നെടുങ്കണ്ടം: വൈദ്യുതവേലിയിൽനിന്നും ഷോക്കേറ്റു കർഷകൻ ദാരുണമായി മരിച്ചു. കരുണാപുരം തണ്ണിപ്പാറ സ്വദേശി ഓവേലിൽ വർഗീസ് ജോസഫ് (ഷാജി 52) ആണു മരിച്ചത്. കൃഷിയിടത്തിലെ രൂക്ഷമായ കാട്ടുപന്നിശല്യം ചെറുക്കാൻ ഷാജി തന്റെ കൃഷിയിടത്തിൽ അനധികൃതമായി സ്ഥാപിച്ച വൈദ്യുത വേലിയാണ് അപകടത്തിന് ഇടയാക്കിയത്.

വീടിനു സമീപമുള്ള ഏലത്തോട്ടത്തിലാണ് ഷാജിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. തന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലേക്ക് ഇന്നലെ രാവിലെ ആറോടെ പോയ ഷാജി ഏറെ വൈകിയും മടങ്ങിയെത്താത്തതിനെത്തുടർന്നു ബന്ധുക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. സ്ഥിരമായി കാട്ടുപന്നികൾ എത്തുന്ന കൃഷിയിടമാണു ഷാജിയുടേത്. ഇവയെ തുരത്താനായി തറയോടു ചേർന്നു 100 മീറ്ററോളം നീളത്തിൽ രണ്ടുനിരയായി കമ്പികൾ കെട്ടിയശേഷം കേബിൾ ഉപയോഗിച്ച് സമീപത്തെ വൈദ്യുതലൈനിലേക്കു ബന്ധിപ്പിച്ചിരിക്കുകയായിരുന്നു.

മരണ വാർത്തയറിഞ്ഞ് കെഎസ്ഇബി ഉദ്യോഗസ്ഥരെത്തിയാണു വൈദ്യുതിബന്ധം വിഛേദിച്ചത്. അനുമതിയില്ലാതെ വൈദ്യുതി ഉപയോഗിച്ചതിനു വൈദ്യുതിമോഷണത്തിനു കെഎസ്ഇബി കേസെടുത്തു. ഷാജിയുടെ സംസ്‌കാരം ഇന്നു രാവിലെ 10.30നു കരുണാപുരം സെന്റ് മേരീസ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: മിനി. മക്കൾ: ഷാനിമോൾ, ഷാൽബിൻ.