സ്വന്തമായി ഒരു കലാരൂപം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞ അപൂർവ പ്രതിഭ. ഒരുകാലത്ത് കേരളത്തെ പൊട്ടിച്ചിരിപ്പിച്ച മിമിക്സ് പരേഡ് എന്ന കലാരൂപത്തിന്റെ തലതൊട്ടപ്പൻ, കൊച്ചി പുല്ലേപ്പടിയിലെ മെലിഞ്ഞ, പതിഞ്ഞ താളത്തിൽ സംസാരിക്കുന്ന സിദ്ദിഖ് ഇസ്മായിൽ എന്ന ആ യുവാവും, മൈക്കിൾ ലാലുമായിരുന്നു. അതെ സിദ്ദിഖ്-ലാൽ തന്നെ! 89-ൽ റാംജിറാവ് സ്പീക്കിങ്ങ് എന്ന ചിത്രത്തിന്റെ ടൈറ്റിൽ കാർഡ് കണ്ട് അമ്പരക്കാത്ത മലയാള സിനിമാപ്രേമികൾ കുറവാണ്. കാരണം അന്ന് ഇരട്ട സംവിധായകർ എന്നൊന്നും മലയാളി അത്രയൊന്നും കേട്ടിട്ടിട്ടില്ല. സിദ്ദിഖ് ഇസ്മായിൽ, മൈക്കിൾ ലാൽ എന്ന രണ്ട് കൊച്ചിയിലെ മിമിക്രിക്കാർ, കഥയും തിരക്കഥയുമൊരുക്കി സംവിധാനം ചെയ്ത ആ ചിത്രം സൂപ്പർ ഹിറ്റായി. പിന്നീടങ്ങോട്ട് അവർക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ലോക സിനിമാ ചരിത്രത്തിൽ തന്നെ ഒരു അത്ഭുതമാണ് ഈ ജോഡി. കാരണം അവർ എടുത്ത 5 സിനിമകളും സൂപ്പർ ഹിറ്റായി. ഈ ക്രഡിറ്റ് ലോകത്തിൽ മറ്റൊരു സംവിധായകർക്കുമില്ല!

തുടർച്ചയായ സൂപ്പർ ഹിറ്റുകൾ ഒന്നിനുപിറകെ ഒന്നായി സംവിധായകനാണ് സിദ്ദിഖ് . അദ്ദേഹം എടുത്ത 18 ചിത്രങ്ങളിൽ സാമ്പത്തികമായി പരാജയപെട്ടത് വെറും 3 എണ്ണമാണ്. അതിൽ 13 സിനിമകളും നൂറുദിവസത്തിലേറെ ഓടിയ സൂപ്പർ ഹിറ്റുകൾ. ലോക വ്യാവസായിക സിനിമയുടെ ചരിത്രത്തിൽ തന്നെ ഏത് സംവിധായകനും ഉണ്ടാവും ഇതുപോലെ, ഒരു ട്രാക്ക് റെക്കോർഡ്. ആഗോള ചലച്ചിത്രലോകത്ത് തന്നെ ഏറ്റവും വിജയ ശതമാനമുള്ള കൊമേർഷ്യൽ സംവിധായകൻ വേറെയുണ്ടോ എന്ന് സംശയമാണ്

പിന്നീട് തമിഴിലും, ഹിന്ദിയിലുമൊക്കെ സിദ്ദിഖ് വെന്നിക്കൊടി പാറിച്ചു. സൽമാൻ ഖാൻ നായകനായ ബോഡിഗാർഡ് ബോളിവുഡിൽ സൂപ്പർ ഹിറ്റായിരിക്കുമ്പോഴും, അയാൾ വന്ന വഴി മറക്കാതെ എളിയയോടെ ചിരിച്ചു. പഴയ കൂട്ടുകാർക്ക് ഒപ്പം സൊറ പറഞ്ഞ് നടന്നു. ജാടകൾ ഒട്ടുമില്ലാത്ത, സ്‌നേഹ സമ്പന്നനായ കൂട്ടുകാരൻ ആയിരുന്ന സുഹൃത്തുക്കൾക്ക് സിദ്ദിഖ്. എപ്പോഴും ചിരിച്ചുകൊണ്ട് കാണുന്ന, പതിഞ്ഞ ശബ്ദത്തിൽ നിറഞ്ഞ തമാശകൾ പറയുന്ന, സിദ്ദിഖിന് പക്ഷേ 69 വയസ്സായി എന്നുപോലും മലയാളികൾ മറുന്നുപോയിരുന്നത്, ആ പ്രകൃതം കൊണ്ടാണ്.

ഇപ്പോൾ ലോകമമ്പാടുമുള്ള ചലച്ചിത്രപ്രേമികളെ കണ്ണീരിലാഴ്‌ത്തി സിദ്ധീഖ് കടന്നുപോകുമ്പോൾ, മരണം എത്ര രംഗബോധമില്ലാത്ത കോമാളിയാണെന്ന് ഒരിക്കൽ കൂടി ഓർത്തുപോവുന്നു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിരുന്നു അന്ത്യം. ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി സിദ്ദിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്ച മൂന്നുമണിയോടെ അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്.

ചിരിമഴ പെയ്യിച്ച മിമികസ് പരേഡ്

ഒട്ടും സിനിമാ പാരമ്പര്യമില്ലാത്ത ഒരു കുടുംബത്തിൽനിന്ന് കഠിനാധ്വാനത്തിലൂടെയും സ്വ പ്രയത്‌നത്തിലൂടെയും, വളർന്ന് വെള്ളിത്തിരയിലെ താരമായ കഥയാണ് സിദ്ദീഖിന്റെത്. 1954 ഓഗസ്റ്റ് 1 ന് കൊച്ചി പല്ലേപ്പടിയിലാണ് ഇസ്മായിൽ ഹാജിയുടെയും സൈനബയുടെയും മകനായി സിദ്ദിഖ് ജനിച്ചത്. സ്‌കൂളിൽ പഠിക്കുമ്പോഴേ കലയിൽ വലിയ താൽപ്പര്യമുണ്ടായിരുന്നു.
കളമശ്ശേരി സെന്റ് പോൾസ് കോളജിൽ എത്തിയതോടെ നാടകത്തിലും മറ്റും സജീവമായി. അന്ന് ഉസ്മാൻ എന്ന സുഹൃത്തായിരുന്നു മിമിക്രി പരിപാടികളിൽ ഒപ്പമുണ്ടായിരുന്നത്. ഡിഗ്രിക്ക് ഒപ്പം പുല്ലേപ്പടി ദാറുൽ ഉലും സ്‌കൂളിൽ ക്ലർക്കായും സിദ്ദിഖ് ജോലി ചെയ്തിരുന്നു. ഉസ്മാന് ശേഷമാണ് മറ്റൊരു പുല്ലേപ്പടിക്കാരൻ കൂട്ടായി എത്തുന്നത്. അതാണ് മൈക്കിൾ ലാൽ.

മിമിക്രിയുമായി രാത്രി ഉത്സവപ്പറമ്പിലും, പള്ളിപ്പെരുന്നാളിലുമൊക്കെ ഇവർ എത്തി. അങ്ങനെയാണ് സിദ്ധിഖും ലാലും തമ്മിലെ സൗഹൃദം ദൃഢമാവുന്നത്. ഇവരുടെയും മിമിക്രിയുമായുള്ള ഊര് ചുറ്റൽ കണ്ട ലാലിന്റെ അപ്പൻ മൈക്കിളാണ് ഇരുവരോടും കലാഭവനിൽ ചേരാൻ നിർദ്ദേശിക്കുന്നത്. ലാലിന്റെ അപ്പൻ കലാഭവനിലെ തബല ആർട്ടിസ്റ്റുമായിരുന്നു. അങ്ങനെ അന്നത്തെ മിമിക്രിക്കാരുടെ സ്വപ്നഭൂമിയായ കലാഭവനിൽ സിദ്ധിഖും ലാലും എത്തിപ്പെട്ടു. തന്നെ ഈ നിലയിൽ എത്തിച്ചതിനുള്ള കടപ്പാണ് അദ്ദേഹം പലപ്പോഴും കൊടുക്കുന്നത് കലാഭവനും, അതിന്റെ ആത്മാവായ ആബേലച്ചനും തന്നെയാണ്.

82ലാണ് ഇവർ കലാഭവനിൽ എത്തുന്നത്. അൻസാർ, പ്രസാദ്, കലാഭവൻ റഹ്‌മാൻ, സിദ്ധീഖ്, ലാൽ, സൈനുദ്ദീൻ, എന്നിവർ ചെയ്യുന്ന മിമിക്രി കേരളം മുഴുവൻ ഹിറ്റായ കാലം. പുതിയ പുതിയ നമ്പറുകളുമായി അവർ കേരളം മുഴുവൻ ചിരിപ്പിച്ചു. അങ്ങനെ ഉണ്ടായ പുരതി കലാരൂപമാണ് മിമികസ് പരേഡ്. അതിന്റെ സ്‌ക്രിപ്റ്റ് പൂർണ്ണമായും സിദ്ധിഖും ലാലുമായിരുന്നു. അങ്ങനെ സാമ്പ്രദായികമായി മിമിക്രിയിൽ അവർ വൻ മാറ്റങ്ങൾ വരുത്തി. അതും ജനം ഏറ്റെടുത്തു. പക്ഷേ ഒരു വർഷം കഴിഞ്ഞതോടെ സിദ്ദിഖ് കലാഭവനിൽനിന്ന് ഇറങ്ങി. അവിടെ സഹപ്രവർത്തകരുമായി ഉണ്ടായ ചില പ്രശ്നങ്ങൾ തന്നെ തളർത്തിയെന്നും ലാൽ മാത്രമാണ് തന്റെ കൂടെ നിന്നത് എന്നും ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്. പിന്നീട് ഒരു വർഷം കഴിഞ്ഞാണ് ഫാസിലിന്റെ ശിഷ്യനായി സിനിമയിൽ എത്തുന്നത്. ക്ലാർക്ക് ജോലിയുടെ ഇടവേളകളിലാണ് കലാപ്രവർത്തനവുമായി മുന്നോട്ട് പോയത്. 1984 മെയ് 6 ന് അദ്ദേഹം സജിതയെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് സുമയ, സാറ, സുകൂൺ എന്നീ മൂന്ന് പെൺമക്കളുണ്ട്.

വഞ്ചിച്ച ശ്രീനിവാസൻ

തങ്ങൾ ഫാസിലിന്റെ ശിഷ്യന്മാരായ കഥ ഒരു അഭിമുഖത്തിൽ സിദ്ദിഖ് ഇങ്ങനെ പറയുന്നുണ്ട്. '''മറക്കില്ലൊരിക്കലും' എന്ന ഫാസിൽ ചിത്രത്തിൽ അഭിനയിച്ച പരിചയംവെച്ച് കലാഭവൻ അൻസാറാണ് എന്നെയും ലാലിനെയും ഫാസിൽസാറിന് പരിചയപ്പെടുത്തിയത്. ഞങ്ങൾ അന്ന് അദ്ദേഹത്തോട് രണ്ടു കഥകൾ പറഞ്ഞു. അത് അദ്ദേഹത്തിന്റെ ശൈലിയിലുള്ള കഥകൾ അല്ലാതിരുന്നിട്ടും ഫാസിൽസാർ ഞങ്ങക്ക് പ്രോത്സാഹനംതന്ന് കൂടെനിർത്തി. പിന്നെ ഇടയ്ക്കിടെ ഞങ്ങൾ അദ്ദേഹത്തിന്റെയടുത്ത് ഡിസ്‌കഷന് പോകുമായിരുന്നു. അങ്ങനെ ഒരിക്കൽ ഫാസിൽസാർ സിനിമ ചെയ്യാനുദ്ദേശിക്കുന്ന രണ്ടു കഥകൾ പറഞ്ഞു. ഒന്ന് ലൗവ് സ്റ്റോറി ആയിരുന്നു. അമ്മൂമ്മയും പേരക്കുട്ടിയും തമ്മിലുള്ള സ്നേഹവാത്സല്യത്തിന്റെ പ്രമേയമായിരുന്നു രണ്ടാമത്തേത്. എനിക്ക് അതാണ് കൂടുതൽ ഇഷ്ടപ്പെട്ടത്. ഫാസിൽസാർ പറഞ്ഞു: ''ഈ കഥയാണ് ഞാൻ ഉടനെ ചെയ്യുന്നത്. നിർമ്മാതാവും ഞാൻതന്നെ. നിങ്ങൾക്ക് വേണമെങ്കിൽ ഇതിൽ അസിസ്റ്റ് ചെയ്യാം.'' ഞാനന്ന് സ്‌കൂളിൽ ക്ലർക്കായി ജോലിചെയ്യുകയായിരുന്നു. ലാൽ ഡ്രാഫ്റ്റ്‌സ്മാനായി ജോലിചെയ്യുന്ന സമയവും. പിന്നീട് വീട്ടിൽനിന്ന് അനുവാദം വാങ്ങിച്ച്, ജോലിയിൽനിന്ന് ലീവെടുത്ത് ഞങ്ങൾ 'നോക്കെത്താദൂരത്ത് കണ്ണുംനട്ട്' എന്ന ആ ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടർമാരായി.''- അതായിരുന്നു തുടക്കം.

'പപ്പൻ പ്രിയപ്പെട്ട പപ്പൻ' എന്ന സത്യൻ അന്തിക്കാട് ചിത്രത്തിന് കഥയെഴുതിക്കൊണ്ടാണ് സിദ്ദീഖ്-ലാലുമാരുടെ ആദ്യ സംരംഭം ഉണ്ടാവുന്നത്. പടം പരാജയമായി. പക്ഷേ ഇതിൽനിന്ന് ഒരുപാട് പഠിക്കാനായി എന്നാണ് സിദ്ദിഖ് ഒരു അഭിമുഖത്തിൽ പറഞ്ഞത്. പിന്നീട് അവർ ഉണ്ടാക്കിയ കഥയാണ് സൂപ്പർ ഹിറ്റായ നാടോടിക്കാറ്റ്. പക്ഷേ ആ കഥ ശ്രീനിവാസന്റെ പേരിലാണ് വന്നത്. അങ്ങനെ ഒരു തിക്താനുഭവവും കരിയറിന്റെ തുടക്കതിൽ അവർക്കുണ്ടായി. പക്ഷേ കേസിനൊന്നും പോവേണ്ട എന്ന് പറഞ്ഞത് സാക്ഷാൽ ഫാസിൽ സാർ തന്നെയാണെന്ന് സിദ്ദിഖ് പറയുന്നു. 'നിങ്ങളുടെ കഥ ആളുകൾക്ക് ഇഷ്ടമാവും എന്നതിന്റെ തെളിവല്ലേ ഇത്. നിങ്ങൾക്ക് ഇനിയും കഥയുണ്ടാക്കാൻ കഴിയും' എന്നാണ് ഫാസിൽ അന്ന് പറഞ്ഞ്. ആ നാക്ക് പൊന്നായി.

പിന്നീട് റാംജിറാവ് സ്പീക്കിങ് എന്ന സിദ്ദിഖ് ലാലിന്റെ ആദ്യചിത്രം ഫാസിൽ നിർമ്മിച്ചു. അത് ഡ്യൂപ്പർ സൂപ്പർ ഹിറ്റായി. പൊട്ടിച്ചിരികളിൽ തീയേറ്റർ പ്രകമ്പനം കൊണ്ടു. പിന്നീടങ്ങോട്ട് തുടർച്ചായായി എല്ലാവർഷവും ഈ സംവിധാന ഇരട്ടകളുടെ ഓരോ ഹിറ്റ് ചിത്രങ്ങളെത്തി. ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്‌നാം കോളനി, കാബൂളിവാല എന്നീ ചിത്രങ്ങൾ തീയേറ്ററുകളെ ഇളക്കിമറിച്ചു. ഇതിൽ തുടർച്ചയായി നാനൂറ് ദിവസം പ്രദർശിപ്പിച്ച ഗോഡ് ഫാദറിന്റെ റെക്കോർഡ് ഇനി ആർക്കെങ്കിലും തകർക്കാൻ കഴിയമോ എന്ന് അറിയില്ല.

സിദ്ധിഖും ലാലും എന്തിന് പിരിഞ്ഞു?

പക്ഷേ കാബൂളിവാലക്ക് ശേഷമുള്ള തൊട്ടടുത്ത വർഷം മലയാള ചലച്ചിത്രപ്രേമികളെ ഞെട്ടിച്ച ഒരു വാർത്തയാണ് പുറത്തുവന്നത്. സിദ്ധിഖും, ലാലും സംവിധായകർ എന്ന നിലയിൽ വേർപിരിഞ്ഞു. അതിന്റെ കാരണം എന്തെന്ന് ഇനിയും അവർ വെളിപ്പെടുത്തിയില്ല. സ്വന്തം ഭാര്യമാരിൽനിന്നുപോലും ആ ആത്മാർഥ സുഹൃത്തുക്കൾ അത് മറച്ചുവെച്ചു. സാധാരണ പിരിഞ്ഞാൽ പിന്നെ ചെളിവാരിയെറിയലാണ് നാം കാണാറുള്ളത്. പക്ഷേ ലാലും, സിദ്ധിഖും അപ്പോഴും അടുത്ത കൂട്ടുകാരനായി. സിദ്ദിഖിന്റെ ആദ്യ പടത്തിന് ലാൽ പ്രൊഡ്യൂസറായി. മരണംവരെ അവർ ആത്മാർത്ഥ സുഹൃത്തുക്കളായി. മാന്നാർ മത്തായി സ്പീക്കിങ്ങ് എന്ന റാജിറാവിന്റെ രണ്ടാം ഭാഗത്തിനും മറ്റും ഒന്നിച്ച് കഥയും തിരക്കഥയും എഴുതി.

മുൻപ് കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിൽ ലാലുമായി പിരിയാനുണ്ടായ കാരണം സിദ്ദിഖ് തുറന്നുപറഞ്ഞിരുന്നു. സംവിധായകൻ ബി ഉണ്ണികൃഷ്ണന്റെ ചോദ്യത്തിനായിരുന്നു സിദ്ദിഖ് മറുപടി നൽകിയത്. ''നമ്മൾ വളർച്ചയുടെ ഒരു ഘട്ടത്തിൽ എത്തുമ്പോൾ പല പ്രശ്നങ്ങളും ഇങ്ങനെ ഉണ്ടായിക്കൊണ്ടേയിരിക്കും.അത് ആരായിരുന്നാലും. അപ്പോൾ അങ്ങനെയൊരു സാഹചര്യം അല്ലെങ്കിൽ ഒരു സന്ദർഭം ഉണ്ടാകുന്നതിന് മുൻപ് ഞങ്ങൾ രണ്ട് വഴിക്ക് പോകാൻ തീരുമാനിച്ചു. അന്ന് അങ്ങനെ മുന്നോട്ടുപോവുന്നതാണ് നല്ലതെന്ന് രണ്ട് പേർക്കും തോന്നിയിരുന്നു. അന്ന് ഞാൻ ലാലിനോട് പറഞ്ഞു. ഞാൻ നിർമ്മിക്കാം ലാൽ സംവിധാനം ചെയ്യൂ, തിരക്കഥ നമ്മുക്ക് ഒരുമിച്ച് എഴുതാം.പിന്നെ ഞാൻ സംവിധാനം ചെയ്യാം എന്നൊക്കെ. അപ്പോ ലാൽ പറഞ്ഞു. തൽക്കാലം ഞാൻ സംവിധാനം ചെയ്യുന്നില്ല. ഞാൻ പ്രൊഡക്ഷൻ സൈഡ് നോക്കികോളാം. സിനിമകൾ നിർമ്മിച്ചോളാമെന്ന്. അങ്ങനെയാണ് ഞങ്ങൾ അന്നത് തീരുമാനിച്ചത്.

ഒരു തരത്തിലും ഞങ്ങൾ തമ്മിൽ മൽസരിച്ചിട്ടില്ലെന്നും സിദ്ദിഖ് പറയുന്നു.എന്തിന് പിരിഞ്ഞു എന്നതിന്റെ കാരണം കൊണ്ട് ഇനി ആർക്കും പ്രത്യേകിച്ച് ഒരു ഗുണവുമില്ല. അത് ആരെയെങ്കിലും വേദനിപ്പിച്ചേക്കുമോയെന്ന ഭീതിയുണ്ട്. ഇപ്പോൾ ആ കാരണം നിലനിൽക്കുന്നില്ലെന്നും സിദ്ദിഖ് പറഞ്ഞു. ഒരു തരത്തിൽ സൗഹൃദക്കൂട്ടായ്മയിൽ നിന്ന് ചിത്രം ചെയ്യുന്ന രീതികൾ തുടക്കം നൽകിയത് തങ്ങളാണെന്നും ഇരുവരും ഒരുപോലെ പറയുന്നുണ്ട്.

ഈഗോ ഇല്ലാതെ വർക്ക് ചെയ്യാൻ കഴിഞ്ഞുവെന്നതാണ് ഞങ്ങളുടെ സിനിമകളുടെ വിജയമെന്ന് സിദ്ദിഖ് തുറന്നുപറഞ്ഞിരുന്നു.''ഗോഡ് ഫാദർ ചിത്രീകരിക്കുമ്പോൾ അതിൽ ലളിത ചേച്ചിയുടെ വീട്ടിലേക്ക് ജഗദീഷ് വരുന്ന ഒരു രംഗമുണ്ട്. അതിൽ കാണിക്കുന്ന വീടായിരുന്നില്ല ആദ്യം തീരുമാനിച്ചത്. മറ്റൊരു വീട്ടിൽ അത് എടുക്കാൻ തീരുമാനിച്ചപ്പോൾ എനിക്ക് അവിടെ അത് ചിത്രീകരിച്ചാൽ നന്നാകില്ല എന്ന് തോന്നി. പക്ഷേ ആർട്ടിസ്റ്റുകൾ എല്ലാം അവിടെ റെഡിയാണ്. ഞാൻ ഈ കാര്യം ലാലിനെ അറിയിച്ചു. ലാൽ കാര്യം അന്വേഷിച്ചപ്പോൾ ഞാൻ പറഞ്ഞു, ഇതിൽ ഒരുപാട് കോമഡി സ്വീക്വൻസ് വർക്ക് ചെയ്യേണ്ട ഒരു രംഗമാണ്. അത് ഇങ്ങനെയൊരു വീട്ടിൽ വച്ചാൽ ചെയ്താൽ ഏൽക്കില്ല. എന്റെ തീരുമാനം ലാൽ ശരിവച്ചു. അങ്ങനെ ആ സീൻ അവിടെ ചിത്രീകരിച്ചില്ല. പിന്നീട് മറ്റൊരു വീട്ടിൽ അത് എടുത്തപ്പോൾ ലാൽ എന്നോട് പറഞ്ഞു അന്ന് സിദ്ദിഖ് അങ്ങനെയൊരു തീരുമാനമെടുത്തത് നന്നായി എന്ന്.''- സിദ്ദിഖ് ചൂണ്ടിക്കാട്ടി. അതുപോലെ തന്നെ തന്റെ മനസ്സിലുള്ളത് എന്താണെന്ന് സിദ്ദിഖിനും തിരിച്ചും അറിയാൻ കഴിയുമെന്ന് ലാലും പറഞ്ഞിട്ടുണ്ട്.

വിജയ് മുതൽ സൽമാൻ വരെ

പിരിഞ്ഞശേഷവും ഇരുവർക്കും കരിയറിൽ ഉയർച്ചകൾ മാത്രമേ ഉണ്ടായുള്ളൂ. ലാൽ നിർമ്മാതാവ്, നടൻ, സംവിധായകൻ എന്ന ബഹുമുഖ നിലയിലും, സിദ്ദിഖ് ബോളിവുഡിൽവരെ എത്തിയ സംവിധായകൻ എന്ന നിലയിൽ പേരെടുത്തു. ലാലിനെ പിരിഞ്ഞശേഷം സിദ്ദിഖ് ഒറ്റക്ക് ഡയറ്ക്ട ചെയ്ത, ഹിറ്റ്‌ലർ, ഫ്രണ്ട്സ്, ഫ്രണ്ട്സ് തമിഴ്, ക്രോണിക് ബാച്ച്ലർ, എങ്കൾ അണ്ണ (തമിഴ്), സാധു മിറാൻഡ (തമിഴ്) എന്നിവയെല്ലാം ഹിറ്റുകളായി. പക്ഷേ പിന്നീട് എടുത്ത ബോഡിഗാർഡാണ് അദ്ദേഹത്തെ ഹിന്ദി സിനിമയിൽവരെ എത്തിച്ചത്. മലയാളത്തിൽ ദിലീപിന്റെ ബോഡിഗാർഡ് വിജയ ചിത്രമായിരുന്നെങ്കിലും സൂപ്പർ ഹിറ്റായില്ല. പക്ഷേ ഇതിന്റെ തമിഴ് പതിപ്പ് കാവലൻ എന്നപേരിൽ വിജയ് നായകനായി എത്തിയപ്പോൾ വൻ വിജയമായി.

അതേക്കുറിച്ച് മാതൃഭൂമിക്ക് നിൽകിയ അഭിമുഖത്തിൽ സിദ്ധീഖ് ഇങ്ങനെ പറയുന്നു. ''
തമിഴകത്തുനിന്നു ക്ഷണം വന്നപ്പോൾ, അവിടെ ഇറങ്ങിക്കൊണ്ടിരിക്കുന്ന അതിഭാവുകത്വചിത്രങ്ങളിൽനിന്നു മാറി, എന്റെ ശൈലിയിലുള്ള ചിത്രം എന്ന ശ്രമകരമായ ദൃഢനിശ്ചയമായിരുന്നു മനസ്സിൽ. ഫ്രണ്ട്സ് മുതൽ എന്റെ ചിത്രങ്ങൾ തമിഴിലും സൂപ്പർ ഹിറ്റ് പരമ്പര ആവർത്തിച്ചു. മലയാളം 'ബോഡിഗാർഡി'ന്റെ കഥ ഇഷ്ടപ്പെട്ടിട്ടാണ് സൽമാൻ ഖാൻ ബോളിവുഡിലേക്ക് എന്നെ വിളിച്ചത്. അന്നോളമിറക്കിയ ഹിന്ദി ചിത്രങ്ങളുടെ ജയപരാജയകാരണങ്ങൾ ഒബ്സർവ് ചെയ്തു പഠിക്കുകയാണ് ഞാനാദ്യം ചെയ്തത്. ബോളിവുഡിലെ അത്യാധുനിക ടെക്നീഷ്യൻസിനെ അവർ ഒരുക്കിത്തന്നപ്പോൾ, എന്റെ ശൈലിയുള്ള എഴുത്തും സംവിധാനവും ഞാനവിടെ പരീക്ഷിച്ചു. ആദ്യത്തെ നാലു ദിവസത്തിനുള്ളിൽ നൂറു കോടി ക്ലബ്ല് വിജയം നേടി ഹിന്ദി ബോഡിഗാർഡ്. അനാവശ്യമായ ഒരു ഡയലോഗോ, അനാവശ്യമെന്ന് തോന്നിക്കുന്ന ഒരു സീനോ, വിരസതയ്യാർന്ന ഒരു ഗാനരംഗമോ ഇല്ലാതാകുമ്പോഴാണ് സിനിമ കൂടുതൽ ഏകാഗ്രമാവുന്നത്. ഞാനത് പരമാവധി പാലിക്കാറുണ്ട്''- സിദ്ദിഖ് പറഞ്ഞു.

ഭാഷയറിയാത്ത സിദ്ദിഖ് ഒരു സഹായിയെവെച്ച് ഒരോ ഡയലോഗും പരിശോധിപ്പിച്ചാണ് ഹിന്ദി പടം എടുത്തത്. മലയാളത്തിൽനിന്ന് ഒരുപാട് പേർ വിളിച്ച് സിദ്ദിഖിന്റെ ബോഡിഗാർഡ് ചെയ്യരുത് എന്ന് തന്നോട് പാര പണിത കഥ സൽമാൻ പറഞ്ഞതും സിദ്ദിഖ് ഒരു അഭിമുഖത്തിൽ രസകരമായി പറയുന്നുണ്ട്. ഹിന്ദിയിൽ ബോഡിഗാർഡ് ഹിറ്റായതോടെ അന്തം വിട്ട തിരക്കായിരുന്നു ഈ കൊച്ചിക്കാരന്. ചിരഞ്ജീവിയുടെ സംഘം തെലുങ്കിൽ ഒരുപടം ചെയ്യാൻ തന്നെ തേടിയെത്തിയിടത്തുന്നിന് ഓടി ഒളിച്ച കഥ അടക്കം അയാൾക്ക് പറയാനുണ്ടായിരുന്നു.

മമ്മൂട്ടി ബിഗ്ബ്രദർ, ലാൽ ഫ്രണ്ട്

മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും ലാലുമായും അടുത്ത ബന്ധമാണ് അദ്ദേഹത്തിന്. സിദ്ദിഖ് അവസാനം എടുത്ത സിനിമ ലാലിനെ വെച്ചുള്ള ബിഗ് ബ്രദർ ആണെങ്കിലും തന്റെ യഥാർത്ഥ ബിഗ്ബ്രദർ സ്ഥാനത്ത് മമ്മൂട്ടിയാണുള്ളതെന്നാണ് സിദ്ധീഖ് പറഞ്ഞിരുന്നത്. ''സിനിമ അല്ലാതെയുള്ള കാര്യങ്ങളിൽ പോലും മമ്മുക്ക എനിക്ക് ബിഗ് ബ്രദറാണ്. എന്റെ വീട് വയ്ക്കാനുള്ള സ്ഥലം വാങ്ങിച്ചതിൽ പോലും മമ്മുക്കയുടെ ഒരു സ്വാധീനമുണ്ട്. തൊട്ടടുത്തുള്ള സ്ഥലം മമ്മുക്കയാണ് വാങ്ങിച്ചത്. അങ്ങനെ എന്റെ എല്ലാ നല്ല കാര്യങ്ങളിലും മമ്മുക്കയ്ക്ക് താൽപ്പര്യമുണ്ട്.സ്വന്തം കാര്യങ്ങൾ മാറ്റിവച്ചുകൊണ്ട് തന്നെ ആശ്രയിച്ചു ജീവിക്കുന്നവരുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്ന ആളായിരിക്കുമല്ലോ ബിഗ് ബ്രദർ. ''- അദ്ദേഹം പറയുന്നു. മമ്മൂട്ടിക്കുവേണ്ടി ഹിറ്റ്ലർ, ക്രോണിക്ക് ബാച്ചിലർ, ഭാസ്‌ക്കർ ദ റാസ്‌ക്കിൽ എന്നിങ്ങനെ അദ്ദേഹം എടുത്ത മൂന്ന് ചിത്രങ്ങളും ഹിറ്റായി. മമ്മൂട്ടിക്ക് അത്ര നല്ല സമയം ഇല്ലാതെ ഇരുന്ന സമയത്ത് റിലീസായ ഹിറ്റ്ലർ സൂപ്പർതാരത്തിൽനിന്ന് മമ്മൂട്ടിയെ മെഗാതാരത്തിലുമെത്തിച്ചു. അതുവരെയുള്ള കളക്ഷൻ റെക്കോർഡുകൾ തകർത്ത ചിത്രമായിരുന്നു അത്.

മോഹൻലാലുമായും അടുത്ത സൗഹൃദമാണ് അദ്ദേഹത്തിന്. ''നോക്കെത്താദൂരത്ത് കണ്ണുംനട്ട്' എന്ന ചിത്രത്തിലാണ് ഞാൻ മോഹൻലാലിനെ പരിചയപ്പെടുന്നത്. കൃഷ്ണമൂർത്തിയായി വിയറ്റ്നാം കോളനിയിൽ എത്തിയപ്പോഴും, മണിച്ചിത്രത്താഴിൽ ഞാൻ കോ-ഡയറക്ടർ ആയപ്പോഴും, 'അയാൾ കഥ എഴുതുകയാണ്' സിനിമയിൽ സാഗർ കോട്ടപ്പുറമായി തകർത്ത് അഭിനയിച്ചപ്പോഴും ചന്ദ്രബോസായി ലേഡീസ് ആൻഡ് ജെന്റിൽമാനിൽ തിളങ്ങിയപ്പോഴും മോഹൻലാൽ വീണ്ടും വീണ്ടും എന്നെ ആശ്ചര്യപ്പെടുത്തി. കഥാപാത്രപൂർണതയ്ക്കുവേണ്ടി പ്രായംപോലും മറന്ന് കഠിനാധ്വാനം ചെയ്യുന്ന വലിയ മനസ്സിനുടമയായ ലാലിൽനിന്നും ഇനിയും ഒരുപാടു നേട്ടങ്ങൾ നമ്മുടെ സിനിമയ്ക്ക് ലഭിക്കും''- സിദ്ദിഖ് പറയുന്നു.

എന്തും പറയാൻ കഴിയുന്ന ഒരു ബെസ്റ്റ് ഫ്രണ്ടാണ് മോഹൻലാൽ എന്നാണ് സിദ്ദിഖ് പറയാറുള്ളത്. അദ്ദേഹത്തിന്റെ ഹ്യുമർ സെൻസ് ഏവരെയും അമ്പരിപ്പിക്കുമെന്നും ഈ ഡയറക്ടർ പറയാറുണ്ട്.

ഗർവാസീസ് ആശാൻ മുതൽ സന്ധ്യവ് വരെ

തന്റെ നാട്ടിൽനിന്ന് താൻ പരിചയിച്ച കഥാപാത്രങ്ങളെയാണ് പലപ്പോഴും സിദ്ദിഖ് സിനിമയിലെടുത്തത്. 'നീ പൊന്നപ്പനല്ലെടാ തങ്കപ്പൻ...' ഗോപാലകൃഷ്ണനൊപ്പം ഉർവശി തീയറ്റേഴ്സിലേക്കു നായികയെ തേടിയെത്തിയ ഗർവാസീസ് ആശാന്റെ ഡയലോഗ് മലയാളികൾ ഇന്നും മറന്നിട്ടില്ല. മാന്നാർ മത്തായി സ്പീക്കിങ്' എന്ന സിനിമയിൽ ജനാർദനൻ അവതരിപ്പിച്ച ഗർവാസീസ് ആശാനും ഹരിശ്രീ അശോകൻ അവതരിപ്പിച്ച സന്ധ്യാവും ചിരിയുടെ പൂത്തിരികൾ കത്തിച്ചു.

ഗർവാസീസ് ആശാൻ എന്ന കഥാപാത്രം പിറന്നു വീണത് കുട്ടിക്കാലം മുതൽ മനസ്സിലുണ്ടായിരുന്ന ഒരു പേരിൽ നിന്നാണെന്നാണ് സിദ്ദിഖ് പറയുന്നത്. ''കുട്ടിക്കാലത്ത് ഞാൻ വരാപ്പുഴയിൽ ചവിട്ടുനാടകം കാണാൻ പോകാറുണ്ടായിരുന്നു. ബൈബിൾ വിഷയങ്ങളാണ് ചവിട്ടുനാടകമായി അവതരിപ്പിക്കുക. നാടകത്തിന്റെ ഇടവേളയിൽ എന്നും കേട്ടിരുന്ന ഒരു കിടിലൻ അനൗൺസ്മെന്റ് ഉണ്ടായിരുന്നു. 'കഥാപാത്രങ്ങളും അഭിനയിച്ചവരും, രാജാവ് - ഗർവാസീസ് ആശാൻ'. അന്നുമുതൽ മനസ്സിൽ കയറിക്കൂടിയ പേരായിരുന്നു അത്. മാന്നാർ മത്തായിയുടെ തിരക്കഥയെഴുതാൻ വേണ്ടി ഞാനും ലാലും ഇരിക്കുമ്പോൾ ഗർവാസീസ് ആശാൻ വീണ്ടും മനസ്സിലേക്ക് കയറിവന്നു. ഉർവശി തീയറ്റേഴ്സിന്റെ നാടകത്തിനായി ഒരു നടിയെ തപ്പിയെടുക്കാൻ പഴയ നാടകക്കാരനെത്തേടിപ്പോകുകയാണ് പൊന്നപ്പനും ഗോപാലകൃഷ്ണനും. ആ സീനിലെ പഴയ നാടകക്കാരന് നല്ലൊരു പേരു വേണം. അതിനു ഗർവാസീസ് ആശാൻ എന്ന പേരിനെക്കാൾ കറക്ട് ആയി മറ്റൊന്നും എന്റെ മനസ്സിലുണ്ടായിരുന്നില്ല. തന്നെ പഠിപ്പിച്ച ഒരു ഗർവാസീസ് മാഷിനെപ്പറ്റി ലാലും ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. പഴയ നാടകക്കാരന് ഗർവാസീസ് എന്നു പേരിട്ടാലോ എന്നു ചോദിച്ചപ്പോൾ ലാലിനും പൂർണ സമ്മതം''-സിദ്ദിഖ് ഗർവാസീസ് ആശാൻ പിറന്ന കഥ പറഞ്ഞു.

ഗർവാസീസ് ആശാന്റെ സന്തത സഹചാരിയായ സന്ധ്യാവ് എന്ന പേരിനു പിന്നിലും രസകരമായൊരു കഥ സിദ്ദിഖിനു പറയാനുണ്ടായിരുന്നു. ''പൊന്നപ്പനും ഗോപാലകൃഷ്ണനും കൂടി നടിയെ തേടി വരുമ്പോൾ അകത്തേക്കു നോക്കി ഗർവാസീസ് ആശാൻ സന്ധ്യാവേ എന്നു വിളിക്കുന്നുണ്ട്. ഒരു സ്ത്രീ ഇറങ്ങി വരുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. എന്നാൽ വരുന്നത് ഹരിശ്രീ അശോകനാണ്. സന്ധ്യാവ് എന്ന കഥാപാത്രത്തിനു പേരിടുമ്പോൾ പേരിലൊരു സ്‌ത്രൈണത തോന്നണമെന്നുണ്ടായിരുന്നു. ആ നേരത്താണ് പണ്ട് കലൂർ ഗവ. ഹൈസ്‌കൂളിൽ രണ്ടാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ ഒപ്പം പഠിച്ച കൂട്ടുകാരനെ ഓർത്തത്. നന്നായി പാട്ടുപാടുന്ന വെളുത്ത ആ പയ്യന്റെ പേര് സന്ധ്യാവ് എന്നായിരുന്നു. സ്‌കൂളിൽ എല്ലാ വെള്ളിയാഴ്ചകളിലും നടക്കുന്ന സാഹിത്യ സമാജങ്ങളിൽ ഞാനും സന്ധ്യാവും മെഹബൂബുമൊക്കെയാണ് താരങ്ങൾ. എന്റെ മിമിക്രിയും സന്ധ്യാവിന്റെയും മെഹബൂബിന്റെയും പാട്ടുകളുമാണ് സമാജത്തിലെ പ്രധാന ഇനങ്ങൾ. സന്ധ്യാവിനെ ഹരിശ്രീ അശോകൻ അവതരിപ്പിച്ചതോടെ കഥാപാത്രം സൂപ്പർ ഹിറ്റായി. സന്ധ്യാവിനെ ഏഴാം ക്ലാസിൽ െവച്ചു കണ്ട ശേഷം പിന്നീട് കണ്ടിട്ടില്ല. ഒരുപക്ഷേ മാന്നാർ മത്തായി എന്ന സിനിമ കണ്ട് അവൻ സ്വന്തം പേര് തിരിച്ചറിഞ്ഞു കാണുമായിരിക്കും''-സിദ്ദിഖ് പറയുന്നു.

പുല്ലേപ്പടിയിലെ കൗണ്ടർ മണി

നമ്മൾ നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന തമാശകൾ ആണ് പോളിഷ് ചെയ്ത് സിനിമാറ്റിക് ആക്കിയതെന്ന് സിദ്ദിഖ് പലപ്പോഴും പറയാറുള്ളത് . ഞങ്ങൾ സംസാരിക്കുന്നത് പോലെയാണ് ഞങ്ങളുടെ സിനിമകളിലെ കഥാപാത്രങ്ങളും സംസാരിക്കുന്നത്. ആ കാലഘട്ടത്തിലെ സിനിമകളിൽ സാഹിത്യം കലർന്ന രീതിയിലായിരുന്നു സംഭാഷണം എഴുതിയിരുന്നത്. 'ഒരക്ഷരം മിണ്ടരുത്' എന്ന് പറയുമ്പോൾ 'ഒരക്ഷരമോ ഏതക്ഷരം' എന്നായിരിക്കും നമ്മുടെ സിനിമകളിലെ സംഭാഷണം. പക്ഷെ കാലങ്ങൾ കഴിഞ്ഞാലും ഈ സംഭാഷണങ്ങൾ ഒക്കെ ആളുകൾ പറയുമെന്ന് നമ്മൾ കരുതിയിരുന്നില്ല. ഞങ്ങളുടെ തമാശകളുടെ ചെറിയ ഒരു ശതമാനം മാത്രമേ സിനിമകളിൽ വന്നിട്ടുള്ളവെന്നും അദ്ദേഹം പറഞ്ഞു.

പുല്ലേപ്പടി എന്ന ഭാഗത്തെ നമ്മുടെ സുഹൃത്തുക്കൾ എന്ത് പറഞ്ഞാലും കൗണ്ടർ അടിക്കും. എന്നെ കൗണ്ടർ മണി എന്നായിരുന്നു ആളുകൾ വിളിച്ച് കൊണ്ടിരുന്നതെന്ന് സംവിധായകൻ ലാലും പറഞ്ഞു. ആ സുഹൃത്തുക്കളിൽ നിന്നൊക്കെയാണ് സിനിമയിലെ സംഭാഷണങ്ങൾ ഉണ്ടായതെന്നും സിദ്ദിഖ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

'സിനിമയിൽ സാധാരണ കഥാപാത്രങ്ങളെ സൃഷ്ടിക്കുമ്പോൾ ജീവിതത്തിൽ നമ്മൾ കണ്ട കഥാപാത്രങ്ങളുടെ പെരുമാറ്റരീതികൾ, മാനറിസങ്ങൾ ഒക്കെ പകർത്താറുണ്ട്. യഥാർഥ ജീവിതത്തിൽ കാണുന്ന അനുഭവങ്ങളും പകർത്താറുണ്ട്. ചിലത് സാങ്കൽപികമായിരിക്കും. ഒരാളും ഇതുവരെ എവിടെയും കണ്ടു പരിചിതമല്ലാത്ത കഥാപാത്രമുണ്ടാക്കും ചിലപ്പോൾ. അത്തരത്തിലൊന്നാണ് വിജയരാഘവൻ അവതരിപ്പിച്ച റാംജിറാവു എന്ന കഥാപാത്രം. അരയിൽ ചങ്ങല, വലിയ വള. ഇങ്ങനൊരാളെ പുറത്തുകണ്ടാൽ അപ്പോൾ തന്നെ പൊലീസ് അറസ്റ്റ് ചെയ്യും. അയാളുടെ പേരു പോലും ഇതുവരെ ആരും കേൾക്കാത്തതാണ്'', റാംജിറാവുവിന്റെ പാത്രസൃഷ്ടിയെക്കുറിച്ച് സംവിധായകൻ സിദ്ദിഖ് മനോരമ ന്യൂസിന്റെ ചിരി വന്ന വഴി എന്ന പരിപാടിയിൽ പറഞ്ഞതിങ്ങനെ.

'ഓരോ സ്ഥലത്തും തമാശ കൊണ്ടുവരാൻ സാധിച്ചു, അതുകൊണ്ടാണ് ഇന്നും റാംജിറാവ് അടക്കമുള്ള സിനിമകൾ ചർച്ച ചെയ്യപ്പെടുന്നത്. സിനിമയിലെ കഥാപാത്രങ്ങൾക്കെല്ലാം ഒരു കാർട്ടൂൺ സ്വഭാവമുണ്ട്. സ്വാഭാവികമായ പശ്ചാത്തലത്തിൽ വരുന്ന കഥാപാത്രങ്ങളാണെങ്കിലും എല്ലാവരും ചിരി നൽകുന്നുണ്ട്. അവരുടെ ജീവിതത്തിലെ ദുരിതങ്ങൾക്കിടയിലും ഹാസ്യമുണ്ടാക്കുന്നുണ്ട്. അതിനൊരു ഉദാഹരണമാണ് മാമുക്കോയ അവതരിപ്പിച്ച ഹംസക്കോയ. ഈ ഹംസക്കോയ എന്ന ആള് യഥാർഥത്തിൽ ഉള്ളതാണ്. ഞങ്ങൾക്കൊപ്പമുള്ള അൻസാറിന്റെ അടുത്ത സുഹൃത്ത്. വളരെ രസികൻ. മഹാരാജാസിൽ മമ്മൂക്കയുടെ കൂടെ പഠിച്ചിരുന്ന ആളാണ് ഹംസക്കോയ. ഞങ്ങളുമായും അദ്ദേഹത്തിന് നല്ല അടുപ്പമാണ്. എപ്പോഴും ചിരിച്ചുകൊണ്ട് നടക്കുന്ന കഥാപാത്രം. അദ്ദേഹത്തിന്റെ പ്രകൃതം മാത്രം കടമായി എടുത്താണ് സിനിമയിലെ കഥാപാത്രത്തെ സൃഷ്ടിച്ചത്.'- സിദ്ധീഖ് പറഞ്ഞു.തന്റെ കൊച്ചിയിൽ, താൻ കണ്ട കഥാപാത്രങ്ങളിലൂടെയാണ് ലാസർ എളേപ്പനേയും, ഹിറ്റ്‌ലർ മാധവൻ കുട്ടിയെയുമൊക്കെ സിദ്ദിഖ് സൃഷ്ടിച്ചത്. ഒരിക്കൽ പുല്ലേപ്പടിയിലെ ഒരു വാടക വീട്ടിൽ തന്റെ പെങ്ങന്മാരെ ആരെങ്കിലും കമന്റടിക്കുന്നുണ്ടോ എന്ന് നോക്കി ആകുലാവുന്ന ഒരു ആങ്ങളയുടെ കാഴ്ചയിൽനിന്നാണ് ആ ചിത്രം ഉണ്ടായത്.

നിർമ്മിച്ച സിനിമകൾ പരാജയം

പക്ഷേ ഒരു ദൗർഭാഗ്യം സിദ്ദിഖിന് ഉണ്ടായിരുന്നു. അദ്ദേഹം സംവിധാനം ചെയ്ത ഭൂരിഭാഗം ചിത്രങ്ങളും സൂപ്പർ ഹിറ്റ് ആയെങ്കിലും, അദ്ദേഹം നിർമ്മിച്ച ചിത്രങ്ങൾ പരാജയപ്പെട്ടു. 2017ൽ ജയസൂര്യയെ നായകനാക്കി സിദ്ദിഖ് തന്നെ സംവിധാനം ചെയ്ത, ഫുക്രിയും 2019ൽ ഇറങ്ങിയ മോഹൻലാൽ നായകനായ ബിഗ് ബ്രദറും. ഒരു ടെലിവിഷൻ ഷോയിൽ ആ കാര്യം പറഞ്ഞ് ഒരു ശിശുവിനെപ്പോലെ ചിരിക്കയാണ് സിദ്ദിഖ് ചെയ്തത്. ഇതിനെല്ലാം പുറമെ മറ്റൊരു ഹിറ്റ് ചിത്രവും സിദ്ദിഖിന്റെ സംവിധാന ചരിത്രത്തിൽ രേഖപ്പെടുത്താതെ കിടക്കുന്നുണ്ട്. ഗർവാസീസ് ആശാന്റെ കാല് തല്ലിയൊടിച്ചതിലുടെ മലയാളികൾ ഇന്നും ആഘോഷിക്കുന്ന, മന്നാർ മത്തായി സ്പീക്കിങ്ങ് എന്ന ചിത്രം ഡയറക്ട് ചെയ്തും ഈ പ്രതിഭ തന്നെയാണ്. പക്ഷേ നിർമ്മാതാവ് മാണി സി കാപ്പന്റെ പേരാണ് ചില സാങ്കേതിക കാരണങ്ങളാൽ ഈ ചിത്രത്തിന് വെച്ചത്.

ഇപ്പോൾ ടെലിവിഷൻ ഷോകളിലും അദ്ദേഹം സജീവമായിരുന്നു. തങ്ങളുടെ പഴയകാല കഥകൾ വിവിധ ടെലിവിഷൻ അഭിമുഖങ്ങളിൽ പറയുകയും, ചിരിക്കുകയും അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. ഒരു വ്യക്തിയെക്കുറിച്ചും മോശം പറയാൻ ആഗ്രഹിക്കാത്ത തീർത്തും ജെന്റിൽമാൻ ആയിരുന്നു സിദ്ദിഖ്. അയാൾ തീയേറ്ററിൽ ഉയർത്തിയ പൊട്ടിച്ചിരികൾ മലയാള സിനിമ ഉള്ളകാലത്തോളം നിലനിൽക്കയുമെന്ന് ഉറപ്പാണ്.

വാൽക്കഷ്ണം: സിനിമ കഴിഞ്ഞാൽ തീർത്തും ഫാമിലിമാനാണ് സിദ്ദിഖ്. എവിടെപോയാലും കൊച്ചിയിലെ വീടും സൗഹൃദങ്ങളുമാണ് അദ്ദേഹത്തിന്റെ മനസ്സിൽ. ഒരു അഭിമുഖത്തിൽ സിദ്ദിഖ് ഇങ്ങനെ പറയുന്നു. ''മക്കളിൽ ഇളയകുട്ടിക്ക് ചെറിയൊരു വൈകല്യമുണ്ടെന്ന ഒരു വിഷമം ഉണ്ടായിരുന്നു എനിക്ക്. അത് നമ്മള് തീരുമാനിക്കുന്നതല്ല,. ദൈവം തരുന്നതാണ്. അവളെ നമ്മള് സന്തോഷത്തോടെ കൊണ്ടുപോവുക എന്നത് മാത്രമേ നമ്മൾക്ക് ചെയ്യാൻ പറ്റൂ. ഒരു സിനിമ കഴിഞ്ഞാൽ ഞാൻ ആദ്യം ഓടി വരിക വീട്ടിലേക്കാണ്''- കൊച്ചിയിലെ വീട്ടിലേക്ക് സ്നേഹവും ഇനി സൗഹൃദങ്ങൾ പങ്കിടാൻ ഇനി സിദ്ദിഖ് ഇല്ല.