കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ ഡോക്ടർ എ ടി ദേവസ്യ (94) അന്തരിച്ചു. പാലാ സെന്റ് തോമസ് കോളേജിൽ അദ്ധ്യാപകനായി തുടങ്ങിയ സാർ പിന്നീട് ഫുൾബ്രൈറ്റ് സ്‌കോളർഷിപ്പ് നേടി അമേരിക്കയിലേക്ക് പോയി. പതിറ്റാണ്ടുകൾ നീണ്ട അമേരിക്കയിലെ കെന്റക്കി യൂണിവേഴസിറ്റിയിലെ അദ്ധ്യാപകജീവിതം അവസാനിപ്പിച്ചു കേരളത്തിൽ മടങ്ങിയെത്താൻ പ്രേരിപ്പിച്ചത് 1982ലെ കരുണാകരൻ മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രി ആയിരുന്ന ടി എം ജേക്കബ് ആണ്. മന്ത്രി പി ജെ ജോസഫ്, ബിഷപ്പ് പള്ളിക്കാപറമ്പിൽ തുടങ്ങിയവരുടെ പിന്തുണ അതിന് സഹായകമായി.

ഗാന്ധിയൻ ആദർശങ്ങൾ സ്വന്തം ജീവിതത്തിലും സർവകലാശാലയിലും പ്രാവർത്തികമാക്കിയ ആളാണ് ദേവസ്യ സാർ. മുണ്ടുടുത്ത് നടന്ന ആദ്യത്തെ വൈസ് ചാൻസലർ അദ്ദേഹമാണ്. അനേകകോടികൾ ചെലവ് വരുന്ന ബ്രമ്മാണ്ടൻ കെട്ടിടങ്ങൾ ഉൾപ്പെടുന്ന കാമ്പസ് ആണ് കൺസൽട്ടന്റ് ആയ എം എൻ ദസ്തൂർ കമ്പനി നിർദേശിച്ചത്. അതു വേണ്ടെന്നുവെച്ചു ചിലവുകുറഞ്ഞ കെട്ടിടങ്ങൾ നിർമ്മിക്കാൻ പാലാക്കാരൻ ആയ പൊതുമരാമത്ത് എൻജിനീയർ യേശുദാസൻ സാറിനെ അദ്ദേഹം ഏൽപ്പിച്ച സംഭവം ഓർമ്മവരുന്നു.

വളരെ ചെലവ് കുറഞ്ഞ കെട്ടിടങ്ങൾ നിർമ്മിച്ച് അതിവേഗം കോഴ്‌സുകൾ ആരംഭിക്കാൻ പ്രഥമ വി സിക്കായി. നിശ്ചിത സമയത്തിനുള്ളിൽ റിസൾട്ട് പ്രസിദ്ധീകരിച്ച ആദ്യത്തെ സർവകലാശാല എന്ന ഖ്യാതി ദേവസ്യ സാറിനുള്ളതാണ്. വിരമിച്ചശേഷം പാലാ രൂപതയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു.