കോഴിക്കോട്: പന്തീരങ്കാവ് മാവോയിസ്റ്റ് കേസിൽ അറസ്റ്റിലായ അലൻ ഷുബൈബിന്റെ പിതാവ് മുഹമ്മദ് ഷുഹൈബ് തദ്ദേശ തെരഞ്ഞെടുപ്പിൽ ആർഎംപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നതോടെ പ്രതിസന്ധിയിലാകുന്നത് സിപിഎം നേതൃത്വം. സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന മുഹമ്മദ് ഷുഹൈബ് കോഴിക്കോട് കോർപറേഷൻ 61ാം വാർഡിൽ നിന്നാണ് ആർഎംപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. കോഴിക്കോട് കോർപറേഷൻ വലിയങ്ങാടി ഡിവിഷനിൽ അദ്ദേഹം ആർഎംപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ തയ്യാറായതായി ആർഎംപി നേതാക്കളാണ് അറിയിച്ചിട്ടുള്ളത്.

സിപിഐഎം കുറ്റിച്ചിറ തങ്ങൾസ് റോഡ് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന മുഹമ്മദ് ഷുഹൈബ് മകനെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്തതോടെയാണ് പാർട്ടിയുമായി അകന്നത്. മകൻ അറസ്റ്റിലായതിന് ശേഷവും ചില വിമർശനങ്ങൾ ഉന്നയിച്ചു എന്നതല്ലാതെ പരസ്യമായി സിപിഐഎമ്മിനെതിരെ രംഗത്ത് വന്നിരുന്നില്ല. മറ്റു കുടുംബാംഗങ്ങലും സിപിഐഎമ്മിനൊപ്പം തന്നെയായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോൾ മുഹമ്മദ് ഷുഹാബിന്റെ സ്ഥാനാർത്ഥിത്വം വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഇന്ന് വൈകീട്ട് മാധ്യമങ്ങളിലൂടെ മുഹമ്മദ് ഷുഹൈബിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുമെന്നാണ് ആർഎംപി നേതാക്കൾ അറിയിച്ചിരിക്കുന്നത്.

ആർഎംപിക്ക് സ്വാധീനമുള്ള മേഖലകളിൽ സിപിഐഎമ്മിനെ പരാജയപ്പെടുത്തുന്നതിന് യുഡിഎഫുമായി സഹകരിക്കുമെന്നും നീക്കുപോക്കുണ്ടാക്കുമെന്നും നേരത്തെ ആർഎംപി നേതാക്കൾ വ്യക്തമാക്കിയിരിക്കുന്നു. ഈ സാഹചര്യത്തിൽ മുഹമ്മദ് ഷുഹൈബിന് യുഡിഎഫ് പിന്തുണ നൽകുമോ എന്നത്തും ചർച്ചകൾക്ക് വഴി വെച്ചിരിക്കുന്നു. യുഡിഎഫ് സ്ഥാനാർത്ഥി പട്ടിക ഇപ്പോഴും പൂർത്തിയായിട്ടില്ല. കോഴിക്കോട് കോർപറേഷനിലേക്കുള്ള സിപിഎമ്മിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നലെ നടന്നിരുന്നു.