കൊച്ചി: ലക്ഷദ്വീപിൽ അഡ്‌മിനിസ്ട്രേറ്റർ പ്രഫൂൽ പട്ടേൽ നടത്തുന്ന ജനവിരുദ്ധ നയങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംപിമാരായ ഹൈബി ഈഡനും ടി.എൻ പ്രതാപനും പ്രതിഷേധിക്കുന്നു. ഐലന്റിലെ ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററുടെ ഓഫീസിനു മുന്നിലാണ് പ്രതിഷേധം. രണ്ട് മണിക്കൂർ ഓഫീസിന്റെ മുന്നിൽ കുത്തിയിരുന്ന് ഇരുവരും പ്രതിഷേധിച്ചു.

ഓഫീസ് ഇൻ ചാർജുമായി ഇരുവരും ചർച്ച നടത്തി. ലക്ഷദ്വീപ് നിവാസികളുടെ സംസ്‌കാരവും ജീവിതവും തകർക്കുന്ന പരിഷ്‌കാരങ്ങൾ പിൻവലിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. പ്രശ്നത്തിൽ തനിക്കൊന്നും ചെല്ലാൻ കഴിയില്ലെന്ന് പറഞ്ഞ ഇൻ ചാർജ്, പരാതി ബന്ധപ്പെട്ടവരെ അറിയിക്കാമെന്ന് ഉറപ്പ് നൽകി.

ലക്ഷദ്വീപിലെ സമാധാനപരമായ ജനജീവിതം തകർത്ത് സംഘപരിവാർ അജണ്ട നടപ്പാക്കാനാണ് അഡ്‌മിനിസ്ട്രേറ്റർ ശ്രമിക്കുന്നതെന്ന് ടി.എൻ പ്രതാപൻ ആരോപിച്ചു. ഗുജറാത്തിൽ അമിത് ഷായ്ക്ക് പകരം കൊണ്ടുവന്ന അപകടകാരിയായ ആഭ്യന്തര മന്ത്രിയായിരുന്നു പ്രഫുൽ പട്ടേലെന്നും പ്രതാപൻ പറഞ്ഞു.