മലപ്പുറം: മുസ്ലിം ലീഗിന്റെ മുതിർന്ന നേതാക്കൾ ഇടപെട്ടിട്ടും പരിഹരിക്കാനാകാതെ വിദ്യാർത്ഥി വിഭാഗമായ എം.എസ്.എഫ്.-ഹരിത നേതാക്കൾ തമ്മിലുള്ള തർക്കം. അനുരഞ്ജനത്തിനായി തിങ്കളാഴ്ച ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ പാണക്കാട്ടും ചർച്ചനടന്നിരുന്നു.

എംഎസ് എഫ് ഭാരവാഹികൾക്കെതിരെ വനിതാ കമ്മിഷനിൽ പരാതി നൽകിയ 'ഹരിത' നേതാക്കൾക്കെതിരെ പാർട്ടി അച്ചടക്ക നടപടിക്കു സാധ്യതയേറി. എം.എസ്.എഫ്. ഭാരവാഹികൾക്കെതിരേ വനിതാകമ്മിഷന് നൽകിയ പരാതി പിൻവലിക്കാൻ ഹരിത നേതാക്കൾക്ക് അന്ത്യശാസനം നൽകിയതായാണ് വിവരം. 24 മണിക്കൂറിനകം പരാതി പിൻവലിക്കുന്നതു സംബന്ധിച്ച് വിവരമറിയിക്കണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടു.

പരാതി പിൻവലിക്കാനുള്ള മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ നിർദ്ദേശം, എംഎസ്എഫ് വനിതാ വിഭാഗമായ 'ഹരിത' നേതാക്കൾ തള്ളിയെന്നാണു സൂചന. ഒത്തുതീർപ്പിനായി ചർച്ച നടക്കുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല. ചൊവ്വാഴ്ച ഉച്ചയോടെ പരാതി പിൻവലിച്ചില്ലെങ്കിൽ അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പ് പാർട്ടി നേതാക്കൾ 'ഹരിത' ഭാരവാഹികൾക്കു നൽകിയിട്ടുണ്ട്.

സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തി അപമാനിച്ചെന്നാരോപിച്ച് എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, മലപ്പുറം ജില്ലാ ജനറൽസെക്രട്ടറി വി. അബ്ദുൾവഹാബ് എന്നിവർക്കെതിരേ ഹരിതയുടെ 10 ഭാരവാഹികൾ ചേർന്നാണ് വനിതാകമ്മിഷന് പരാതിനൽകിയത്.

വനിതാ കമ്മിഷൻ നിർദേശപ്രകാരം കോഴിക്കോട് സിറ്റി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പാർട്ടിക്കു പരാതി നൽകി രണ്ടു മാസത്തോളം കാത്തിരുന്നിട്ടും നടപടിയില്ലാത്തതിനെത്തുടർന്നാണു കമ്മിഷനെ സമീപിച്ചതെന്നു ഹരിത നേതാക്കൾ പറയുന്നു.

എന്നാൽ പ്രശ്നങ്ങൾ സംഘടനാതലത്തിൽ പരിഹരിക്കാമെന്നാണ് ലീഗ് നിലപാട്. പരാതി പിൻവലിക്കണമെന്ന് നേതൃത്വം ചർച്ചയിൽ ആവർത്തിച്ചു. അതിനുമുൻപ് പി.കെ. നവാസിനെ മാറ്റണമെന്ന ഹരിത ഭാരവാഹികളുടെ ആവശ്യം തള്ളുകയുംചെയ്തു. പകരം വിശദീകരണം ചോദിക്കുകയും ശാസിക്കുകയും ചെയ്യാമെന്നും അറിയിച്ചു. ഇക്കാര്യത്തിൽ തീരുമാനമറിയിക്കാൻ ഹരിത 24 മണിക്കൂർ സമയം ആവശ്യപ്പെടുകയായിരുന്നു.

മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി, യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, എം.എസ്.എഫ്. ദേശീയ പ്രസിഡന്റ് ടി.പി. അഷ്റഫലി, ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ, ഹരിത സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്നി, ജനറൽസെക്രട്ടറി നജ്മ തബ്ഷീറ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.