തിരുവനന്തപുരം: കോഴിക്കോട് മുക്കത്ത് വിധവയായ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളവിൽ പോയ പ്രതിയെ പൊലീസ് പൊക്കിയത് കോവളത്ത് നിന്നും.കഴിഞ്ഞ ദിവസം പുലർച്ചെ കോവളത്തെ സ്വകാര്യ റിസോർട്ടിൽവച്ചാണ് പ്രതിയായ സജീവ്കുമാറിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടുന്നത്. മുക്കം ഇൻസ്പെക്ടർ കെ. പി. അഭിലാഷിന്റെ നേതൃത്വത്തിൽ എസ്‌ഐ സജിത്ത് സജീവ്, എഎസ്‌ഐ സലീം മുട്ടത്ത്, സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ ഷെഫീഖ് നീലിയാനിക്കൽ, സൈബർ സെൽ ഉദ്യോഗസ്ഥരായ സത്യൻ കാരയാട്, റിജേഷ്.റ്റി.ഡി എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് കോവളം പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ മാസം 30നാണ് കേസിനാസ്പദമായ സംഭവം. മുക്കത്ത് മകനോടൊപ്പം താമസിക്കുന്ന വീട്ടമ്മയെ മുൻപരിചയം വച്ചു വീട്ടിലെത്തിയ പ്രതി കടന്നു പിടിച്ചു ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു എന്നാണ് വീട്ടമ്മയുടെ പരാതി. സംഭവം നടന്നു പൊലീസ് അന്വേഷണം ഊർജിതമാക്കിയതിനെ തുടർന്ന് കഴിഞ്ഞ നാലാം തീയതി മുതൽ പ്രതി ഒളിവിലായിരുന്നു.ഇയാൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്നതായി വിവരം ലഭിച്ച തമിഴ്‌നാട്ടിലെ ഗൂഡല്ലൂർ, കർണാടകയിലെ ഗുണ്ടൽപ്പെട്ട് എന്നിവിടങ്ങളിൽ അന്വേഷണ സംഘം നേരിട്ടെത്തി വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് നടത്തിയ പഴുതടച്ച നീക്കത്തിലാണ് വ്യാഴാഴ്ച പ്രതി വലയിലാകുന്നത്.

പരാതി നൽകിയിട്ടും പ്രതിയെ പിടികൂടാനുള്ള നടപടികൾ പൊലീസിന്റെ ഭാഗത്ത് നിന്ന് മന്ദഗതിയിലായതോടെ പ്രതിഷേധം ശക്തമായിരുന്നു.പൊലീസ് മനഃപൂർവം പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ലെന്നും ജാമ്യം ലഭിക്കുന്നതിനു വേണ്ട സഹായം ചെയ്തുകൊടുക്കുകയാണെന്ന രീതിയിൽ അഭ്യൂഹം ഉയർന്നിരുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തുകയും ചെയ്തു.ഇതേത്തുടർന്നാണ് താമരശേരി ഡിവൈഎസ്‌പി അഷ്റഫ് തെങ്ങിലകണ്ടിയുടെ നിർദേശപ്രകാരം മുക്കം ഇൻസ്പെക്ടർ കെ.പി.അഭിലാഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണമാരംഭിച്ചത്.