തൊടുപുഴ: കനത്ത മഴയെ തുടർന്ന് മുല്ലപെരിയാറിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. തമിഴ്‌നാടിന് കോടതി അനുവദിച്ച പരാമവാധി റൂൾ ഓഫ് കർവായ 142 അടിയിലാണ് ഇപ്പോഴത്തെ ജലനിരപ്പുള്ളത്. ഇതിനിടെ കേരളത്തിന്റെ ആവശ്യം അവഗണിച്ച്  രാത്രി തമിഴ്‌നാട് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. കേരളത്തിന്റെ ആവശ്യം മുഖവിലയ്ക്ക് എടുക്കാതെയുള്ള ഈ നീക്കത്തിൽ കടുത്ത അതൃപ്തിയാണ് പുകയുന്നത്.

അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തിയതിന് പിന്നാലെ നാലു ഷട്ടറുകൾ കൂടി തുറന്നു. നിലവിൽ ആറു ഷട്ടറുകളാണ് മുപ്പത് സെന്റിമീറ്റർ വീതം ഉയർത്തിയിരിക്കുന്നത്. നേരത്തെ രണ്ടു ഷട്ടറുകൾ ഉയർത്തിയിരുന്നു. പിന്നീട് ചൊവ്വാഴ്ച രാത്രി ഒൻപതുമണിക്ക് ശേഷം നാലു ഷട്ടറുകൾ കൂടി ഉയർത്തുകയായിരുന്നു. വൃഷ്ടി പ്രദേശത്ത് മഴ തുടരുകയും അതേത്തുടർന്ന് നീരൊഴുക്ക് ശക്തമാവുകയും ചെയ്തതോടെയാണ് ജലനിരപ്പ് ഉയർന്നത്.

ചൊവ്വാഴ്ച പുലർച്ചെയാണ് ഷട്ടറുകൾ ഘട്ടംഘട്ടമായി ഉയർത്തുകയും ജലനിരപ്പ് 142 അടിയിലേക്ക് എത്തിക്കുകയും ചെയ്തത്. അതിനു ശേഷം മഴ കുറയുകയും നീരൊഴുക്ക് കുറയുകയും ചെയ്തു. ഇതിനു പിന്നാലെ ഘട്ടം ഘട്ടമായി തമിഴ്‌നാട് ഷട്ടർ താഴ്‌ത്തുകയും ചെയ്തു. എന്നാൽ ജലനിരപ്പ് പിന്നീട് 141.95 അടിയിലേക്ക് എത്തി. ഇതോടെ തുറന്നുവെച്ച ഷട്ടറുകളുടെ എണ്ണം രണ്ടാക്കി ചുരുക്കി. 30 സെന്റിമീറ്റർ മാത്രം ഷട്ടർ ഉയർത്തി ഏകദേശം 500 ഘനയടി വെള്ളം മാത്രമേ പുറത്തേക്ക് ഒഴുക്കിയിരുന്നുള്ളൂ. അതിനു ശേഷമാണ് വീണ്ടും വൃഷ്ടി പ്രദേശത്ത് മഴ പെയ്തത്. ഇതോടെ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. ജലനിരപ്പ് 142 അടിക്കു മുകളിൽ എത്തിയതോടെ, ഒഴുകിയെത്തുന്ന അത്രയും വെള്ളം തമിഴ്‌നാട് പുറത്തേക്ക് ഒഴുക്കുകയായിരുന്നു.

രാത്രികാലത്ത് ഷട്ടർ തുറന്നാൽ കേരളത്തിന് മുന്നൊരുക്കങ്ങൾ സ്വീകരിക്കാൻ പരിമിതികൾ ഉണ്ടാകുമെന്ന് ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ ചൊവ്വാഴ്ച വൈകിട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. അതിനാൽ രാത്രികാലങ്ങളിൽ ഷട്ടറുകൾ തുറക്കരുതെന്ന് തമിഴ്‌നാട് സർക്കാരിനും മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്കും മുൻപിൽ വെക്കുമെന്നും റോഷി പറഞ്ഞിരുന്നു.

എന്നാൽ മണിക്കൂറുകൾക്കു ശേഷം രാത്രിയിൽ തമിഴ്‌നാട് ഷട്ടർ ഉയർത്തുകയായിരുന്നു. പെരിയാറിൽ നിലവിൽ ജലനിരപ്പ് കുറവാണ്. അതുകൊണ്ടുതന്നെ തീരങ്ങളിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാൽ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുകയും ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ചെയ്താൽ വീണ്ടും ഷട്ടറുകൾ ഉയർത്തേണ്ടി വന്നേക്കാം.

രക്ഷാപ്രവർത്തനത്തിന് ദേശീയ ദുരന്തപ്രതികരണ സേന

ജലനിരപ്പ് ഉയർന്ന് പെരിയാറിലേക്ക് വെള്ളം ഒഴുക്കുമ്പോൾ വലിയ തോതിൽ വെള്ളപ്പൊക്കത്തിന് സാധ്യത ഉണ്ടെങ്കിൽ നേരിടാനായി പീരുമേട് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും അഗ്‌നിരക്ഷാ സേനയും ദേശീയ ദുരന്തപ്രതികരണ സേനയും എത്തിയിട്ടുണ്ട്. ക്യാംപുകൾ ആവശ്യമെങ്കിൽ സജ്ജമാക്കുമെന്നും ഇന്നലെ മന്ത്രി അറിയിച്ചിരുന്നു.

ഇതേസമയം, ഇടുക്കി ഡാമിലെ ജലനിരപ്പ് നേരിയ തോതിൽ കൂടുന്നുണ്ട്. 2400.48 അടിയാണു ഇന്നലെ വൈകുന്നേരം 6നു ഇടുക്കിയിലെ ജലനിരപ്പ്. ഇടുക്കിയിൽ നിന്ന് പരമാവധി വെള്ളം മൂലമറ്റം നിലയത്തിൽ വൈദ്യുതി ഉൽപാദനത്തിനായി കൊണ്ടുപോകുന്നു. 2401 അടിയിൽ ഇടുക്കിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കും.

ബലപ്പെടുത്തൽ പൂർത്തിയായാൽ ജലനിരപ്പ് 152 അടി: തമിഴ്‌നാട്

സുപ്രീംകോടതി ഉത്തരവനുസരിച്ച് ശേഷിക്കുന്ന ബലപ്പെടുത്തൽ ജോലികൾ പൂർത്തിയാക്കിയാൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്നു തമിഴ്‌നാട്. ചില തടസ്സങ്ങൾ നിലവിലുണ്ടെങ്കിലും മുഖ്യമന്ത്രിയുമായി ആലോചിച്ചു തുടർനടപടികൾ പൂർത്തിയാക്കുമെന്നു ജലവിഭവ മന്ത്രി എസ്.ദുരൈമുരുഗൻ പറഞ്ഞു. കേന്ദ്ര ജലവിഭവ ബോർഡ് അംഗീകരിച്ചതനുസരിച്ച് 142 അടി വരെ വെള്ളം ശേഖരിച്ചു കഴിഞ്ഞു. കേരളത്തിലെ അധികൃതരെ അറിയിച്ചതിനു ശേഷമേ വെള്ളം തുറന്നു വിടുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.