പാലക്കാട് : സിക്കിമിൽ ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച സൈനികൻ വൈശാഖിന്റെ മൃതദേഹം ഞായറാഴ്ച രാത്രിയോടെ കേരളത്തിലെത്തിക്കും. വിമാനമാർഗം കോയമ്പത്തൂരിലും തുടർന്ന് റോഡ് മാർഗം മാത്തൂരിലെ കുടുംബ വീട്ടിലുമെത്തിക്കും.തിങ്കളാഴ്ച രാവിലെ പൊതുദർശനത്തിന് ശേഷം ഐവർമഠത്തിൽ സംസ്‌കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു

സേനാ ആസ്ഥാനത്തെ ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം വിമാനത്തിൽ മൃതദേഹം കോയമ്പത്തൂരിലെത്തിക്കും. കരസേനയുടെ മധുക്കര യൂണിറ്റിലെ ഉദ്യോഗസ്ഥർ ഏറ്റുവാങ്ങും. ചെങ്ങണിയൂർ എയുപി സ്‌കൂളിലാണ് പൊതുദർശനം.

സ്വന്തമായി മണ്ണ് വാങ്ങി അടച്ചുറപ്പുള്ള വീടൊരുക്കിയിട്ട് അധികമായില്ല. കൂലിപ്പണിക്കാരായ മാതാപിതാക്കൾക്ക് സഹായമാകുക എന്നതായിരുന്നു വൈശാഖിന്റെ ആദ്യ ലക്ഷ്യം.കുഞ്ഞിന്റെ പിറന്നാൾ ആഘോഷിച്ച് ഏറെ സന്തോഷവാനായാണ് മടങ്ങിയത്.പ്രതികൂല കാലാവസ്ഥയിലാണ് ജോലി ചെയ്യുന്നതെന്നും പ്രാർത്ഥിക്കണമെന്നും കഴിഞ്ഞദിവസവും ബന്ധുക്കളെ അറിയിച്ചിരുന്നു.

പത്താം ക്ലാസ് പഠനം പൂർത്തിയാകും മുൻപ് സൈന്യത്തിൽ ചേരാനുള്ള പരിശ്രമം തുടങ്ങി. പ്ലസ് ടു കഴിഞ്ഞ് മത്സരപരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനിടെ വൈശാഖ് സേനയുടെ ഭാഗമായി.ഒന്നര വയസ്സുകാരൻ തൻവികിനെയും ചേർത്ത് പിടിച്ച് വിതുമ്പുന്ന ഭാര്യ ഗീതയെയും അമ്മ വിജയകുമാരിയെയും എങ്ങനെ ആശ്വസിപ്പിക്കുമെന്ന ആശങ്കയിലാണ് ബന്ധുക്കൾ.

കഴിഞ്ഞദിവസം സിക്കിമിൽ ആർമി ട്രക്ക് അപകടത്തിൽപ്പെട്ടാണ് 16 സൈനികർക്ക് വീരമൃത്യു വരിച്ചത്.നോർത്ത് സിക്കിമിലെ സേമയിലാണ് ദുരന്തം സംഭവിച്ചത്. താങ്ങുവിലേക്ക് പോവുകയായിരുന്ന ട്രക്കാണ് അപകടത്തിൽപ്പെട്ടത്.

സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ടോക്കിൽ നിന്ന് 130 കിലോമീറ്റർ മാറി ഇന്ത്യ- ചൈന അതിർത്തിക്കടുത്ത് സേമയ്ക്കടുത്ത് വച്ച് സൈനികർ സഞ്ചരിച്ച വാഹനം തെന്നി മലയിടുക്കിലേക്ക് വീണാണ് അപകടം സംഭവിച്ചത്. സേമ 3 ഏരിയയിലെ ഒരു വളവ് കടക്കുന്നതിനിടെ ട്രക്ക് നൂറിലധികം അടി താഴ്ചയുള്ള മലയിടുക്കിലേക്ക് പതിക്കുകയായിരുന്നു.

16 സൈനികർ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ നാല് സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹെലികോപ്ടറിൽ വടക്കൻ ബംഗാളിലെ സൈനിക ആശുപത്രിയിലാണ് പരിക്കേറ്റ സൈനികരെ എത്തിച്ചത്. വീരമൃത്യു വരിച്ച സൈനികരുടെ ഭൗതികശരീരം പോസ്റ്റമോർട്ടത്തിനായി ഗാങ്ടോക്കിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതിന് ശേഷം മൃതദേഹങ്ങൾ സൈന്യത്തിന് കൈമാറി.