ചെന്നെ: ജോലിയില്ലാതായതോടെ ഭിക്ഷയെടുത്ത് ജീവിക്കകയും ഒടുവിൽ തെരുവിൽ തന്നെ മരിക്കുകയും ചെയ്ത ഒരു ചലച്ചിത്ര നടന്റെ വിയോഗ വാർത്തയുടെ ഞെട്ടലിലാണ് തിഴകം. കമൽഹാസൻ കുള്ളനായി വേഷമിട്ട് ഞെട്ടിച്ച 'അപൂർവസഹോദരങ്ങൾ' എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കളിലൊരാളായി വേഷമിട്ട് ശ്രദ്ധേയനായ നടൻ മോഹനാണ്, 60ാമത്തെ വയസിൽ മധുരയിലെ തെരുവിൽ മരിച്ച് വീണത്. സിനിമയിൽ അവസരങ്ങൾ ലഭിക്കാതെ ദാരിദ്ര്യത്തിന്റെ പിടിയിലകപ്പെട്ട മോഹൻ ഭിക്ഷാടനം നടത്തിയാണ് അവസാനകാലത്ത് ജീവിതം കഴിച്ചത്.

കോവഡിനുശേഷം അനാരോഗ്യവും, തൊഴിലില്ലായ്മയും കാരണം ഇയാൾ കമൽഹാസൻ അടക്കുള്ള താരങ്ങളോട് സഹായം അഭ്യർത്ഥിച്ചിരുന്നെങ്കിലും ആരും സഹായിച്ചില്ലെന്നും ആരോപണം ഉയരുന്നുണ്ട്. മോഹന്റെ മരണത്തിനുശേഷം തമിഴക മാധ്യമങ്ങളിൽ ഈ രീതിയിലുള്ള ചർച്ച ഉയർന്നിട്ടുണ്ട്. ജന്മനാ കുള്ളനായ മോഹൻ നേരത്തെ ചില പ്രാദേശിക സർക്കസ് കമ്പനിയിലും, തെരുവ് മാന്ത്രികനായുമൊക്കെയാണ് ജീവിച്ചിരുന്നത്.

എന്നാൽ നടനായി അറിയപ്പെട്ടതോടെ, ഇതെല്ലാം പോയി. എന്നാൽ മറ്റൊരു തൊഴിൽ മേഖലയിലേക്ക് ആരും വിളിച്ചതുമില്ല. ക്രമേണേ മദ്യപാനവും മോഹന്റെ നിലതെറ്റിച്ചതായാണ് തമിഴ് മാധ്യമങ്ങൾ എഴുതുന്നുത്.

അപൂർവ സഹോദരർ ജീവിതം തിരുത്തുന്നു

സേലത്തിനടുത്ത് മേട്ടൂരിൽ ജനിച്ച മോഹൻ പിന്നീട് മധുരയിലെ തിരുപ്പക്കുണ്ട്രത്തേക്ക് താമസംമാറുകയായിരുന്നു. 1989-ലാണ് സിംഗീതം ശ്രീനിവാസ റാവു സംവിധാനംചെയ്ത 'അപൂർവസഹോദരങ്ങൾ' പുറത്തിറങ്ങിയത്. ഇതിൽ കമൽഹാസന്റെ കുള്ളൻട്ട കഥാപാത്രങ്ങളിൽ ഒരാളായ അപ്പുവിന്റെ ഉറ്റ സുഹൃത്തിനെയാണ് മോഹൻ അവതരിപ്പിച്ചത്. സിനിമക്കുവേണ്ട കുള്ളൻ കഥാപാത്രങ്ങൾക്ക് വേണ്ടിയുള്ള അന്വേഷണമാണ്, മധുരയിലെ ഒരു പ്രാദേശിക സർക്കസ് കൂടാരത്തിൽനിന്ന് മോഹനെ സിനിമയിൽ എത്തിച്ചത്.

ഇന്നത്തെപ്പോലെ കമ്പ്യൂട്ടൻ ഗ്രാഫികസ് ഒന്നും വികസിച്ചിട്ടില്ലാത്ത കാലത്ത്, ഇന്ത്യയെ മാത്രമല്ല ലോകതെ തന്നെ ഞെട്ടിച്ച ചിത്രമായിരുന്നു അപൂർവ സഹോദരന്മാർ. പേര് സൂചിപ്പിക്കുന്നപോലെ തന്നെ ഒത്തഉയരമുള്ളവനായും, കുള്ളനായുമുള്ള രണ്ട് വേഷങ്ങളിലാണ് കമൽ നിറഞ്ഞാടിയത്. മാന്വൽ ആയി പരിശീലനം നടത്തിയാണ് ഇതിൽ കമൽ കുള്ളനായത്. കാൽമുട്ടുകൾ മടക്കി ഇരുന്ന് പ്രത്യേക ക്യാമറകളിലുടെ ചിത്രീകരിച്ചാണ് കമലിനെ കുള്ളനാക്കിയത്. സ്‌ട്രെയിറ്റ് ആംഗിൾ ഷോട്ടുകൾക്കായി നടന്റെ മടക്കിയ കാൽമുട്ടുകളിൽ ഘടിപ്പിക്കാൻ ഒരു ജോടി പ്രത്യേക ഷൂ തയ്യാറാക്കി.

ചുരുങ്ങിയ കാലുകളുടെ രൂപവുമായി പൊരുത്തപ്പെടാൻ കൈകൾ ഉയർത്തിപ്പിടിക്കുന്ന ഒരു പ്രത്യേക രീതിയാണ് കമൽഹാസൻ സ്വീകരിച്ചത്. സൈഡ് ആംഗിൾ ഷോട്ടുകൾക്കായി, നടന്റെ കാലുകൾ കാൽ മുതൽ കാൽമുട്ട് വരെ മറയ്ക്കാൻ ഒരു കിടങ്ങ് കുഴിച്ചു, ബാംഗ്ലൂരിൽ നിന്നുള്ള ഒരു ശാസ്ത്രജ്ഞനെ കുള്ളന്റെ സ്പെഷ്യൽ ഇഫക്റ്റുകളെ സഹായിക്കാൻ നിയോഗിച്ചിരുന്നു. ഈ രീതിയിൽ ഏറെ ബുദ്ധിമുട്ടിയാണ് ചിത്രം നിർമ്മിച്ചത്്. ഈ സമയത്തൊക്കെ മോഹനും കമലിനൊപ്പം സെറ്റിൽ ഉണ്ടായിരുന്നു. പക്ഷേ പിന്നീട് കമൽ തിരിക്കൽ നിന്ന് തിരക്കിലേക്ക് നീങ്ങിയപ്പോൾ എല്ലാവരും അകന്നു.

മോഹന് മറ്റു ചില സിനിമകളിലും ചെറിയ ഹാസ്യവേഷങ്ങൾ ചെയ്തെങ്കിലും അധികം അവസരങ്ങൾ ലഭിച്ചില്ല. 2009-ൽ ബാലയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'നാൻ കടവുൾ' എന്ന സിനിമയിലും ശ്രദ്ധേയമായ വേഷം ലഭിച്ചു. പക്ഷേ അതിനുശേഷം വേഷങ്ങൾ ഒന്നും കിട്ടിയില്ല. പത്തുവർഷംമുമ്പ് ഭാര്യ മരിച്ചതോടെയാണ് ജീവിതം തെരുവിലേക്കു മാറിയത്. സിനിമ ലഭിക്കാതായതോടെ ജന്മനാട്ടിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് തന്നെ തിരുപ്പരൻകുണ്ഡത്തേക്ക് താമസം മാറിയിരുന്നു. മധുരയിലെ ചാരിയറ്റ് റോഡിൽ ഭിക്ഷാടനം നടത്തിയാണ് ഭക്ഷണത്തിനുള്ള വക കണ്ടെത്തിയത്. സഹോദരങ്ങളെല്ലാം സേലത്താണുള്ളത്. മോഹന്റേത് സ്വാഭാവികമരണമാണെന്ന് പൊലീസ് അറിയിച്ചു.

താരത്തെ മരിച്ച നിലയിൽ കണ്ടതോടെ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അതേസമയം കമൽഹാസൻ ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിലൊക്കെ മോഹൻ അടക്കമുള്ളവരെ പലതവണ സഹായിച്ചിട്ടുണ്ടെന്നും ചില മാധ്യമങ്ങൾ എഴുതിയിട്ടുണ്ട്. മുമ്പ് മമ്മൂട്ടിയെ താരപദവിയിലേക്ക് ഉയർത്തിയ കെ ജി ജോർജിന്റെ 'മേള' എന്ന ചിത്രത്തിലെ കുള്ളനായ രഘുവും ആരോരുമറിയാതെ മരിക്കയായിരുന്നു. താരങ്ങൾ കോടികൾ സമ്പാദിക്കുന്ന ചലച്ചിത്രലോകത്ത് ഈയംപാറ്റകളെപ്പോലെ ഇങ്ങനെ കുറച്ച് മനുഷ്യർ ജീവിതം ഹോമിക്കയാണ്.