ സ്വത്തിൽ നിന്ന് ഒരു അവകാശവും കിട്ടാൻ ശരീഅത്തിൽ വ്യവസ്ഥ ഇല്ല .ഈ അവസ്ഥ തരണം ചെയ്യാൻ ഒരു ക്ഷയരോഗിയായ ഒരു മകൻ അയാളുടെ ബാപ്പ മരിക്കുന്നതിന്റെ മുമ്പ് അയാൾ മരിക്കുമെന്ന് ഉറപ്പായതിനെ തുടർന്ന് ബാപ്പയെ കൊന്നുകളഞ്ഞു. കേസ് വിചാരണക്ക് വന്നപ്പോൾ കൊലപാതകിയായ മകൻ കോടതിയിൽ പറഞ്ഞത് ഇങ്ങനെ:- എനിക്ക് ഭാര്യയും നാലുമക്കളുണ്ട് സ്വന്തമായി ഒരു സമ്പാദ്യവുമില്ല ക്ഷയരോഗം കൊണ്ട് മരണം അടുത്തെത്തിയിരിക്കുന്നുവെന്ന് ഉറപ്പായി എന്റെ ഭാര്യയും മക്കളും അടങ്ങുന്ന . അഞ്ചു ജീവനെ രക്ഷിക്കാൻ വേണ്ടി ഒരു ജീവനെടുക്കാൻ ഞാൻ നിർബന്ധിതനായിത്തീർന്നു. അങ്ങനെയാണ് ഞാൻ ഈ കൊലപാതകം ചെയ്തത്

അത് കേട്ട ജഡ്ജി അയാൾക്ക് മാപ്പു കൊടുക്കുന്നു. മനുഷ്യൻ എന്ന പേരാണ് നാടകത്തിനു ഇട്ടിരുന്നത് എന്നും മാമുക്കോയ പറഞ്ഞു നിറുത്തി.നാടാകാചാര്യൻകെ.ടി മുഹമ്മദിന്റെയും ഉൽപതിഷ്ണുക്കളായ പല സാഹിത്യകാരന്മാരുടെയും സമ്പർക്കം വഴി അവരുടെ പുരോഗമന ആശയങ്ങൾ മാമുക്കോയയെ സ്വാധീനിച്ചിരുന്നു. 'പുരോഹിതന്മാർ സമുദായത്തെ തെറ്റായ വഴിയിലേക്ക് നയിക്കുന്നതിനിടയിൽ മൗലവിയുടെ ആശയങ്ങൾ അവർക്ക് അസഹ്യമായി അങ്ങനെയാണ് അവർ മൗലവിയെ കൊന്നത് ' കോയ പറഞ്ഞു. ആ കൊല്ലത്തെ ചേകനൂർരക്തസാക്ഷിത്വ സ മരണ പുതുക്കൽ പരിപാടി ക്ക് മാമുക്കോയസമയത്തിനു തന്നെ വേദിയിൽ വന്നു പങ്കെടുക്കുകയും ചെയ്തു.''- അലിമാഷ് എഴുതുന്നു.

പുരോഹിതരോട് കലഹിച്ചു

അതുപോലെ തന്നെ മതപൗരോഹിത്യത്തോട് നിരന്തരം മാമുക്കോയ കലഹിച്ചിരുന്നു. താൻ വളർന്നുവന്നകാലവും ആധുനിക കാലവും തമ്മിൽ താരതമ്യപ്പെടുത്തി, മതമൗലികവാദികൾക്ക് കൊട്ടുകൊടുക്കാൻ മാമുക്കോയ ഇടക്കിടെ മറക്കാറില്ല. '' പണ്ട് ഇവിടുത്തെ മുസ്ലിയാന്മാർക്ക് എഴുത്ത് ഹറാമായിരുന്നു. വായന ഹറാമായിരുന്നു. പിന്നെ അതൊക്കെ ഹലാലായി. ഒരുകാലത്ത് ഫോട്ടോ പിടിക്കൽ ഹറാമായിരുന്നു, ഡാൻസും സിനിമയും നാടകവുമൊക്കെ അങ്ങനെ ആയിരുന്നു. പെണ്ണുങ്ങൾക്ക് ഇത് ഒന്നും തീരെ പറ്റിയിരുന്നില്ല. എന്നിട്ട് എന്തുണ്ടായി. ഇപ്പോൾ വീഡിയോക്കും ഫോട്ടോക്കും മുന്നിൽ നിൽക്കുന്നത് നമ്മുടെ മൗലവിമാരാണ്. അതുപോലെ കാലം മാറും''- ഈയിടെ സമസ്തയിലെ ഒരു പണ്ഡിതൻ സ്റ്റേജിൽ കയറിയ പെൺകുട്ടിയെ ശാസിച്ചപ്പോൾ പ്രതികരണം ആരാഞ്ഞ ഒരു മാധ്യമ പ്രവർത്തകനോട് മാമുക്കോയ ഇങ്ങനെയാണ് പ്രതികരിച്ചത്.

വൈക്കം മുഹമ്മദ് ബഷീറിന്റെ സർവമത സാഹോദര്യവും വിശ്വസഹോദര്യവും തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ശിഷ്യനായ മാമുക്കോയക്കും ഉണ്ടായിരുന്നത്. വിശ്വാസിയായി നിന്നുകൊണ്ടുതന്നെ കൃത്യമായ മതപരിഷ്‌ക്കരണത്തിന് കിട്ടാവുന്ന വേദികളിലെല്ലാം അദ്ദേഹം ശ്രമിച്ചു. അഹിന്ദു, അമുസ്ലിം എന്ന വാക്കുകൾ പ്രയോഗിക്കുന്നതുപോലും അരോചകമാണെന്ന അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു.

അതുപോലെ പൗരത്വഭേദഗതിനിയമത്തൽ പ്രതിഷേധിക്കാനുള്ള കൂട്ടായ്മകളിലും അദ്ദേഹം പങ്കെടുത്തു. കോഴിക്കോട് ടൗൺഹാളിൽ നടന്ന യോഗത്തിൽ ഉജ്ജ്വലമായ പ്രസംഗമാണ് മാമുക്കോയ ഇതുസംബന്ധിച്ച് നടത്തിയത്. ഏറ്റവും ഒടുവിലായി പിഡിപി ചെയർമാൻ അബ്ദുൽ നാസർ മദനിയുടെ വിചാരണത്തടവ് അനന്തമായി നീളുന്നതിനെതിരെയും മാമുക്കോയ പ്രതികരിച്ചു. ഇതൊക്കെ വലിയ വിവാദമായി.

എന്നാൽ ഒരു രാഷ്ട്രീയ കക്ഷിയുടെയും വാൽ ആവാനും അദ്ദേഹം ശ്രമിച്ചില്ല. ഇടക്ക് കോഴിക്കോട് സിപിഎം അദ്ദേഹത്തെ മത്സരിപ്പിക്കുമെന്നൊക്കെ വാർത്തയുണ്ടായിരുന്നെങ്കിലും മാമുക്കോയക്ക് അതിൽ വലിയ താൽപ്പര്യം ഉണ്ടായിരുന്നില്ല. മാത്രമല്ല, ഇടതുഭരണത്തിലെ അഴിമതിയും ഫാസിസ്റ്റ് പ്രവണതക്കും എതിരുമായിരുന്നു അദ്ദേഹം. കുറച്ച് വർഷം മുമ്പ് ഒരു വഴി പ്രശ്‌നത്തിന്റെ പേരിൽ ഇടതുപക്ഷം ഭരിക്കുന്ന കോഴിക്കോട് കോർപ്പറേഷനുമായും അദ്ദേഹം ഉടക്കിയിരുന്നു.