കൊച്ചി: ബിജെപി നേതാവ് പിപി മുകുന്ദൻ അന്തരിച്ചു. 77 വയസായിരുന്നു. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ അടക്കം അലട്ടിയതിനെ തുടർന്ന് തിരുവനന്തപുരം നിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീടാണ് കൊച്ചിയിലേക്ക് മാറ്റിയത്.

ബിജെപിയുടെ മുൻ സംഘടനാ ജനറൽ സെക്രട്ടറിയായിരുന്നു. സംഘപരിവാർ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ സ്വാധീന ശക്തിയായിരുന്നു മുകുന്ദൻ. കൊച്ചി അമൃതാ ആശുപത്രിയിൽ ശ്വാസ കോശ സംബന്ധമായ അസുഖത്തിന് ചികിൽസയായിരുന്നു. കേരളത്തിലെ നിലവിലെ എല്ലാ ബിജെപി നേതാക്കളേയും വളർത്തിക്കൊണ്ടു വന്നത് പിപി മുകുന്ദനാണ്. പാർട്ടിയിൽ ഏറെ സ്വാധീനമുണ്ടാക്കിയ ജനറൽ സെക്രട്ടറിയായിരുന്നു പിപി മുകുന്ദൻ. കോലീബി സഖ്യത്തിന് പിന്നിൽ ചരടു വലിച്ച നേതാവ്. അങ്ങനെ ബിജെപിയെ 1992മുതൽ 2006 വരെ നയിച്ച നേതാവാണ് മുകുന്ദേട്ടൻ. ആർ എസ് എസിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. പ്രചാരകനായിട്ട് കേരളത്തിലുട നീളം പ്രവർത്തിച്ചു. ബിജെപിയിലെ പ്രശ്‌നകാലത്ത് പ്രചാരക സ്ഥാനം ഒഴിയുകയും ചെയ്തു. ഇതിന് ശേഷമാണ് ബിജെപി രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കേണ്ടി വന്നത്.

ബിജെപിയുമായി പിണങ്ങി നിന്ന സമയത്ത് കോൺഗ്രസിൽ നിന്നും സിപിഎമ്മിൽ നിന്നുമെല്ലാം മുകുന്ദന് ക്ഷണമെത്തി. എന്നാൽ അതൊന്നും സ്വീകരിച്ചില്ല. നേമത്ത് ഒരു ഘട്ടത്തിൽ വിമതനായി മത്സരിക്കാനൊരുങ്ങി. അതും വേണ്ടെന്ന് വച്ചു. ബിജെപിയോട് അതൃപ്തിയുണ്ടെങ്കിലും പരിവാർ രാഷ്ട്രീയം വിടില്ലെന്ന് പ്രഖ്യാപിച്ച നേതാവായിരുന്നു മുകുന്ദൻ. ബിജെപിയുടെ കേരളത്തിലെ വളർച്ചയിൽ നിർണ്ണായക സ്വാധീനം മുകുന്ദനുണ്ട്. മറാട് കലാപം പരിഹരിക്കലും, നിലയ്ക്കൽ പ്രക്ഷോഭ സമയത്തും മുകുന്ദൻ പോരാട്ടത്തിന്റെ മുന്നണിയിലുണ്ടായിരുന്നു. മികച്ചൊരു പരിഹാരകരനായിരുന്നു ഒരു കാലത്ത് ബിജെപിയിൽ മുകുന്ദൻ. രാഷ്ട്രീയത്തിന് അപ്പുറം വ്യക്തി ബന്ധം ഉണ്ടായിരുന്നു. കെ കരുണാകരനും ഇകെ നയനാരും പോലുള്ള നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. സിനിമയിലും സൗഹൃദമുണ്ടാക്കി. ഇതെല്ലാം ബിജെപിക്ക് അനുകൂലമായി മാറുകയും ചെയ്തുവെന്നതാണ് വസ്തുത.

കണ്ണൂർ കൊട്ടിയൂർ സ്വദേശിയായ അദ്ദേഹം ആർഎസ്എസിലൂടെയാണ് കേരളത്തിൽ ബിജെപിയുടെ സംഘടനാ ചുമതലയിലേക്ക് ഉയർന്നത്. ഏറെ വിമർശനം ഉയർന്ന കോലീബി പരീക്ഷണമടക്കം കേരളത്തിൽ നടപ്പാക്കുന്നതിൽ പിപി മുകുന്ദന്റെ ഇടപെടൽ വലുതായിരുന്നു. പാർട്ടിയിലടക്കം അഭിപ്രായങ്ങൾ മുഖം നോക്കാതെ പറയുന്ന ആളായിരുന്നു. കേരളത്തിലെ ബിജെപിയുടെ സംഘടനാ സെക്രട്ടറിയായും പിന്നീട് ദക്ഷിണേന്ത്യയിലെ പാർട്ടിയുടെ സംഘടനാ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമകാലികനായിരുന്നു മുകുന്ദൻ. കേരളത്തിലെ ബിജെപിയുടെ ഒരു കാലത്തെ പ്രശ്‌ന പരിഹാരകനായിരുന്നു മുകുന്ദൻ.

ബിജെപി മുൻ ദേശീയ നിർവാഹക സമിതി അംഗമായ അദ്ദേഹം കണ്ണൂർ ജില്ലയിലെ കൊട്ടിയൂരിൽ കൃഷ്ണൻ നായർ- കല്യാണിയമ്മ ദമ്പതികളുടെ മകനായാണ് ജനിച്ചത്. 1988 മുതൽ 95-വരെ ജന്മഭൂമി ദിനപ്പത്രത്തിന്റെ മാനേജിങ് ഡയറക്ടറായി പ്രവർത്തിച്ചിരുന്നു. 1991 മുതൽ 2007-വരെ ബിജെപി സംഘടനാ ജനറൽ സെക്രട്ടറിയായിരുന്നു. 2005 മുതൽ 2007-വരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ക്ഷേത്രീയ ഓർഗനൈസിങ് ജനറൽ സെക്രട്ടറി ചുമതല കൈകാര്യം ചെയ്തു. ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. 2006-ൽ ബിജെപിയിൽ നിന്നു പുറത്താക്കിയ അദ്ദേഹം പത്ത് വർഷത്തിന് ശേഷം 2016-ൽ പാർട്ടിയിൽ തിരിച്ചെത്തുകയായിരുന്നു.

ഇന്ന് രാവിലെ 8.10 നായിരുന്നു അന്ത്യം. ആർഎസ്എസിന്റെ കൊച്ചിയിലെ കാര്യാലയത്തിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം പിന്നീട് കണ്ണൂരിലേക്ക് കൊണ്ടുപോകും. ബിജെപിയുടെ കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും അധികാര കേന്ദ്രമായിരുന്നു അദ്ദേഹം. മികച്ച സംഘാടനെന്ന നിലയിൽ അടിയന്തിരാവസ്ഥക്കാലത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ വളർച്ച. ഇകെ നായനാരും കെ കരുണാകരനും ഇടത് വലത് മുന്നണികളെ നയിച്ച കാലത്ത് ബിജെപിയുടെ കേരളത്തിലെ ശക്തമായ മുഖമായിരുന്നു അദ്ദേഹം. ഇരു നേതാക്കളുമായും വ്യക്തിബന്ധം മുകുന്ദനുണ്ടായിരുന്നു. കെജി മാരാറുടേയും കെ രാമൻ പിള്ളയുടേയും ഒ രാജഗോപാലിന്റേയും കാലത്ത് ബിജെപിയുടെ സംഘടനയെ നയിച്ചത് പിപി മുകുന്ദനായിരുന്നു.

ബേപ്പൂരിലും വടകരയിലും കോലീബി പരീക്ഷണങ്ങളടക്കം നടത്തി കേരള രാഷ്ട്രീയത്തിൽ ബിജെപിയെ ശക്തിപ്പെടുത്താനുള്ള ശ്രമം അദ്ദേഹത്തിന്റെ കാലത്താണ് നടന്നത്. പികെ കൃഷ്ണദാസ്, കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ അടക്കമുള്ള നേതാക്കളെ കണ്ടെത്തിയതും വളർത്തിയതും പിപി മുകുന്ദനായിരുന്നു. ഇപ്പോഴുള്ള ബിജെപി നേതൃനിര മുകുന്ദന്റെ സംഭാവനയാണ്.