തൊടുപുഴ: വെള്ളത്തിൽ അകപ്പെട്ട് അവശനിലയിലായ 13 കാരനെ രക്ഷിക്കാൻ പൊലീസും നാട്ടുകാരും ഉറ്റവരും ഒത്തൊരുമിച്ച് നടത്തിയ പരിശ്രമം വിഫലം. ഗുരുതരാവസ്ഥയിൽ ഇന്നലെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ച കരിമണ്ണൂർ ഒറ്റിത്തോട്ടത്തിൽ റഹിമിന്റെ മകൻ അഹമ്മദ് ബാദുഷ (13) ഇന്ന് ഉച്ചയോടെ മരണപ്പെട്ടു.

ഉമ്മ ഷക്കീലയുടെ ഇടവെട്ടിയിലെ വീട്ടിൽ വിരുന്നെത്തിയതായിരുന്നു എട്ടാംക്ലാസ് വിദ്യാർത്ഥിയായ ബാദുഷ. ഉച്ചയോടെ ബന്ധുവും പത്താംക്ലാസ് വിദ്യാർത്ഥിയുമായ അജാസിനൊപ്പം കുളിക്കാനായി ബാദുഷ വീടിന് സമീപത്തെ കനാലിൽ എത്തിയിരുന്നു. അജാസ് ആദ്യം കുളികഴിഞ്ഞ് കരയ്ക്കുകയറി. കുളിച്ച് തലതോർത്തി നിൽക്കുമ്പോൾ താഴെ കടവ് വരെ പോയിട്ടുവരാമെന്നും പറഞ്ഞ് ബാദുഷ കനാലിന്റെ മറ്റൊരു ഭാഗത്തേയ്ക്ക് ഓടിപ്പോകുകയായിരുന്നെന്നാണ് അജാസ് വീട്ടുകാരോട് പറഞ്ഞത്.

തിരികെ വരാൻ വൈകിയപ്പോൾ താൻ പരിസരത്തെല്ലാം തിരഞ്ഞെന്നും ബാദുഷയെ കണ്ടെത്താനായില്ലെന്നും അജാസ് പറയുന്നു. ബാദുഷയെ കാണാത്ത വിഷമത്തിൽ നിൽക്കുമ്പോൾ നാട്ടുകാരിൽ ചിലർ അജാസിനോട് വിരങ്ങൾ തിരക്കുകയും തുടർന്ന് വെള്ളത്തിൽ അകപ്പെട്ടതായിരിക്കാം എന്ന നിഗമനത്തിൽ ഇവർ തിരച്ചിൽ ആരംഭിക്കുകയുമായിരുന്നു.

മിനിട്ടുകൾക്കുള്ളിൽ കുളിക്കടവിന് അടുത്തുള്ള പാലത്തിനടിയിൽ നിന്നും നാട്ടുകാർ ബാദുഷയെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു.ഈ സമയം കനാലിൽ നാലര അടിയോളം വെള്ളമുണ്ടായിരുന്നു. കരയ്ക്കെത്തിച്ച ഉടൻ തന്നെ ബാദുഷയെ തൊടുപുഴയിലെ സെന്റ് മേരീസ് ആശുപത്രിയിലെത്തിച്ചു. സ്ഥിതി ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ഇവിടുത്തെ ഡോക്ടർ നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചു..

തൊടുപുഴ അജാക്‌സ് ബേബിയായിരുന്നു ആമ്പുലൻസ് ഡ്രൈവർ.ഈ ആശുപത്രിയിൽ നിന്നും രാജഗിരിയിലേയ്ക്കുള്ള യാത്ര പുറപ്പെട്ട് ഒന്നര കിലോമീറ്ററോളം പിന്നിട്ട്,വെങ്ങല്ലൂരിൽ എത്തുമ്പോൾ കുട്ടിയുടെ നില വീണ്ടും വഷളായി.ഉടൻ സമീപത്തെ സ്മിത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവിടുത്തെ മെഡി ്ക്കൽ സംഘം ഉടൻ ആവശ്യമായ പരിചരണം നൽകി. തുടർന്ന് കുട്ടിയെ എത്രയും വേഗം രാജഗിരി ആശുപത്രിയിൽ എത്തിക്കുന്നതിനായിരുന്നു ശ്രമം.

അടിയന്തര ഘട്ടത്തിൽ ആമ്പുലൻസിൽ കുട്ടിക്ക് ആവശ്യമായ പരിചരണം നൽകാൻ ഇതെ ആശുപത്രിയിലെ ഡോക്ടർമാരിൽ ഒരാളും സേവനവും ആശുപത്രി മാനേജ്‌മെന്റ് വിട്ടുനൽകി.ഇവിടെ നിന്നും 35 മനിട്ടുകൊണ്ട് ആമ്പുലൻസ് ഡ്രൈവർ ബാദുഷയെ രാജഗിരിയിൽ എത്തിച്ചു.
തൊടുപുഴ ,വാഴക്കുളം ,മൂവാറ്റുപുഴ പെരുമ്പാവൂർ എന്നിവിടങ്ങളിലെ പൊലീസ് സംഘങ്ങളുടെ ഇടപെടലും വഴി നീളെയുള്ള നാട്ടുകാരുടെ കരുതലും ആമ്പുലൻസിന്റെ യാത്ര സുഗമമാക്കി.സഹായം തേടി ഡ്രൈവർ ആജാക്സ് ബേബി തൊടുപുഴ പൊലീസിൽ വിളിച്ചിരുന്നു.

തുടർന്ന് ആമ്പുലൻസ് കടന്നുപോകുന്ന പ്രദേശങ്ങളുടെ ചുമതലയുള്ള പൊലീസ് സ്റ്റേഷനുകളിലേ്ക്ക് തൊടുപുഴ പൊലീസ് വിവരം കൈമാറി.വിവരമറിഞ്ഞ് വിവിധ ഭാഗങ്ങളിൽ കേന്ദ്രീകരിച്ചിരുന്ന നാട്ടുകാരും ആമ്പുലൻസിന്റെ യാത്രയ്ക്ക് ആവശ്യമായ സഹായം ലഭ്യമാക്കിയിരുന്നു.

രാജഗിരിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട ബാദുഷയുടെ നില രാത്രി വൈകിയും അതീവ ഗുരുതരമായി തുടരുകയായിരുന്നു. ഇടവെട്ടിയിലുള്ള മാതാവിന്റെ വീട്ടിലെത്തിയതായിരുന്നു ബാദുഷ.ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം.