തിരുവനന്തപുരം: മകളും മരുമകളും താമസിക്കുന്ന ഫ്ളാറ്റിലെ ഫർണിച്ചർ ആരാണ് വാങ്ങിച്ചുകൊടുത്തതെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്ന ബിജെപി.വക്താവ് സന്ദീപ് വാരിയരുടെ ആരോപണത്തെ തള്ളിക്കളഞ്ഞ് ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷൻ പി.എ.മുഹമ്മദ് റിയാസ്.

ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ തെളിവുകൾ പുറത്തുവിടാൻ തയ്യാറാകണമെന്ന് റിയാസ് ആവശ്യപ്പെട്ടു. ആരോപണമുന്നയിച്ച ആൾക്ക് തെളിവുകൾ പുറത്തുവിടാനുള്ള ധാർമികമായ ബാധ്യതയുണ്ടെന്നും റിയാസ് പറഞ്ഞു.

മുഹമ്മദ് റിയാസിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം.

തിരുവനന്തപുരത്ത് ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റിലെ ഫർണ്ണിച്ചറാണ് ചിലർക്ക് ഇപ്പോൾ ആരോപണത്തിനുള്ള വിഷയം.
അസംബന്ധം എന്നല്ലാതെ എന്തു പറയാൻ .?
ആരോപണം ഉന്നയിച്ചയാളെ ഇന്നലെ മാതൃഭൂമിന്യൂസിലെ ചർച്ചയിൽ മുഖാമുഖം കണ്ടിരുന്നു.
തെളിവ് പുറത്തു വിടാനും അന്വേഷണ ഏജൻസികൾക്ക് കൈമാറാനും ആ ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നു.
ചാനലിൽ മുഖാമുഖം ഉണ്ടായ ഒന്നര മണിക്കൂറും ഒരു തെളിവും പുറത്തു വിട്ടത് കണ്ടിട്ടില്ല.
ഇനി ഇപ്പോഴും വിനയത്തോടെ ആവശ്യപ്പെടുന്നു, ആരോപണം ഉന്നയിച്ചയാൾ അതിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ തെളിവുകൾ പുറത്തുവിടൂ. തെളിവുകൾ പുറത്തുവിടാൻ ആരോപണം ഉന്നയിച്ചയാൾക്ക് ധാർമ്മികമായി ബാധ്യത ഉണ്ട്.
ആരോപണം ഉന്നയിച്ചയാൾ പറഞ്ഞതു പോലെ ഫർണ്ണിച്ചർ വാങ്ങി എങ്കിൽ വാങ്ങിയ ഒരു കട ഉണ്ടാകണമല്ലോ.?
വലിയൊരു കടയാണെങ്കിൽ ആ കടയിൽ സിസിടിവിയും കാണുമല്ലോ ...?
ഇനി സിസിടിവി ഇല്ലാത്തിടത്താണെങ്കിൽ,
ഞങ്ങളെ ഒക്കെ കണ്ടാൽ തിരിച്ചറിയാതിരിക്കുവാൻ ആ കടയിൽ ഉള്ളവർ അന്ധരായിരിക്കില്ലല്ലോ ?
ആരോപണം വസ്തുതാപരമാണെങ്കിൽ തെളിവു കിട്ടാൻ ആരോപണം ഉന്നയിച്ചയാൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല എന്ന് ചുരുക്കം.
മറുവശം പോലും തേടാതെ ചില നിഷ്പക്ഷർ ഇത്
തൊണ്ട തൊടാതെ വിഴുങ്ങി ഛർദ്ദിക്കുന്നതുകൊണ്ടാണ്
ഇത്രയും എഴുതിയത്.