തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന്റെ പ്രവർത്തനകങ്ങളെല്ലാം കേന്ദ്ര പോർട്ടലിന്റെ സഹായത്തോടെയാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ പണി ഒരുപാട് കുറഞ്ഞു. എന്നിട്ടും തസ്തിക സൃഷ്ടിക്കലിന് മടിയുമില്ല. ഉന്നത തലത്തിൽ ജോയിന്റ് ആർടിഒ(അഡ്‌മിനിസ്‌ട്രേഷൻ) എന്ന തസ്തിക കൂടി തയ്യാറാക്കുകായണ് സർക്കാർ.

കോവിഡും പ്രളയവും കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകർത്തു. അതുകൊണ്ട് ചെലവ് ചുരുക്കലിന്റെ വഴിയെയാണ് പിണറായി സർക്കാരിന്റെ യാത്ര. പരമാവധി ചെലവ് കുറയ്ക്കാനാണ് തീരുമാനം. ഇതിനിടെയാണ് മോട്ടോർ വാഹന വകുപ്പിലെ പുതിയ തസ്തിക സൃഷ്ടിക്കൽ. നിലവിലെ ആർക്കോ പ്രെമോഷൻ നൽകാനാണ് ഈ നീക്കം. ഇത് അനാവശ്യവും ഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കലുമാണ്. വാഹൻ പോർട്ടൽ എത്തിയതോടെ എല്ലാം സാങ്കേതിക വിദ്യയുടെ സഹായത്തോടെയുമായി. പിന്നെ എന്തിനാണ് ഈ പുതിയ തസ്തിക സൃഷ്ടിക്കൽ എന്ന് ആർക്കും പിടി കിട്ടുന്നില്ല.

പുതിയ തസ്തിക സൃഷ്ടിക്കുന്നത് നയപരമായ തീരുമാനമാണ്. ഇതിന് സ്‌പെഷ്യൽ റൂൾസ് ഭേദഗതിയും ചെയ്യണം. ഇതിന് വേണ്ടിയാണ് പുതിയ തസ്തിക കൂടി സൃഷ്ടിക്കാനുള്ള കരട് മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയത്. ഇത് സർക്കാരിന് കൈമാറുകയും ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ ഇതിൽ നയപരമായ തീരുമാനം സർക്കാർ എടുക്കുമെന്നാണ് സൂചന. വകുപ്പു മന്ത്രിയുടെ താൽപ്പര്യ പ്രകാരമാണ് ഇതെന്നും വിലയിരുത്തലുണ്ട്.

ഈ വിഷയം കേരളാ ഗസ്റ്റഡ് ഓഫീസേഴ്‌സ് അസോസിയേഷനും ചർച്ച ചെയ്തിരുന്നു. മോട്ടോർ വാഹന വകുപ്പ് മോട്ടോർ വെഹിക്കിൾ വകുപ്പിൽ ജോയിന്റ് ആർടിഒ, ജോയിന്റ് ആർടിഒ (അഡ്‌മിനിസ്ട്രേഷൻ) എന്നീ തസ്തിക കളുമായി ബന്ധപ്പെട്ട സ്പെഷ്യൽ റൂൾ ചർച്ചയിൽ സംസ്ഥാന സെക്രട്ടറി ഡോ.എസ്.ആർ മോഹനചന്ദ്രൻ ഓൺലൈനായി പങ്കെടുത്തിരുന്നു. ഒരു വിഭാഗം ജീവനക്കാരുടെ പ്രമോഷൻ സാധ്യതകൾ നിഷേധിക്കുന്ന ഭേദഗതി അംഗീകരിക്കില്ല എന്ന് ചർച്ചയിൽ അറിയിക്കുകയും ചെയ്തു. ഇതാണ് നടപ്പാക്കാൻ ശ്രമിക്കുന്നതെന്നതാണ് മറ്റൊരു വസ്തുത.

അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ തസ്തികയിലെ ഉദ്യോഗസ്ഥരെ തഴഞ്ഞ് വകുപ്പിലെ ക്ലാർക്കുമാർക്കു പ്രൊമോഷൻ നൽകി ജോയിന്റ് ആർടിഒ ആയി നിയമിക്കുന്ന സ്ഥാനക്കയറ്റ രീതിയിൽ പ്രതിഷേധിച്ചു മോട്ടോർ വാഹന വകുപ്പിൽ പണിമുടക്ക് നടന്നിരുന്നു. കേരള അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടേഴ്‌സ് അസോസിയേഷൻ, കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ടെക്‌നിക്കൽ എക്‌സിക്യൂട്ടീവ് വിഭാഗം ഉദ്യോഗസ്ഥരാണു പണിമുടക്കിയത്.

ഓട്ടോമൊബീൽ / മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ ഡിപ്ലോമയും ഒരു വർഷത്തെ വർക്ക്‌ഷോപ്പ് പ്രവൃത്തി പരിചയവും മോട്ടോർ സൈക്കിൾ, ലൈറ്റ്, ഹെവി വാഹനങ്ങളുടെ ഡ്രൈവിങ് ലൈസൻസും ശാരീരികയോഗ്യതയും ഉള്ളവരാണ് പിഎസ്‌സി പരീക്ഷയിലൂടെ സബ് ഇൻസ്പക്ടർ റാങ്കിലുള്ള അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരാകുന്നത്. മൂന്ന് മാസത്തെ പൊലീസ് പരിശീലനവും ഓഫിസ് പരിശീലനവും ഇവർക്ക് ലഭിക്കും. എന്നാൽ സംസ്ഥാന ഗതാഗത വകുപ്പിൽ പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിക്കുന്നയാൾക്ക് സ്ഥാനക്കയറ്റം നൽകി ഡിവൈഎസ്‌പി റാങ്കിൽ ജോയിന്റ് ആർടിഒ പദവിയിലെത്തിക്കുന്നതിലാണ് ടെക്‌നിക്കൽ ജീവനക്കാർക്ക് എതിർപ്പ്.

ഇതിനായി യാതൊരുവിധ ശാരീരിക യോഗ്യതകളും പരിഗണിക്കാറില്ലെന്നും ട്രെയിനിങ് നൽകാറില്ലെന്നും ഡ്രൈവിങ് ലൈസൻസ് പോലും ആവശ്യമില്ലെന്നും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ കീഴിൽ ക്ലാർക്കായ ഒരാൾ അവർക്കു മുൻപേ തന്നെ ജോയിന്റ്ആർടിഒ ആകുന്നതും വിവാദങ്ങൾക്ക് ഇടനൽകുന്നുണ്ട്.