കോഴിക്കോട്: ലേഡി വി ടി ഭട്ടതിരിപ്പാട്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തൃശൂരിലെ സ്വന്തം വീട്ടിൽ വച്ചായിരുന്നു അന്ത്യശ്വാസം വലിച്ച എഴുത്തുകാരിയും, സ്ത്രീ വിമോചകയുമായ ദേവിക നിലയങ്ങോടിനെ അങ്ങനെ വിശേഷിപ്പിക്കാം. നമ്പൂതിരി സമുദായത്തിലെ സ്ത്രീ വിമോചനകാലത്തിന്റെ പ്രതിനിധിയായിരുന്നു ദേവകി നിലയങ്ങോട്. തീർത്തും യാഥാസ്ഥിതികമായ നമ്പൂതിരി കുടുംബത്തിൽ ജനിച്ച ദേവകിക്ക് കേവല വിദ്യാഭ്യാസംകൂടി ലഭിച്ചിട്ടില്ല. അക്ഷരങ്ങൾ നിലത്തെഴുതിയാണ് പഠിച്ചത്. 16ാം വയസിൽ വിവാഹിതയാകേണ്ടിയും വന്നു.

വിടിയുടെ നേതൃത്വത്തിൽ നടന്ന അന്തർജനങ്ങളുടെ വിമോചനത്തിലൂടെയാണ് ദേവകി പുറത്തെത്തിയത്. അന്തർജനങ്ങളുടെ പുനരധിവാസത്തിനായി അന്തർജന സമാജത്തിനായുള്ള യത്നങ്ങളിൽ ദേവകി അടക്കമുള്ളവർ ഏർപ്പെട്ടു. അന്ന് അവർ നമ്പൂതിരി സ്ത്രീകൾക്കായി നാടകം അവതരിപ്പിച്ചു. അതിനു ചുക്കാൻ പിടിച്ചതും ദേവകി നിലയങ്ങോടായിരുന്നു.

നൂറ്റാണ്ടുകളായി മനുഷ്യസ്ത്രീകളായി പോലും ജീവിക്കാൻ കഴിയാതെ വന്ന നമ്പൂതിരി സ്ത്രീയുടെ നവോത്ഥാന പ്രക്രിയയുടെ പ്രധാന ഘട്ടത്തിൽ രംഗത്ത് വന്ന സ്വാതന്ത്ര്യദാഹിയായ സ്ത്രീയായിരുന്നു ഇവർ. ദേവകിയെ വിവാഹം കഴിച്ച ചാത്തന്നൂർ നിലയങ്ങോട് മനയിലെ രവി നമ്പൂതിരിപ്പാടും പുരോഗമനവാദിയായിരുന്നു. വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനുമായ ചിത്രൻ നമ്പൂതിരിപ്പാടിന്റെ സഹോദരിയാണ്. കഴിഞ്ഞയാഴ്ചയാണ് ചിത്രൻ നമ്പൂതിരിപ്പാട് അന്തരിച്ചത്. കുടുംബത്തിന്റെ വകയായ സ്വന്തം സ്‌കൂൾ ഒരു രൂപയ്ക്ക് സർക്കാരിനു വിട്ടുകൊടുത്തയാളാണ് ചിത്രൻ നമ്പൂതിരിപ്പാട്. ചിത്രൻ നമ്പൂതിരിപ്പാടിന്റെ പ്രവർത്തനങ്ങൾ ദേവകിക്ക് വലിയ ഊർജ്ജമായി.

ഇൻക്വിലാബ് കേട്ട് പകച്ചു

തികച്ചും യാഥാസ്ഥിതികകുടുംബമായിരുന്ന പകലാവൂർ ഇല്ലത്താണ് ദേവകി നിലയങ്ങോട് ജനിച്ചത്. മണലിൽ അക്ഷരങ്ങൾ എഴുതിപ്പഠിച്ചു. അന്ന് പെൺകുട്ടികളെ അക്ഷരം പഠിപ്പിച്ചിരുന്നത് പുരാണങ്ങൾ വായിക്കാൻവേണ്ടി മാത്രമായിരുന്നു. ഇല്ലങ്ങളിലെ കുട്ടികൾക്ക് സ്‌കൂളിൽ പോയി പഠിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. സംസ്‌കൃതം പഠിക്കാൻപോലും അനുവാദമില്ലാത്തക്കാലം. മറ്റുള്ള കുട്ടികൾ സ്‌കൂളിൽ പോയി പഠിക്കുമ്പോൾ എന്തുകൊണ്ട് തങ്ങൾക്കു പഠിക്കാൻ പറ്റുന്നില്ല എന്ന ചിന്ത അലട്ടാൻ തുടങ്ങി ഈ കൊച്ചുപെൺകുട്ടിയെ. അങ്ങനെ സമൂഹത്തിലെ അസമത്വങ്ങൾക്കെതിരെ ചിന്തിക്കാൻ തുടങ്ങി. നമ്പൂതിരിമാർക്കുവേണ്ടി വരുത്തിയിരുന്ന ആനുകാലികങ്ങൾപോലും അന്തർജനങ്ങൾക്ക് വായിക്കാൻ കൊടുക്കാറില്ലായിരുന്നു. 'അന്തർജനങ്ങൾ വായിച്ചു തുടങ്ങിയാൽ സ്വന്തമായി ചിന്തിക്കാനോ വ്യക്തിത്വമുള്ളവരായി വളരാനോ ഇടവന്നാലോ എന്നാവാം..' തന്റെ ആത്കഥയിൽ ദേവിക നിലയങ്ങോട് ഇക്കാര്യം എഴുതിയിട്ടുണ്ട്.

എന്നാൽ 1942ൽ വേളി കഴിച്ച് കൊണ്ടുപോയത് പുരോഗമന ചിന്താഗതിക്കാരായ നിലയങ്ങോട് ഇല്ലത്തേക്കായിരുന്നു. വിവാഹത്തിനുശേഷം ഭാര്യയെ ഭർതൃഗൃഹത്തിലേക്ക് കൊണ്ടുപോകുന്ന കുടിവയ്പിന് അകമ്പടി ഇൻക്വിലാബ് വിളി. ബഹളം എന്താണെന്ന് മനസ്സിലാക്കാൻ കഴിയാതെ ഞെട്ടിവിറച്ച് നിൽക്കുന്ന ഒരു പെൺകുട്ടി. ഇതായിരിക്കാം ഇന്നാട്ടിലെ ആർപ്പുവിളി എന്നു വിചാരിച്ച് അവൾ നിന്നു. തന്റെ ജീവിതം മാറ്റിമറിച്ചത് ഈയൊരു കാര്യമാണെന്ന് അവർ വ്യക്തമാക്കി. പുറംലോകവുമായി ഇടപെടാനുള്ള അവസരം ഇതോടെ ലഭിച്ചു. ധാരാളം പുസ്തകങ്ങളും മാസികകളും വായിക്കാൻ കിട്ടി. യോഗക്ഷേമസഭയുടെയും അന്തർജന സമാജത്തിന്റെയും പ്രവർത്തനങ്ങളിൽ സജീവമാകാനും കഴിഞ്ഞു. ആര്യ അന്തർജനം, പാർവതി നിലയങ്ങോട്, പാർവതി നെന്മിനിമംഗലം തുടങ്ങിയവരോടൊത്ത് ഇടപഴകാൻ കഴിഞ്ഞത് ലോകത്തെക്കുറിച്ച് കൂടുതൽ ചിന്തിക്കാനും അറിയാനും ദേവകി നിലയങ്ങോടിനെ പ്രേരിപ്പിച്ചു.

അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്

'അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്' നാടകം, നമ്പൂതിരി ബില്ല്, ഓലക്കുടയും ഘോഷയും കളഞ്ഞത്, നമ്പൂതിരി വിദ്യാലയങ്ങൾ തുറക്കൽ എല്ലാം നടക്കുന്ന സംഭവബഹുലമായി ഒരു കാലം ആയിരുന്നു അത്. നാട്ടിൽ ഉപ്പുസത്യഗ്രഹവും ക്ഷേത്ര പ്രവേശനവും വിദേശ വസ്ത്ര ബഹിഷ്‌കരണവും നടക്കുന്നു. എന്നിട്ടും ചില മനകളിലും അകത്തളങ്ങളിലും നാലുകെട്ടുകളിലും ഇരുട്ടൊഴിയാതെ നിന്നു. യോഗക്ഷേമസഭ എത്താൻ വൈകിയ ഇടങ്ങൾ. ഇങ്ങനെയൊരിടത്താണ് ദേവകി തന്റെ ശൈശവവും കൗമാരവും ചെലവഴിച്ചത്. നിരവധി പേരുടെ പരിശ്രമത്തിന്റെയും ഫലമായി അവസാനം ഇവിടെയും വെളിച്ചം പരക്കുകയാണുണ്ടായത്.

1945ൽ സുപ്രസിദ്ധമായ ഓങ്ങല്ലൂർ സമ്മേളനത്തിൽ ദേവകി നിലയങ്ങോട് പങ്കെടുത്തിരുന്നു. ഈ സമ്മേളനത്തിൽ വച്ചാണ് ഇ എം എസ് 'നമ്പൂതിരിയെ മനുഷ്യനാക്കണം' എന്ന പ്രഖ്യാപനം നടത്തുന്നത്. യോഗക്ഷേമസഭയുടെ പ്രവർത്തനങ്ങൾ ഏതാനും കൊല്ലംകൂടി ഊർജസ്വലമായി മുന്നോട്ടുകൊണ്ടുപോകാൻ ഈ സമ്മേളനം ഇടയാക്കി. പുരുഷന്മാരോടൊപ്പം ധാരാളം അന്തർജനങ്ങളും ഓങ്ങല്ലൂരിലെ യോഗത്തിൽ പങ്കെടുത്തു. മുൻ സമ്മേളനങ്ങളേക്കാൾ എത്രയോ അധികം. പതുക്കെ അന്തർജനസമാജം എന്നൊരു സംഘടനയും രൂപീകരിക്കപ്പെട്ടു. പുരുഷന്മാരുടെ വലിയ സഹായം ഈ സംഘടനാ രൂപീകരണത്തിലുണ്ടായിരുന്നു. ദേവകി നിലയങ്ങോടും സമാജത്തിലെ ഒരു അംഗവും പ്രവർത്തകയുമായി.

അന്തർജനങ്ങളുടെ ഇടയ്ക്ക് ബോധവൽക്കരണം നടത്തുകയായിരുന്നു സമാജത്തിന്റെ ഉദ്ദേശ്യം. ഈ പ്രവർത്തനങ്ങളിൽ പാർവതി നെന്മിനിമംഗലം, ആര്യാ പള്ളം എന്നിവരോടൊപ്പം വിദ്യാഭ്യാസം, തൊഴിൽ എന്നിവയുടെ ആവശ്യം സ്ത്രീകളെ പറഞ്ഞുമനസ്സിലാക്കുക എന്ന ദൗത്യത്തിൽ ദേവകി നിലയങ്ങോടും പ്രധാന പങ്കുവഹിച്ചു.

രണ്ടുമാസം കൂടുമ്പോൾ സമാജം പ്രവർത്തകർ ഏതെങ്കിലും ഒരു ഇല്ലത്ത് സമ്മേളിക്കും. രാവിലെ പത്തുപതിനൊന്നുമണിക്ക് ഞങ്ങൾ നിശ്ചയിച്ച ഇല്ലത്തെത്തും. കുടുംബാംഗങ്ങളോടൊപ്പം ഊണുകഴിക്കും. അതിനുശേഷം തെക്കിനിയിൽ എല്ലാവരും കൂടിയിരിക്കും. ഇല്ലത്തുള്ള സ്ത്രീകൾ മിക്കവരും ആ യോഗത്തിൽ വരും. വയസ്സായ ചില അന്തർജനങ്ങൾ, ഈ യോഗത്തിൽ ചേരുന്നത് തെറ്റാണെന്നു വിചാരിച്ചവർ അകലെ വടക്കിനിയിലും കിഴക്കിനിയിലും ഇരുന്ന് അഴികൾക്കിടയിലൂടെ യോഗം വീക്ഷിക്കും. 'നമ്മുടെ വിധിതന്നെയാകണോ നമ്മുടെ കുട്ടികൾക്കും?' എന്ന ചോദ്യമുന്നയിച്ചുകൊണ്ടാണ് ഓരോ യോഗവും തുടങ്ങുക. പഠിപ്പില്ല, വിദ്യാഭ്യാസമില്ല, ലോകം എന്തെന്നു കണ്ടിട്ടില്ല. നാലുകെട്ടിലെ ഇരുണ്ട ലോകത്തുതുടങ്ങി ഇവിടെത്തന്നെ ഒടുങ്ങുന്നു നമ്മുടെ ജീവിതം. സ്വയം ഒരു തൊഴിലില്ല. നാലുകാശ് വേണമെങ്കിൽ ആരോടെങ്കിലും ചോദിക്കണം. തൊഴിൽ വേണമെങ്കിൽ പഠിപ്പുവേണം. അതുകൊണ്ട് കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുകയും അവർക്ക് ഒരു തൊഴിൽ കിട്ടാനുള്ള അവസരം ഉണ്ടാക്കുകയുമാണ് വേണ്ടത്. ഈ രീതിയിൽ ബോധവത്ക്കരണം നടത്തുകയാണ് അവർ ചെയ്തത്.

അന്തർജനങ്ങളുടെ സമ്മേളനം

ഓങ്ങല്ലൂരിനുശേഷം ശുകപുരത്തും സമ്മേളനം നടന്നു. അന്തർജനങ്ങളുടെ സമ്മേളനമായിരുന്നു അത്. പക്ഷേ കേൾവിക്കാരിൽ ധാരാളം പുരുഷന്മാരുമുണ്ടായിരുന്നു. അതിനുശേഷം നടന്ന ഒറ്റപ്പാലം സമ്മേളനത്തിൽ പാർവതി നെന്മിനിമംഗലമായിരുന്നു അധ്യക്ഷ. ഒരു കൊല്ലം ഇവർ പ്രസിഡണ്ടായപ്പോൾ ദേവകി നിലയങ്ങോട് സെക്രട്ടറിയായി പ്രവർത്തിച്ചു. ആ കാലത്ത് ഇവർ നടത്തിയ ശ്രദ്ധേയമായ പരിപാടി കേരളത്തിന്റെ ചില ഭാഗങ്ങളിലെ ഇല്ലങ്ങളിൽ കയറിയിറങ്ങിക്കൊണ്ടുള്ള ഒരു ബോധവൽക്കരണ യാത്രയായിരുന്നു. മലപ്പുറം ജില്ല മുതൽ കോട്ടയം ജില്ല വരെയുള്ള പ്രദേശങ്ങളായിരുന്നു പ്രവർത്തനത്തിന് തെരഞ്ഞെടുത്തത്. പാർവതി നെന്മിനിമംഗലവും ദേവകി നിലയങ്ങോടും ഒളപ്പമണ്ണ ഉമാ അന്തർജനവുമടങ്ങുന്ന സംഘമാണ് യാത്ര നടത്തിയത്. ഒരു മാസം നീണ്ട യാത്രയായിരുന്നു അത്. ഒരു ദിവസം ഒരു ഇല്ലത്ത് എത്തി ചേരും അവിടെ തങ്ങും. അവരോട് സംസാരിക്കും.

പിറ്റേന്ന് അടുത്ത ഇല്ലത്തേക്ക്. സ്ത്രീകൾ അടുത്ത തലമുറയെ വിദ്യാഭ്യാസം ചെയ്യിക്കേണ്ടതിന്റെയും സ്ത്രീകൾക്കു സ്വന്തമായി തൊഴിലും വരുമാനവും ഉണ്ടായിരിക്കേണ്ടതിന്റെയും ആവശ്യകതയെകുറിച്ചും ഈ സംഘം അവരോട് പറഞ്ഞു. മിക്ക ഇല്ലങ്ങളിലും സ്‌നേഹപൂർണമായ വരവേൽപ്പാണ് ഇവർക്ക് കിട്ടിയത്. അപൂർവം ചിലയിടങ്ങളിൽ പടിക്കൽവച്ചുതന്നെ ഇവരെ തിരിച്ചയക്കുകയും ചെയ്തിരുന്നു.
1950നു ശേഷം യോഗക്ഷേമ സഭയുടെ പ്രവർത്തനം ഏതാണ്ട് ഇല്ലാതായി. നമ്പൂതിരിമാരിലെ പരിഷ്‌ക്കരണക്കാർ ആഗ്രഹിച്ച തരത്തിലുള്ള അന്തരീക്ഷം വന്നുകഴിഞ്ഞപ്പോൾ ആ പരിഷ്‌കരണ പ്രസ്ഥാനം സ്വാഭാവികമായും പിൻവാങ്ങുകയായിരുന്നെന്നും പറയാം.

'ഇന്നു തിരിഞ്ഞു നോക്കുമ്പോൾ ഓർമവരുന്ന എന്റെ പഴയ ഇല്ലവും അതിൽ കഴിഞ്ഞുപോയ എന്റെ ബാല്യകാലവുമായി ഇന്നത്തെ കാലത്തിന് ഒരു സാമ്യവുമില്ല. അമ്പതറുപത് വർഷംകൊണ്ട് എല്ലാം എത്ര മാറിയിരിക്കുന്നു. പണ്ടത്തേക്കാൾ ഇന്ന് മെച്ചമാകുകയാണ് ചെയ്തിട്ടുള്ളതെന്ന് ഉറപ്പിച്ചു പറയാം. ഇന്ന് നമ്പൂതിരി കുടുംബത്തിന് മാത്രമായി ഒരു പരാധീനതയില്ല. ഇതുപോലുള്ള മറ്റു കുടുംബങ്ങൾക്കുള്ള അതേ സുഖവും അതേ ദുഃഖവും അതേ വേവലാതിയും അതേ ആഗ്രഹവും തന്നെയാണ് അവർക്കും ഉള്ളത്. കാലം എല്ലാവരെയും ഒരുപോലെയാക്കിയിരിക്കുന്നു''- ദേവകി നിലയങ്ങോട് തന്റെ 'കാലപകർച്ചകൾ' എന്ന പുസ്തകത്തിൽ പറയുന്നു.

എഴുതി തുടങ്ങിയത് 75ാം വയസ്സിൽ

'തെല്ലും വിദ്യാഭ്യാസം നേടാനാവാത്ത ഞാൻ ഒരു തുണ്ടുകടലാസിൽപോലും എന്തെങ്കിലും എഴുതാൻ മുതിർന്നിട്ടില്ല. അക്കാലത്ത് കണ്ടതും കേട്ടതുമെല്ലാം മനസ്സിനെ ആഴത്തിൽ സ്പർശിച്ചതുകൊണ്ടാകാം, അവ അടിത്തട്ടിൽ മങ്ങാതെ കിടന്നത്. അതുകൊണ്ടുതന്നെ അവ പകർത്തുന്നത് എളുപ്പമാകുകയും ചെയ്തു.'' - ദേവിക ഒരു അഭിമുഖത്തില ഇങ്ങനെ പറഞ്ഞു.മണലിൽ അക്ഷരങ്ങൾ എഴുതിപ്പഠിച്ചതല്ലാതെ സ്‌കൂളിൽ പോയി പഠിക്കാനുള്ള സ്വാതന്ത്ര്യം അന്ന് നമ്പൂതിരി പെൺകുട്ടികൾക്ക് ഉണ്ടായിരുന്നില്ല. എങ്കിലും നിരന്തര പ്രയത്‌നംകൊണ്ട് നല്ലൊരു വായനക്കാരിയായി. 75-ാം വയസ്സിൽ പേരക്കുട്ടി തഥാഗതന്റെ പ്രേരണകൊണ്ട് എഴുതാൻ തുടങ്ങി.

'പാവങ്ങൾ' വായിച്ച് അവർ അത്ഭുതപ്പെട്ടു. ഇത്രയും നല്ല മനുഷ്യർ ലോകത്തിലുണ്ടോ എന്ന്. 15 തവണ 'പാവങ്ങൾ' വായിച്ചിട്ടുണ്ടെന്ന് ദേവകി നിലയങ്ങോട് പറഞ്ഞു. ഒന്നും വായിക്കാത്ത ദിവസങ്ങളിൽ ദിവസം പൂർത്തിയായില്ല എന്ന തോന്നലാണ് ഇവരുടെ വായനയ്ക്ക് പ്രചോദനമായതെന്നും ദേവകി നിലയങ്ങോട് പറഞ്ഞിരുന്നു. ''വായന മനോഹരമായ അനുഭൂതിയാണ്. വായനകൊണ്ട് മാത്രമാണ് ഇന്നും മനസ്സിന് വാർധക്യം വരാതെ ജീവിക്കാൻ കഴിയുന്നത്. കുട്ടികൾ മാത്രമല്ല, മുതിർന്നവരും വായനയുടെ ശീലത്തിലേക്ക് വരണം. സ്വന്തമായ വ്യക്തിത്വമുണ്ടാക്കാൻ അതിനേ കഴിയൂ എന്ന സന്ദേശമാണ് സമൂഹത്തോട് പറയാനുള്ളത്.''- അവർ ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയാണ്.

കാലപ്പകർച്ചകൾ, യാത്ര; കാട്ടിലും നാട്ടിലും, നഷ്ടബോധങ്ങളില്ലാതെ- ഒരു അന്തർജനത്തിന്റെ ആത്മകഥ തുടങ്ങിയ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ചാത്തന്നൂർ നിലയങ്ങോട് മനയിലെ രവി നമ്പൂതിരിപ്പാടായിരുന്നു ഭർത്താവ്, സതീശൻ, ചന്ദ്രിക, കൃഷ്ണൻ, ഗംഗാധരൻ, ഹരിദാസ്, ഗീത എന്നിവരാണ് മക്കൾ. സംസ്‌കാരം വെള്ളിയാഴ്ച തൃശൂരിൽ.